CrimeKeralaNews

നെയ്യാറ്റിന്‍കര കൊലപാതകം: 4 പേർ പിടിയിൽ, ഒന്നാംപ്രതി ഒരാഴ്ച മുന്‍പ് ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയാൾ

നെയ്യാറ്റിന്‍കര: തിരുവനന്തപുരം കൊടങ്ങാവിളയില്‍ യുവാവിനെ കാറിലെത്തിയ സംഘം മര്‍ദിച്ചും കുത്തിയും കൊലപ്പെടുത്തിയ സംഭവത്തിലെ നാല് പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. ഒന്നാം പ്രതി ജിബിന്‍ ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ആദിത്യന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ഊരൂട്ടുകാല, ഖാദി ബോര്‍ഡ് ഓഫീസിന് സമീപം ചരല്‍കല്ലുവിള വീട്ടില്‍ ഷണ്‍മുഖന്‍ ആശാരിയുടെയും രാജലക്ഷ്മിയുടെയും മകന്‍ ആദിത്യന്‍(23) ആണ് കൊല്ലപ്പെട്ടത്. ഒന്നാം പ്രതി വെണ്‍പകല്‍ പട്ട്യക്കാല പട്ട്യക്കാലപുത്തന്‍വീട് ജെ.എസ്. ഭവനില്‍ ജെ.എസ്. ജിബിന്‍(25), നെല്ലിമൂട് പെരുങ്ങോട്ടുകോണം കണ്ണറവിളയില്‍ മനോജ്(19), ചൊവ്വര ചപ്പാത്ത് ബഥേല്‍ ഭവനില്‍ അഭിജിത്ത്(18), കാഞ്ഞിരംകുളം കഴിവൂര്‍ പെരുന്താന്നി പ്ലാവിളപുത്തന്‍വീട്ടില്‍ രഞ്ജിത്(23) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതിയായ ജിബിന്‍ പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട് ഒരാഴ്ച മുന്‍പ് ജയില്‍ മോചിതനായതെയുള്ളൂ.

ബുധനാഴ്ച രാത്രി എട്ടു മണിയോടെ കൊടങ്ങാവിള കവലയ്ക്ക് സമീപംവെച്ചാണ് ആദിത്യന്‍ കൊല്ലപ്പെട്ടത്. സംഭവത്തെ കുറിച്ച് പോലീസ് നല്‍കുന്ന വിവരമിങ്ങനെയാണ്. ആദിത്യന്‍ നേരത്തെ പട്ട്യക്കാലയ്ക്ക് സമീപം പപ്പടക്കടയില്‍ ജോലി നോക്കിയിരുന്നു. ഇവിടെവെച്ച് ആദിത്യന് ജിബിനുമായി പരിചയമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ പണമിടപാട് ഉണ്ടായിരുന്നു.

അമരവിളയിലെ സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായ ആദിത്യന്‍ ബൈക്കിന്റെ രേഖകള്‍ കൈമാറി പണം വാങ്ങിയിരുന്നു. ഈ പണമിടപാട് സംബന്ധിച്ച് ആദിത്യനും, ജിബിനുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ജിബിനും സുഹൃത്തുക്കളും ആദിത്യനെ മര്‍ദ്ദിച്ചു. ഇതിന് ശേഷം ജിബിന്‍ അമ്മയെ കൊണ്ട് ഒരു പരാതി നെയ്യാറ്റിന്‍കര പോലീസില്‍ നല്‍കി. ഈ വിഷയത്തില്‍ നെയ്യാറ്റിന്‍കര പോലീസില്‍ ആദിത്യന്‍ ഹാജരായെങ്കിലും പരാതിപ്പെട്ടവര്‍ എത്തിയില്ല.

ഇതിന് ശേഷമാണ് ജിബിന്‍ കാര്യങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് ആദിത്യനെ ഫോണ്‍വിളിച്ചറിയിച്ചത്. ജിബിനെ കാണാന്‍ ബൈക്കിലെത്തുമ്പോഴാണ് കൊടങ്ങാവിളവെച്ച് അക്രമിസംഘം മര്‍ദ്ദിച്ചും കുത്തിയും ആദിത്യനെ കൊലപ്പെടുത്തിയത്. ആദിത്യന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു. അറസ്റ്റിലായ പ്രതികളുമായി പോലീസ് കൊടങ്ങാവിളയിലെത്തി തെളിവെടുത്തു.

അക്രമിസംഘം വാടകയ്ക്ക് എടുത്ത് സഞ്ചരിച്ച കാറിന്റെ ഉടമയായ ഓലത്താന്നി കടവട്ടാരം പാതിരിശേരി വീട്ടില്‍ അച്ചു, കേസില്‍ പ്രതിയാകുമെന്ന ആശങ്കയില്‍ അച്ഛന്‍ ജീവനൊടുക്കി. അച്ചുവിന്റെ അച്ഛന്‍ സുരേശനാണ്(64) മകന്‍ കേസില്‍ പ്രതിയാകുമെന്നറിഞ്ഞ്
ജീവനൊടുക്കിയത്. അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പുറകിലെ ഷെഡില്‍ വ്യാഴാഴ്ച പുലര്‍ച്ചെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സുരേശന്റെ ഭാര്യ:അജിത. മീനു മകളാണ്. സുരേശന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അച്ചുവിന്റെ കാര്‍ പ്രതികള്‍ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുകയായിരുന്നു. ഈ സംഭവത്തില്‍ അച്ചുവിനെ പോലീസ് പ്രതി ചേര്‍ത്തിട്ടില്ല. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker