KeralaNews

കൊവിഡ് 19 യാത്രകള്‍ക്ക് ഏറ്റവും അനുയോജ്യം ഓട്ടോറിക്ഷകളെന്ന് പഠനം

കൊച്ചി: കൊവിഡ് 19 വ്യാപനം മൂലം ഏറ്റവുമധികം തകര്‍ച്ച നേരിട്ട മേഖലയാണ് പൊതുഗതാഗതം. ഒപ്പം ഓട്ടോ ടാക്സി മേഖലകളും വലിയ തകര്‍ച്ച നേരിട്ടു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും പൊതുഗതാഗത മേഖലയ്ക്കുമൊക്കെ അല്‍പ്പം ആശ്വാസം നല്‍കിക്കൊണ്ട് ഒരു പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. കൊവിഡ് വ്യാപനം ഏറ്റവും കുറവുള്ള പൊതുഗതാഗത മാര്‍ഗങ്ങളില്‍ മുന്നില്‍ ഓട്ടോറിക്ഷകള്‍ ആണെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മെരിലാന്‍ഡിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല (ജെഎച്ച്യു) യുടെ പഠന റിപ്പോര്‍ട്ടിനെ ഉദ്ദരിച്ചാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അടച്ചു പൂട്ടിയ ഒരു എയര്‍കണ്ടീഷന്‍ഡ് കാറില്‍ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് ഒരു ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന ഒരാളേക്കാള്‍ രോഗം പകരാനുള്ള സാധ്യത 300 മടങ്ങ് കൂടുതലാണെന്നാണ് പഠനം പറയുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എയര്‍ കണ്ടീഷനിംഗ് ഓണായിരിക്കുന്ന അടച്ചുമൂടിയ വാഹനങ്ങളേക്കാള്‍ വിന്‍ഡോകള്‍ മടക്കിവച്ച നോണ്‍ എസി ടാക്‌സിയില്‍ അണുബാധ പിടിക്കാനുള്ള സാധ്യത 250 ശതമാനം കുറവാണെന്നും പഠനം പറയുന്നു. മാത്രമല്ല വാഹനത്തിന്റെ വേഗം കൂടുമ്പോള്‍ വായുസഞ്ചാരം വര്‍ധിച്ച് വൈറസിന്റെ പകര്‍ച്ച സാധ്യത 75 ശതമാനത്തോളം കുറയുമെന്നും കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വാഹനത്തിന്റെ വേഗത പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 120 കിലോമീറ്ററായി ഉയരുമ്പോള്‍ ഏസി ഉള്ളതും ഇല്ലാത്തതുമായ ടാക്സികളിലെയും അപകടസാധ്യത 75% കുറയുമെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്. ഇന്ത്യയിലെ ഓട്ടോറിക്ഷ, കാര്‍ (നോണ്‍ എസി), ബസ്, കാര്‍ (എസി) തുടങ്ങിയ വാഹനങ്ങളില്‍ ജെഎച്ച്യുവിലെ ദര്‍പന്‍ ദാസും പരിസ്ഥിതി ആരോഗ്യ, എന്‍ജിനിയറിങ് വകുപ്പ് പ്രൊഫസറായ ഗുരുമൂര്‍ത്തി രാമചന്ദ്രനും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യാത്രകള്‍ നടത്തിയ ശേഷം പുറത്തുവിട്ടതാണ് ഈ പഠന റിപ്പോര്‍ട്ട്.

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയ്ക്ക് ഒപ്പം ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, പരിസ്ഥിതി ആരോഗ്യ, എന്‍ജിനിയറിങ് വകുപ്പ് എന്നിവരും ഈ പഠനങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു. ‘കൊവിഡ് -19 പാന്‍ഡെമിക് സമയത്ത് ഇന്ത്യയിലെ വിവിധ ഗതാഗത വാഹനങ്ങളുടെ അപകടസാധ്യത വിശകലനം’ എന്ന പഠനറിപ്പോര്‍ട്ട് ജേണല്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker