കൊളംബോ: സാമ്ബത്തിക-രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗോടബയ രാജപക്സ രാജ്യം വിട്ടതിനു പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രിയുടെ ഓഫിസ് ആണ് ഇക്കാര്യം അറിയിച്ചത്.
പ്രസിഡന്റ് രാജ്യം വിട്ടതോടെ രോഷാകുലരായ ജനം രാജിയാവശ്യപ്പെട്ട് ശ്രീലങ്കന്‍ തെരുവുകളിലേക്കിറങ്ങുകയായിരുന്നു.പ്രത്യേക സൈനിക വിമാനത്തിലാണ് ഗോടബയയും കുടുംബവും മാലദ്വീപിലേക്ക് കടന്നത്. ഇന്ന് രാജി പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തേ ഗോടബയ അറിയിച്ചിരുന്നത്. പ്രസിഡന്റ് രാജി വെക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്ന് സമരക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനാണ് പ്രക്ഷോഭകരുടെ തീരുമാനം.
പ്രധാനമന്ത്രി റനില്‍ വിക്രമിസിംഗെ സ്ഥാനമൊഴിയണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. അതിനിടെ,കൊളംബോയിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കടക്കാന്‍ ശ്രമിച്ച നൂറുകണക്കിന് പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു. കൊളംബോയില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കടക്കാന്‍ ശ്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സാമ്ബത്തിക പ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞ ശ്രീലങ്കയില്‍ പ്രതിഷേധം ആളിക്കത്തിയതോടെ അധികാരത്തില്‍ അള്ളിപ്പിടിച്ചിരുന്ന രാജപക്സ സഹോദരങ്ങള്‍ക്കും അടിപതറിയത്. മഹിന്ദ രാജപക്സ നേരത്തേ പ്രധാനമന്ത്രി പദമൊഴിഞ്ഞെങ്കിലും ഗോടബയ അധികാരമൊഴിയാന്‍ കൂട്ടാക്കിയിരുന്നില്ല. പ്രസിഡന്റിന്റെ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി കൈയേറിയതോടെ ഗത്യന്തരമില്ലാത്‍യാണ് ഗോടബയ രാജ്യം വിട്ടത്. രാജപക്സ സഹോദരങ്ങളുടെ കെടുകാര്യസ്ഥതയാണ് രാജ്യത്തെ സ്ഥിതി വഷളാക്കിയതെന്നാണ് പ്രതിഷേധകരുടെ ആരോപണം.