യുക്രൈനിന്റെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യോമാക്രമണത്തിന് തയ്യാറെടുത്ത് റഷ്യ. സ്ഥിതിഗതികള്‍ രൂക്ഷമായ സാഹചര്യത്തില്‍ യുക്രൈനിലെ ഇന്ത്യക്കാരോട് ഇന്ത്യന്‍ എംബസി ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗൂഗിള്‍ മാപ്പ് നോക്കി ബോംബ് ഷെല്‍ട്ടറുകള്‍ കണ്ടെത്തി അഭയം തേടണമെന്നാണ് അഞ്ചുമണിയോടെ പുറത്തിറക്കിയ മുന്നറിയിപ്പില്‍ നല്‍കിയിരിക്കുന്നത്.
‘ചില സ്ഥലങ്ങളില്‍ വ്യോമ, ബോംബ് ആക്രമണത്തിന്റെ മുന്നറിയിപ്പുകള്‍ കേള്‍ക്കുന്നുണ്ടെന്ന് അറിയാം. അത്തരമൊരു സാഹചര്യം വന്നാല്‍ ഗൂഗിള്‍ മാപ്പ് നോക്കി ഭൂഗര്‍ഭ മെട്രോകളില്‍ സ്ഥിതി ചെയ്യുന്ന ബോംബ് ഷെല്‍ട്ടറുകള്‍ കണ്ടെത്തി സുരക്ഷിതരാകണമെന്നാണ് എംബസിയുടെ മുന്നറിയിപ്പ്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങേണ്ട സാഹചര്യം വന്നാല്‍ രേഖകള്‍ കൈവശം കരുതണമെന്നും എംബസി അറിയിച്ചു.
അതേസമയം, റഷ്യന്‍ സൈന്യം കീവിന്റെ വടക്കന്‍ പ്രദേശത്തേക്ക് പ്രവേശിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. കീവില്‍ യുക്രൈന്‍ പ്രതിരോധ രഹസ്യാന്വേഷണ ആസ്ഥാനത്തിന് സമീപം ഉഗ്രസ്‌ഫോടനം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പതിനാല് പേരുണ്ടായിരുന്ന യുക്രൈനിന്റെ സൈനിക വിമാനം കീവിന് അടുത്ത് തകര്‍ന്ന് വീണതായും സൂചനയുണ്ട്.
#WATCH Smoke rises from the territory of the Ukrainian Defence Ministry's unit in Kyiv
— ANI (@ANI) February 24, 2022
(Source: Reuters) pic.twitter.com/fi9yXrm4o0
യുക്രൈനിലേക്ക് ഉടന്‍ സൈന്യത്തെ അയക്കില്ലെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ തീരുമാനിക്കാന്‍ നാളെ നാറ്റോ ചേരുമെന്നും ജെന്‍സ് പറഞ്ഞു.
യുക്രൈനില്‍ റഷ്യ നടത്തുന്ന സൈനിക നീക്കങ്ങളെ അധിനിവേശമെന്ന് വിളിക്കരുതെന്ന് ചൈന പ്രതികരിച്ചു. യുക്രൈനിലെ നിലവിലെ സാഹചര്യത്തെ എങ്ങനെ അധിനിവേശമെന്ന് നിരീക്ഷിക്കുമെന്നും യുക്രൈനിലെ പ്രശ്നത്തിന് വളരെ സങ്കീര്‍ണ്ണമായ മറ്റൊരു ചരിത്ര പശ്ചാത്തലമുണ്ടെന്നും ചൈന വ്യക്തമാക്കി.