ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ഒരാളെ എന്‍ഐഎ പിടികൂടി. കര്‍ണാടക സ്വദേശി മുസമ്മില്‍ ഷരീഫിനെയാണ് സ്‌ഫോടനം നടന്ന് 28 ദിവസത്തിനു ശേഷം അറസ്റ്റ് ചെയ്തത്. ഇയാളാണ് മുഖ്യ ആസൂത്രകനെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ വ്യാപക റെയ്ഡ് നടന്നതിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായത്.
കഫേയില്‍ ബോംബ് വച്ചയാളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. മുസാഫില്‍ ഷസീബ് ഹുസൈന്‍ എന്നയാളാണു ബോംബ് വച്ചത്. അബ്ദുല്‍ മദീന്‍ താഹ എന്നയാള്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. താഹയ്ക്കും ഹുസൈനും വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഇവരുടെ വീടുകളിലും ഇവരുമായി ബന്ധമുള്ള വിവിധ വ്യക്തികളുടെ സ്ഥാപനങ്ങളിലും എന്‍ഐഎ പരിശോധന നടത്തി.
മാര്‍ച്ച് ഒന്നിനാണ് ബെംഗളൂരു ബ്രൂക് ഫീല്‍ഡിലുള്ള രാമേശ്വരം കഫേയില്‍ ഐഇഡി ബോംബ് പൊട്ടിത്തെറിച്ച് 10 പേര്‍ക്കു പരുക്കേറ്റത്. ഭക്ഷണം കഴിക്കാനെന്ന വ്യാജേനെയെത്തിയ യുവാവ് ശുചിമുറിക്കു സമീപം ബോംബ് അടങ്ങിയ ബാഗ് ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. സംഭവം നടന്ന് മൂന്നാം ദിവസമാണ് എന്‍ഐഎ അന്വേഷണം ഏറ്റെടുത്തത്.