ഒമാനെ 3.1 ഓവറില്‍ തകർത്ത് ഇംഗ്ലണ്ട്; സൂപ്പർ 8 സാധ്യത നിലനിര്‍ത്തി, ബംഗ്ലാദേശിനു ജയം

ആന്‍റിഗ്വ: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പ് 2024ല്‍ ഒമാനെതിരെ ഇംഗ്ലണ്ടിന് ആധികാരിക വിജയം. സൂപ്പര്‍ എട്ട് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ മികച്ച നെറ്റ് റണ്‍റേറ്റോടെ ഇംഗ്ലണ്ട് 8 വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. ഈ ലോകകപ്പില്‍ മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന്‍റെ ആദ്യ ജയമാണിത്. ഏകപക്ഷീയമായി അവസാനിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 13.2 ഓവറില്‍ 47 റണ്‍സില്‍ പുറത്തായപ്പോള്‍ ഇംഗ്ലണ്ട് 3.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ ജയത്തിലെത്തി. നാല് വിക്കറ്റുമായി ആദില്‍ റഷീദും മൂന്ന് പേരെ വീതം പുറത്താക്കി ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡുമാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്.

ഇംഗ്ലണ്ടിന്‍റെ ബൗളിംഗ് കരുത്തിന് മുന്നില്‍ ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഒമാന് പിടിച്ചുനില്‍ക്കാനായില്ല. 13.2 ഓവറില്‍ ഒമാന്‍ 47 റണ്‍സില്‍ ഓള്‍ഔട്ടായി. 23 പന്തില്‍ 11 റണ്‍സ് നേടിയ ഷൊയൈബ് ഖാന്‍ മാത്രമേ ഒമാന്‍ നിരയില്‍ രണ്ടക്കം കണ്ടുള്ളൂ. പ്രതിക് അഥാവാലെ (3 പന്തില്‍ 5), കശ്യപ് പ്രജാപതി (16 പന്തില്‍ 9), ആഖ്വിബ് ഇല്യാസ് (10 പന്തില്‍ 8), സീഷാന്‍ മഖ്‌സൂദ് (5 പന്തില്‍ 1), ഖാലിദ് കെയ്‌ല്‍ (3 പന്തില്‍ 1), അയാന്‍ ഖാന്‍ (5 പന്തില്‍ 1), മെഹ്‌റാന്‍ ഖാന്‍ (2 പന്തില്‍ 0), ഫയാസ് ബട്ട് (7 പന്തില്‍ 2), കലീമുള്ള (5 പന്തില്‍ 5), ബിലാല്‍ ഖാന്‍ (1 പന്തില്‍ 0*) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോര്‍. ആദില്‍ റഷീദ് നാലോവറില്‍ 11 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആര്‍ച്ചര്‍ 3.2 ഓവറിലും മാര്‍ക് വുഡ് 3 ഓവറിലുമാണ് 12 റണ്‍സിന് മൂന്ന് പേരെ വീതം പറഞ്ഞയച്ചത്.

കുഞ്ഞന്‍ വിജയലക്ഷ്യം എത്രയും വേഗം എത്തിപ്പിടിക്കുക മാത്രമായിരുന്നു മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് മുന്നില്‍ ലക്ഷ്യമായുണ്ടായിരുന്നത്. ഇതോടെ ഫിലിപ് സാള്‍ട്ട്, വില്‍ ജാക്‌സ് എന്നിവരുടെ വിക്കറ്റുകള്‍ നഷ്‌ടമായി. 3 പന്തില്‍ 12 റണ്‍സ് നേടിയ സാള്‍ട്ടിനെ ബിലാല്‍ ഖാന്‍ ബൗള്‍ഡാക്കി. 7 പന്തില്‍ 5 നേടിയ ജാക്‌സിനെ കലീമുള്ള, കശ്യപിന്‍റെ കൈകളില്‍ എത്തിച്ചു. എന്നാല്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലറും (8 പന്തില്‍ 24*), ജോണി ബെയ്‌ര്‍സ്റ്റോയും (2 പന്തില്‍ 8*) ഇംഗ്ലണ്ടിനെ 3.1 ഓവറില്‍ ജയിപ്പിച്ചു. ജയത്തോടെ സൂപ്പർ എട്ടിലെത്താനുള്ള സാധ്യതകൾ ഇംഗ്ലണ്ട് നിലനിർത്തി.

ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലെ നിര്‍ണായക മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ബംഗ്ലാദേശിന് 25 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. ബംഗ്ലാദേശിന്‍റെ 159 റണ്‍സ് പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സിന് നിശ്ചിത 20 ഓവറില്‍ 134-8 എന്ന സ്കോറിലെത്താനെ കഴിഞ്ഞുള്ളൂ. അര്‍ധ സെഞ്ചുറി നേടിയ ഷാക്കിബ് അല്‍ ഹസനാണ് കളിയിലെ താരം. ജയത്തോടെ ബംഗ്ലാദേശ് സൂപ്പര്‍ 8 സാധ്യത സജീവമാക്കി.

