InternationalNews

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്തിനു സാധ്യതയെന്ന് മസ്ക്; ഇന്ത്യയിലേത് നല്ലതെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി∙ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ സാധ്യതയുള്ളതിനാൽ ഇവിഎമ്മുകൾ ഉപേക്ഷിക്കണമെന്ന് മസ്ക് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. പ്യൂർട്ടോറിക്കോയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇവിഎമ്മിൽ തിരിമറി നടന്നെന്ന മാധ്യമവാർത്ത പങ്കുവച്ചുള്ള റോബർട്ട് കെന്നഡി ജൂനിയറിന്റെ എക്സ് പോസ്റ്റ് പങ്കുവച്ചാണ് മസ്കിന്റെ പ്രസ്താവന.

നിർമിത ബുദ്ധിയോ മനുഷ്യരോ ഇലക്ട്രോണിക് വോട്ടിങ് മെഷ‌ീനുകൾ ഹാക്ക് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും മസ്ക് പറഞ്ഞു. ഇവിഎമ്മിന്റെ വിശ്വാസ്യതയെച്ചൊല്ലി ഇന്ത്യയിലും വിവാദങ്ങൾ നിലനിൽക്കേയാണ് മസ്കിന്റെ പരാമർശം.

അതേസമയം, മസ്കിന്റെ പ്രസ്താ‌വനയ്ക്ക് മറുപടിയുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. സാമാന്യവൽക്കരിക്കുന്ന പ്രസ്താവനയാണ് മസ്കിന്റേതെന്നും വേണമെങ്കിൽ ഇവിഎം നിർമാണത്തിൽ മസ്കിന് പരിശീലനം നൽകാൻ തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖർ എക്സിൽ പ്രതികരിച്ചു.

‘‘സുരക്ഷിതമായ ഡിജിറ്റൽ ഹാർഡ്‌വെയറുകൾ നിർമിക്കാൻ ആർക്കും കഴിയില്ലെന്നു കരുതുന്നത് തെറ്റാണ്. ഇന്റർനെറ്റുമായി ബന്ധിപ്പിച്ചുള്ള വോട്ടിങ് മെഷീനുകളുടെ നിർമാണത്തിന് സാധാരണ കംപ്യൂട് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന യുഎസിനെയും മറ്റിടങ്ങളെയും സംബന്ധിച്ച് മസ്കിന്റെ വീക്ഷണം ശരിയായിരിക്കും. എന്നാൽ ഇന്ത്യൻ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ സുരക്ഷിതമായി രൂപപ്പെടുത്തിയെടുത്തതാണ്. ഇതിൽ ഇന്റർനെറ്റോ ബ്ലൂടൂത്തോ വൈഫൈയോ മറ്റെന്തെങ്കിലും കണക്ടിവിറ്റിയോ ഉപയോഗിക്കുന്നില്ല.

‘‘കൃത്രിമം നടത്താൻ സാധ്യമല്ലാത്ത വിധം നിർമാണ വേളയിൽത്തന്നെ സന്നിവേശിപ്പിച്ചിട്ടുള്ള പ്രോഗ്രാമുകളുടെ അടിസ്ഥാനത്തിലാണ് ഇവിഎമ്മുകൾ പ്രവർത്തിക്കുന്നത്. ഇന്ത്യയിലേതുപോലെ ശരിയായ ഇവിഎമ്മുകള്‍ നിർമിക്കാനാകും. അതിന് ഇലോൺ മസ്കിന് പരിശീലനം നൽകാൻ തയ്യാറാണ്.’’– രാജീവ് ചന്ദ്രശേഖർ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button