കൊച്ചി: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് റോഡിൽ കിടന്ന യുവാവിന് വഴിവക്കിൽ അടിയന്തര ശസ്ത്രക്രിയ നടത്തി ജീവൻ രക്ഷിച്ച് ഡോക്ടർമാർ. എറണാകുളം ഇന്ദിര ഗാന്ധി ഹോസ്പിറ്റലിലെ ഡോ. തോമസ് പീറ്റർ, ഭാര്യ ഡോ. ദിദിയ, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോവാസ്‌കുലർ തൊറാസിക് സർജൻ ഡോ. മനൂപ് എന്നിവർ ചേർന്നാണ് റോഡിൽവെച്ച് യുവാവിന്അടിയന്തര വൈദ്യസഹായം നൽകിയത്. ആ സമയം ലഭ്യമായ റേസർ ബ്ലേഡും സ്‌ട്രോയും ഉപയോഗിച്ച് ശ്വാസനാളം തുറന്നാണ് ഡോക്ടർമാരുടെ സംഘം യുവാവിന്റെ ജീവൻ രക്ഷിച്ചത്. തുടർന്ന് യുവാവിനെ വൈറ്റില വെൽകെയർ ആശുപത്രിയിൽ എത്തിക്കുകയുംചെയ്തു.
ഞായറാഴ്ച രാത്രി എട്ടരയോടെ എറണാകുളം ഉദയംപേരൂർ വലിയംകുളത്താണ് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റത്. ഇതിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ ലിനീഷിനാണ് ഡോക്ടർമാർ അടിയന്തര വൈദ്യസഹായം നൽകിയത്. സാധാരണയായി ആശുപത്രികളിലെ എമർജൻസി റൂമുകളിൽ ജീവൻ രക്ഷിക്കാനായി ചെയ്യുന്ന ‘ സർജിക്കൽ ക്രിക്കോതൈറോട്ടോമി’ എന്ന അടിയന്തര ചികിത്സയാണ് ഡോക്ടർമാർ നാട്ടുകാരുടേയും പോലീസിന്റേയും സഹായത്തോടെ ചെയ്തത്.
അപകടത്തിൽപ്പെട്ട യുവാവിന്റെ മൂക്കും പല്ലും തകർന്ന് രക്തം കട്ടപിടിച്ച് ശ്വാസനാളം അടഞ്ഞ നിലയിലായിരുന്നു. ശ്വാസം എടുക്കാൻ കഴിയാതെ ‘റെസ്പിറേറ്ററി അറസ്റ്റ്’ എന്ന അവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ സമയം ഇല്ലാത്തതിനാൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് ശ്വാസനാളം തുറക്കാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. നാട്ടുകാരും പോലീസും വാങ്ങി നൽകിയ ഒരു റേസർ ബ്ലേഡും ശീതള പാനീയങ്ങൾ കുടിക്കാനുപയോഗിക്കുന്ന സ്‌ട്രോയും ഉപയോഗിച്ചായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
സംഭവത്തെക്കുറിച്ച് എറണാകുളം ഇന്ദിര ഗാന്ധി ഹോസ്പിറ്റലിലെ ഡോക്ടർമാരായ തോമസ് പീറ്ററും ദിദിയയും പറയുന്നത് ഇങ്ങനെ:
”കുടുംബത്തോടൊപ്പം അമ്മയുടെ വീട്ടിൽ പോയിട്ട് വരുന്ന വഴിക്കാണ് ഒരു ബ്ലോക്ക് കണ്ടത്. വണ്ടി നിർത്തി നോക്കുമ്പോഴേക്കും മേജർ ആക്‌സിഡന്റാണെന്ന് മനസിലായി. ആൾക്കൂട്ടം കണ്ട് പോയി നോക്കുമ്പോൾ അപകടത്തിൽപ്പെട്ട ഒരാൾ റോഡരികിൽ കിടപ്പുണ്ടായിരുന്നു.