മറുപടി ബാറ്റിംഗില്‍ നെതര്‍ലന്‍ഡ്‌സിനായി 22 പന്തില്‍ 33 റണ്‍സ് നേടിയ സൈബ്രാന്‍ഡാണ് ടോപ് സ്കോറര്‍. മൈക്കല്‍ ലെവിറ്റ് 16 പന്തില്‍ 18 ഉം, മാക്‌സ് ഒഡൗഡ് 16 പന്തില്‍ 12 ഉം, വിക്രംജീത് സിംഗ് 16 പന്തില്‍ 26 ഉം, ക്യാപ്റ്റന്‍ സ്കോട് എഡ്‌വേഡ്‌സ് 23 പന്തില്‍ 25 ഉം, ആര്യന്‍ ദത്ത് 12 പന്തില്‍ 15 ഉം റണ്‍സ് നേടി. ബാസ് ഡി ലീഡ് പൂജ്യത്തിനും ലോഗന്‍ വാന്‍ ബീക്ക് രണ്ടിനും ടിം പ്രിങ്കിള്‍ ഒന്നിനും പുറത്തായി. മൂന്ന് വിക്കറ്റുമായി റിഷാദ് ഹൊസൈനും രണ്ട് വിക്കറ്റുമായി ടസ്‌കിന്‍ അഹമ്മദും ഓരോരുത്തരെ മടക്കി മുസ്‌താഫിസൂര്‍ റഹ്‌മാനും തന്‍സീം ഹസനും മഹമ്മദുള്ളയും തിളങ്ങി.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റിന് 159 റണ്‍സാണ് എടുത്തത്. കിംഗ്‌സ്‌ടൗണില്‍ മോശം തുടക്കമാണ് ബംഗ്ലാദേശിന് കിട്ടിയത്. ഓരോ ഓവറുകളുടെ ഇടയില്‍ ക്യാപ്റ്റന്‍ നജ്‌മുല്‍ ഹൊസൈന്‍ ഷാന്‍റോയെയും, വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസിനെയും മടക്കി നെതര്‍ലന്‍ഡ്‌സ് സ്‌പിന്നര്‍ ആര്യന്‍ ദത്താണ് ബംഗ്ലാ കടുവകള്‍ക്ക് ഭീഷണിയായത്. ഓപ്പണര്‍ കൂടിയായ ഷാന്‍റോ മൂന്ന് പന്തുകളിലും വണ്‍ഡൗണ്‍ പ്ലെയര്‍ ലിറ്റണ്‍ രണ്ട് ബോളുകളിലും ഓരോ റണ്‍സ് വീതമേ നേടിയുള്ളൂ. ഇതോടെ തുടക്കം നിറംമങ്ങിയ 3.1 ഓവറില്‍ ബംഗ്ലാദേശ് 23-2 എന്ന നിലയിലായി. എന്നാല്‍ നാലാമനായിറങ്ങിയ ഷാക്കിബ് അല്‍ ഹസനൊപ്പം ഓപ്പണര്‍ തന്‍സീദ് ഹസന്‍ ബംഗ്ലാദേശിനെ പവര്‍പ്ലേയില്‍ 54 എന്ന റണ്‍സിലെത്തിച്ചു.

സിക‌്‌സറിന് ശ്രമിച്ച തന്‍സീദിനെ 9-ാം ഓവറില്‍ പേസര്‍ പോള്‍ വാന്‍ മീകെരന്‍ പറഞ്ഞയച്ചതോടെ ബംഗ്ലാദേശ് 71-3. മൂന്നാം വിക്കറ്റില്‍ 48 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ബംഗ്ലാ സ്കോര്‍ 76-3. 13-ാം ഓവറില്‍ തൗഹിദ് ഹൃദോയിയെ (15 പന്തില്‍ 9) ബൗള്‍ഡാക്കി സ്‌പിന്നര്‍ ടിം പ്രിങ്കിള്‍ അടുത്ത പ്രഹരം നല്‍കി. 14-ാം ഓവറില്‍ ഷാക്കിബ്, മഹമ്മദുള്ള സഖ്യം ബംഗ്ലാദേശിനെ 100 കടത്തി. 18-ാം ഓവറില്‍ പോളിനെ പറത്താന്‍ ശ്രമിച്ച് മഹമ്മദുള്ള (21 പന്തില്‍ 25) വീണു. അവസാന ഓവറില്‍ ബംഗ്ലാദേശിനെ ഷാക്കിബ് 150 കടത്തി. 46 പന്തില്‍ 64* റണ്‍സുമായി ഷാക്കിബ് അല്‍ ഹസനും, 7 പന്തില്‍ 14* റണ്‍സുമായി ജാക്കര്‍ അലിയും പുറത്താവാതെ നിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News