32.1 C
Kottayam
Wednesday, May 1, 2024

രാജ് കുന്ദ്രയുടെ 97.79 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി;ശിൽപ ഷെട്ടിയുടെ ജുഹുവിലെ ഫ്ലാറ്റും

Must read

മുംബൈ: നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ 97.79 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ബിറ്റ്‌കോയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണു നടപടി. ജുഹുവില്‍ ശില്‍പ ഷെട്ടിയുടെ പേരിലുള്ള ഫ്‌ലാറ്റ് ഉള്‍പ്പെടെയുള്ള സ്ഥാവരജംഗമ വസ്തുക്കളാണു കണ്ടുകെട്ടിയത്.

പുണെയിലെ ബംഗ്ലാവ്, രാജ് കുന്ദ്രയുടെ പേരിലുള്ള ഓഹരികള്‍ തുടങ്ങിയവയും ഇ.ഡി കണ്ടുകെട്ടിയെന്നാണു റിപ്പോര്‍ട്ട്. വ്യാജവാഗ്ദാനം നല്‍കിയ രാജ് കുന്ദ്ര 2017ല്‍ 6,600 കോടി രൂപ മൂല്യമുള്ള ബിറ്റ്‌കോയിനുകള്‍ ശേഖരിച്ചെന്നാണ് ആരോപണം. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണു ഇ.ഡി അന്വേഷണം ആരംഭിച്ചത്. വേരിയബിള്‍ ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണു ബിറ്റ്‌കോയിന്‍ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

പ്രതിമാസം 10 ശതമാനം ലാഭം വാഗ്ദാനം ചെയ്താണു നിക്ഷേപകരില്‍നിന്നു പണം സ്വരൂപിച്ചത്. ബിറ്റ് കോയിനുകളില്‍ 285 എണ്ണം രാജ് കുന്ദ്രയ്ക്കു മാത്രം ലഭിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. വിപണിയില്‍ ഇതിന് നിലവില്‍ 150 കോടിയോളം രൂപയുടെ മൂല്യമുണ്ട്.

കേസില്‍ സിംപി ഭരദ്വാജ്, നിതിന്‍ ഗൗര്‍, നിഖില്‍ മഹാജന്‍ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മുഖ്യപ്രതികളായ അജയ് ഭരദ്വാജ്, മഹേന്ദ്ര ഭരദ്വാജ് എന്നിവര്‍ ഒളിവിലാണെന്ന് ഇ.ഡി പറഞ്ഞു. നീലച്ചിത്ര നിര്‍മാണവും വിതരണവുമായി ബന്ധപ്പെട്ട് 2021 ജൂലൈയില്‍ കുന്ദ്രയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week