തിരുവനന്തപുരം: കിഫ്ബിക്ക് വീണ്ടും നോട്ടീസ് അയയ്ക്കനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുക. കിഫ്ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമാകില്ലെന്ന് ഇഡി വൃത്തങ്ങള്‍ പറയുന്നു.
കിഫ്ബി സിഇഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കാനാണ് ഇഡിയുടെ തീരുമാനം. ഇഡിയുടെ സമന്‍സിന് അര്‍ധ ജുഡീഷല്‍ അധികാരം ഉണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.കിഫ്ബിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. കേന്ദ്രാനുമതിയില്ലാതെ കിഫ്ബി മസാല ബോണ്ട് ഇറക്കി വിദേശഫണ്ട് സ്വീകരിച്ചതിനായിരുന്നു കേസ്.
അതേസമയം കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തില്‍ ഇടപെടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. അന്വേഷണം നടക്കുന്ന കേസുകളില്‍ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി ഇടപെടാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുനില്‍ അറോറ ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ രാഷ്ട്രീയ താല്‍പര്യപ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതെന്ന ഗുരുതരമായ ആരോപണങ്ങള്‍ അടക്കം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചിരുന്നു. ഇതും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തള്ളി.
കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.കേന്ദ്രധനമന്ത്രി കേരളത്തില്‍ പ്രചാരണത്തിനെത്തി അടിസ്ഥാന രഹിതമായ ആരോണങ്ങള്‍ ഉന്നയിച്ചു. പിന്നീട് അവര്‍ കിഫ്ബിക്കെതിരെ പ്രസംഗിച്ചു. അതൊന്നും ജനം മുഖവിലയ്ക്ക് എടുക്കാതിരുന്നപ്പോള്‍ കിഫ്ബിക്കെതിരെ ഇഡിയെ ഇറക്കി കളിക്കുകയാണ് കേന്ദ്രധനമന്ത്രിയും ബിജെപിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി കിഫ്ബി ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ വളരെ മോശം പെരുമാറ്റമാണ് ഇഡി ഉദ്യോഗസ്ഥരില്‍ നിന്നുമുണ്ടായത്. സ്ത്രീകളടക്കമുള്ള കിഫ്ബി ഉദ്യോഗസ്ഥര്‍ക്ക് മോശമായ പെരുമാറ്റമാണ് നേരിടേണ്ടി വന്നതെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിയെ പിന്തുണച്ച് കൊണ്ടാണ് കേരളത്തില്‍ പ്രതിപക്ഷം വിവാദങ്ങള്‍ ഏറ്റുപിടിക്കുന്നത്. ജയിച്ചാലും തോറ്റാലും കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ ചേരുന്ന അവസ്ഥയാണ്. വിവാദങ്ങളുടെ വ്യാപാരികളായി പ്രതിപക്ഷം മാറി. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഏറ്റവും കൂടുതല്‍ ഉന്നയിച്ചയാളെന്ന ബഹുമതി ചെന്നിത്തലയ്ക്കാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.