കൊൽക്കത്ത: പശ്ചിമബംഗാൾ മുൻമന്ത്രിയും ടിഎംസി നേതാവുമായ സുജിത് ബോസിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. മുൻസിപ്പാലിറ്റി റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് നടപടി. തിങ്കളാഴ്ച രാവിലെ സുജിത്തിനെയും മകൻ സമുദ്രയേയും ഇഡി ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയിരുന്നു.
ഇക്കഴിഞ്ഞ മമതാസർക്കാരിലെ ഫയർ ആൻഡ് എമർജൻസി സർവീസ് വകുപ്പുമന്ത്രിയായിരുന്നു സുജിത്. സൗത്ത് ദം ദം മുൻസിപ്പാലിറ്റിക്ക് കീഴിലുള്ള വിവിധ തസ്തികകളിലേക്ക് 150-ലേറെ ആളുകളെ നിയമവിരുദ്ധമായി ശുപാർശ ചെയ്യുകയും അതിലൂടെ സുജിത് സാമ്പിത്തിക ലാഭമുണ്ടാക്കിയെന്നും കണ്ടെത്തിയതായി അറസ്റ്റിന് പിന്നാലെ ഇഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
സുജിത്തുമായി ബന്ധമുള്ള ബാങ്ക് അക്കൗണ്ടുകളിൽ വൻതുക നിക്ഷേപമുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇഡി അറിയിച്ചു. ചൊവ്വാഴ്ച രാവിലെ സുജിത്തിനെ കോടതിയിൽ ഹാജരാക്കും. ഏഴുമണിക്കൂറിലധികം ചോദ്യംചെയ്ത ശേഷമായിരുന്നു സുജിത്തിന്റെ അറസ്റ്റ്. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ടിഎംസി കനത്തപരാജയം നേരിടുകയും ബിജെപി അധികാരത്തിലെത്തുകയും ചെയ്തതിന് ശേഷമുള്ള ഹൈ പ്രൊഫൈൽ അറസ്റ്റ് ആണ് സുജിത്തിന്റേത്.
2009-ലെ ഉപതിരഞ്ഞെടുപ്പു മുതൽ ബിധാൻനഗർ മണ്ഡലത്തിൽനിന്നുള്ള എംഎൽഎ ആയിരുന്നു സുജിത്. എന്നാൽ ഇത്തവണ ബിജെപിയുടെ ശാരദ്വത് മുഖർജിയോട് പരാജയപ്പെടുകയായിരുന്നു.