ആളുടെ തലയിടിച്ചിട്ട് ചോര വരുന്നുണ്ടായിരുന്നു. പക്ഷേ, അയാൾ സംസാരിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആളുടെ ശ്വാസകോശത്തിന് പ്രശ്‌നം ഉണ്ടാവാനുള്ള സാധ്യത കുറവാണെന്ന് മനസ്സിലായി. അപ്പോഴാണ് തൊട്ടടുത്ത് മറ്റൊരു ആൾക്കൂട്ടം കൂടെ കണ്ടത്. നോക്കുമ്പോൾ അയാളുടെ മുഖത്തിന് നല്ല രീതിയിൽ പരിക്ക് പറ്റുകയും ചോരയും മണ്ണുമൊക്കെ ആയ അവസ്ഥയിലായിരുന്നു. അയാളുടെ കഴുത്ത് വേറൊരാൾ പിടിച്ചിട്ടുണ്ടായിരുന്നു. ഒരു മെഡിക്കൽ പ്രൊഫഷണൽ ചെയ്യുന്ന രീതിയിലാണ് അദ്ദേഹം പരിക്കേറ്റയാളുടെ കഴുത്ത് ഹോൾഡ് ചെയ്തിരുന്നത്. അത് കണ്ടപ്പോൾ അദ്ദേഹത്തോട് വിവരം തിരക്കി. അപ്പോഴാണ് അദ്ദേഹവും ഡോക്ടറാണെന്നും മനൂപ് എന്നാണ് പേരെന്നും കോട്ടയം മെഡിക്കൽ കോളേജിലാണ് ജോലിചെയ്യുന്നതെന്നും അറിഞ്ഞത്.
അദ്ദേഹവും ഞങ്ങളെപ്പോലെ ആൾക്കൂട്ടം കണ്ട് വണ്ടി നിർത്തി ഇറങ്ങിയതായിരുന്നു. അപ്പോഴേക്കും പരിക്കേറ്റയാൾക്ക് ശ്വാസമെടുക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളും ഡോക്ടർമാർ ആണെന്ന് അറിഞ്ഞതോടെ ആളെ ഇങ്ങനെ വെച്ചുകൊണ്ടിരുന്നാൽ കിട്ടില്ല, നമുക്കൊന്ന് ട്രൈ ചെയ്തു നോക്കാമെന്ന് ആ ഡോക്ടർ പറയുകയായിരുന്നു. ഒരു ശ്വാസകോശത്തിന് ഉള്ളിലേക്ക് ഒരു സ്‌ട്രോ വെച്ച് നമുക്ക് ട്രൈ ചെയ്തു നോക്കാം എന്ന് അദ്ദേഹമാണ് പറഞ്ഞത്. അങ്ങനെ അടുത്തുള്ള ആൾക്കാരോട് ബ്ലേഡ് കിട്ടുമോയെന്ന് ചോദിച്ചു. ഒരു സാധാ റേസറും പേപ്പർ സ്‌ട്രോയുമാണ് കിട്ടിയത്. അത് വെച്ച് ഒന്ന് ട്രൈ ചെയ്തു നോക്കാമെന്ന് തീരുമാനിച്ചു. പേപ്പർ സ്‌ട്രോ ഇത്തിരി പാടാണ്. അപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന ആരോ ഫ്രൂട്ടിയുടെ സ്‌ട്രോ കൊണ്ട് തന്നു. അത് വെച്ച് നമ്മൾ അത് റീപ്ലേസ് ചെയ്തു. ജീവൻ നിലനിർത്താൻ എന്താണോ ചെയ്യാൻ പറ്റുന്നത് അത് ചെയ്‌തോളാൻ പോലീസുകാർ പറഞ്ഞിരുന്നു.
അവിടെ ഉണ്ടായിരുന്ന നാട്ടുകാരും നന്നായി സഹകരിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്താമെന്ന തീരുമാനത്തിലേക്ക് എത്തിയപ്പോഴേക്കും ആരും ഫോട്ടോയോ വീഡിയോ എടുക്കരുതെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. ഫ്‌ളാഷ് ലൈറ്റ് മാത്രം ഓണാക്കി നന്നായി ലൈറ്റ് തരണമെന്ന് പറഞ്ഞു. അങ്ങനെ നാട്ടുകാരും പോലീസും ആ സമയത്ത് എല്ലാ പിന്തുണയും നൽകുകയായിരുന്നു. ബ്ലേഡും സ്‌ട്രോയുമെല്ലാം ഒരു ജീവൻ രക്ഷിക്കാനായി അവർ എവിടുന്നൊക്കെയോ കൊണ്ട് തരുകയായിരുന്നു. അപ്പോഴേക്കും ആംബുലൻസ് വരുകയും അയാളോടൊപ്പം മനൂപ് ഡോക്ടർ തന്നെ ആംബുലൻസിൽ കയറി പോവുകയും ചെയ്തു”.


