സന്‍ഫ്രാന്‍സിസ്‌കോ:സാങ്കേതിക വിദ്യ, ഓട്ടോമൊബൈല്‍ രംഗത്തെ വന്‍കിട കമ്പനികളുടെ ഉടമയായ ഇലോണ്‍ മസ്‌ക് സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനൊരുങ്ങുന്നു. ഓസ്റ്റിന്‍, ടെക്‌സാസ് എന്നിവിടങ്ങളില്‍ എലമെന്ററി സ്‌കൂളും, ഹൈ സ്‌കൂളും സ്ഥാപിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി ‘ദി ഫൗണ്ടേഷന്‍’ എന്ന് പേരിട്ടിരിക്കുന്ന ചാരിറ്റി സ്ഥാപനത്തിന് 10 ലക്ഷം കോടി ഡോളര്‍ മസ്‌ക് സംഭാവനയായി നല്‍കി.
ശാസ്ത്രം, സാങ്കേതിക വിദ്യ, എഞ്ചിനീയറിങ്, ഗണിതശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രീകരിച്ച നൂതന വിദ്യാഭ്യാസ പദ്ധതിയാണ് ദി ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്. 50 വിദ്യാര്‍ഥികളുമായാണ് ആദ്യ ബാച്ച് ആരംഭിക്കുകയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവിലെ വിദ്യാഭ്യാസ രീതികളില്‍ സമൂല മാറ്റം വേണമെന്ന നിലപാടുകാരനാണ് ഇലോണ്‍ മസ്‌ക്. 2014 ല്‍ തന്റെ മക്കള്‍ക്കും തന്റെ കമ്പനി ജീവനക്കാരുടെ മക്കള്‍ക്കും പഠിക്കുന്നതിനായി ആഡ് അസ്ട്ര (Ad Astra) എന്ന സ്വകാര്യ സ്‌കൂളിന് മസ്‌ക് തുടക്കമിട്ടിരുന്നു. കുട്ടികളുടെ കഴിവുകളും താല്‍പര്യങ്ങളും വിലിയിരുത്തുന്നതിന് പരമ്പരാഗത ഗ്രേഡിങ് രീതി ഒഴിവാക്കിക്കൊണ്ടുള്ള സമീപനമാണ് ആഡ് അസ്ട്ര സ്വീകരിച്ചുവന്നത്. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സവിശേഷ വിദ്യാഭ്യാസ രീതികള്‍ തന്നെയാണ്ദി ഫൗണ്ടേഷന്‍ ആസൂത്രണം ചെയ്യുന്നത്.
സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്ന് തുടങ്ങി ക്രമേണ അത് ഉന്നത വിദ്യാഭ്യാസം നല്‍കുന്ന സര്‍വകലാശാലയിലേക്ക് വളര്‍ത്തിയെടുക്കാനും ദി ഫൗണ്ടേഷന് പദ്ധതിയുണ്ട്. ഈ നിര്‍ദ്ദിഷ്ട സര്‍വ്വകലാശാലയ്ക്ക് സതേണ്‍ കോളേജ് അസോസിയേഷനില്‍ നിന്നും സ്‌കൂള്‍ കമ്മീഷനില്‍ നിന്നും അക്രഡിറ്റേഷന്‍ തേടുന്നതിനുള്ള പദ്ധതികളുമുണ്ട്.
അതേസമയം, ഈ പദ്ധതിയുമായി ബന്ധപ്പെട്ട് മസ്‌ക് നേരിട്ട് പ്രതികരിച്ചിട്ടില്ല. മുമ്പ് മോണ്ടിസ്സോറി രീതിയിലുള്ള ഒരു സ്‌കൂള്‍ ആരംഭിക്കുന്നതിനെ കുറിച്ചും ടെക്‌സാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ടെക്‌നോളജി ആരംഭിക്കുന്നതിനെ കുറിച്ചുമെല്ലാം മസ്‌ക് സംസാരിച്ചിട്ടുണ്ട്. യുഎസിലെ ബിരുദധാരികളുടെ നിലവാരത്തകര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള ആശങ്കകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. എന്തായാലും ഭാവി വിദ്യാഭ്യാസ രീതിയിക്കായി പ്രത്യേകിച്ചും ശാസ്ത്ര സാങ്കേതിക രംഗത്ത് വലിയ നിക്ഷേപത്തിന് ഒരുങ്ങുകയാണ് മസ്‌ക്.