കോട്ടയം: മുണ്ടക്കയം ബീവറേജസ് കോര്‍പറേഷന്‍ വില്‍പനശാലയില്‍ നിന്ന് ലോക്ഡൗണിനിടെ ജീവനക്കാര്‍ കടത്തിയത് ആയിരം ലീറ്ററില്‍ അധികം മദ്യം. പ്രാഥമിക അന്വേഷണത്തിലാണ് വ്യാപക തിരിമറി കണ്ടെത്തിയത്. സംഭവത്തില്‍ എക്‌സൈസ് കേസെടുത്തു.
ബീവറേജസ് കോര്‍പ്പറേഷന്‍ ഓഡിറ്റ് വിഭാഗവും എക്‌സൈസും ചേര്‍ന്ന് സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് ജീവനക്കാരുടെ വെട്ടിപ്പ് പുറത്തായത്. ഔട്ട്ലെറ്റില്‍ നിന്നു സമീപത്തെ റബര്‍തോട്ടത്തിലേക്കാണ് ജീവനക്കാര്‍ കുപ്പികള്‍ മാറ്റിയിരുന്നത്. ഇവിടെനിന്നു പിന്നീട് വാഹനത്തില്‍ കയറ്റികൊണ്ടുപോകുകയായിരുന്നു.
പ്രാഥമിക പരിശോധനയില്‍ ചുരുങ്ങിയത് ആയിരം ലിറ്റര്‍ മദ്യത്തിന്റെ കുറവ് കണ്ടെത്തി. സ്റ്റോക്കില്‍ പത്ത് ലക്ഷത്തിലധികം രൂപയുടെ കുറവുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി.
രണ്ടാം കൊവിഡ് തരംഗത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യപിച്ചപ്പോഴാണ് മുണ്ടക്കയത്തെ ഔട്ട്ലെറ്റില്‍ നിന്ന് ജീവനക്കാര്‍ മദ്യം കടത്തിയത്. വെട്ടിപ്പ് പിടികൂടിയതില്‍ നിര്‍ണായകമായത് എക്‌സൈസിനു ലഭിച്ച രഹസ്യവിവരമാണ്.
സംഭവത്തെ തുടര്‍ന്ന് ഔട്ട്ലെറ്റ് സീല്‍ ചെയ്ത് ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തിരുന്നു. കോട്ടയം അയര്‍ക്കുന്നത്തെ വെയര്‍ഹൗസില്‍ നിന്ന് ഔട്ട്ലെറ്റിലേക്ക് അയച്ച മദ്യത്തിന്റെ കണക്കും ശേഖരിക്കും. ഇതിലൂടെ കടത്തിയ മദ്യത്തിന്റെ കൃത്യമായ കണക്ക് ലഭിക്കും. ഈ പരിശോധന തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും. ജില്ലയിലെ മറ്റ് ബീവറേജസ് ഔട്ട്ലെറ്റുകളിലും വരും ദിവസങ്ങളില്‍ പരിശോധന നടത്തും.