റെയ്ഡിന് പിന്നാലെ വൻ സംഘർഷം; ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ; എം.എ. ബേബി കസ്റ്റഡിയിൽ

തിരുവനന്തപുരം: പിണറായി വിജയന്റെ, ബേക്കറി ജംക്‌ഷനിലെ വീട്ടില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് പൂർത്തിയായതിനു പിന്നാലെ സംഘർഷം.  ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്കു നേരേ സിപിഎം പ്രവർത്തകർ കല്ലുകളും കുപ്പികളും വലിച്ചെറിഞ്ഞു. മൂന്നു വാഹനങ്ങൾ തകർത്തു. മറ്റു വാഹനങ്ങളുടെ ചില്ലുകൾ തകർന്നിട്ടുണ്ട്. ഒരു കാറിന്റെ ഡ്രൈവർക്കു പരുക്കേറ്റിട്ടുണ്ട്. വീടിനു പുറത്തുണ്ടായിരുന്ന പൊലീസുകാരുടെ ഹെല്‍മറ്റുകൾ പിടിച്ചുവാങ്ങിയ പ്രവർത്തകർ അവ വീട്ടുമുറ്റത്തുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന്മാര്‍ക്കു നേരെ വലിച്ചെറിയുകയും ചെയ്തു.

സ്വന്തം പാർട്ടിക്കാരല്ലാത്തവർക്കു നേരെ ഇഡിയുടെ പരിശോധന നടന്നോട്ടെ എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് പിണറായി വിജയൻ പ്രതികരിച്ചു. ‘റെയ്ഡ് നടത്തി തളർത്തിക്കളയാമെന്ന് കരുതണ്ട. എല്ലാ കാലത്തും പാർട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. അതിന് ഒരു കുറവുമില്ലെന്നതിന്റെ തെളിവാണ് ഇന്നു കണ്ടത്. ഏറെ കാര്യങ്ങൾ പറയാനുണ്ട്. എന്നാൽ അത് പിന്നീട് പറയാം’ – പിണറായി വിജയൻ പറഞ്ഞു. പിണറായിയുടെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ നടന്ന റെയ്ഡുകളിൽ പ്രതിഷേധിച്ച് ഡൽഹി ഇ.ഡി ആസ്ഥാനത്തേക്കു സിപിഎം നടത്തിയ മാർച്ചിനിടെ പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംക്‌ഷനിലെ വാടക വീട്ടിലും മരുമകനും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ട് കോട്ടുളിയിലെ വീട്ടിലും അടക്കം 12 ഇടത്താണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) രാവിലെ പരിശോധന ആരംഭിച്ചത്. കേരളത്തിൽ പത്തിട‌ത്തും കേരളത്തിനു പുറത്ത് രണ്ടിടത്തുമാണ് റെയ്ഡ്. ഇന്നു പുലർച്ചെ കനത്ത സുരക്ഷയോടെയാണ് ഇ.ഡി സംഘം പിണറായിയുടെ വീട്ടിലെത്തിയത്.

കണ്ണൂരിലെ വീട്ടിൽ രാവിലെ ആറുമണിയോടെയാണ് പരിശോധനാ സംഘമെത്തിയത്. കണ്ണൂരിലെയും കോഴിക്കോട്ടെയും റെയ്ഡ് പൂർത്തിയായി. ബേക്കറി ജംക്‌ഷനിലെ വീട്ടിൽ പിണറായി വിജയനും മകൾ വീണയുമുണ്ട്. ഇ.ഡി സംഘം വീണ വിജയന്റെ മൊഴിയെടുത്തതായാണ് റിപ്പോർട്ടുകൾ. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട്ടിലും ഇ.ഡി സംഘമെത്തി റെയ്ഡ് നടത്തുന്നുണ്ട്. ഇ.ഡിക്കും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കുമെതിരെ സിപിഎം നേതാക്കൾ പ്രസ്താവനയുമായി രംഗത്തെത്തി.

മാസപ്പടി കേസില്‍ ഇ.ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് നടപടി. പിണറായി വിജയൻ, അദ്ദേഹത്തിന്റെ മകൾ വീണ വിജയൻ എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. വ്യാജ ചെലവുകളുടെ മറവിൽ സിഎംആർഎൽ കമ്പനിയിൽ നിന്ന് വിവിധ വ്യക്തികൾക്ക് കോടിക്കണക്കിന് രൂപ ഫണ്ടായി വകമാറ്റി നൽകിയെന്നാണ് കേസ്. ഇത്തരത്തിൽ നിയമവിരുദ്ധമായി പണം കൈപ്പറ്റിയ പ്രധാന ഗുണഭോക്താക്കളിൽ ഒരാൾ മുൻ മുഖ്യമന്ത്രി വിജയന്റെ മകൾ വീണ വിജയനാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇ.ഡി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News