ചെന്നൈ: സി.ഐ.എസ്.എഫ്. ക്യാമ്പിലെ ഷൂട്ടിങ് പരിശീലനത്തിനിടെ അബദ്ധത്തിൽ വെടിയേറ്റ് 11 വയസ്സുകാരന് ഗുരുതര പരിക്ക്. തമിഴ്നാട്ടിലെ പുതുക്കോട്ട നാർത്താമലൈയിലാണ് സംഭവം. പരിശീലനം നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന കുട്ടിക്കാണ് തലയിൽ വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച രാവിലെ വീടിന് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് കുട്ടിക്ക് വെടിയേറ്റതെന്ന് നാട്ടുകാർ പറഞ്ഞു. ഒരു വെടി ആദ്യം വീടിന്റെ ചുമരിലാണ് കൊണ്ടത്. ഇതിനുപിന്നാലെയാണ് കുട്ടിയുടെ തലയിലും വെടിയേറ്റത്. പരിക്കേറ്റ് നിലത്തുവീണുകിടന്ന 11 വയസ്സുകാരനെ ബന്ധുക്കളും നാട്ടുകാരും ആദ്യം സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനാൽ പിന്നീട് തഞ്ചാവൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അതിനിടെ, നാർത്തമലൈയിലെ ഷൂട്ടിങ് പരിശീലനത്തിനെതിരേ നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കുട്ടിക്ക് വെടിയേറ്റതിന് പിന്നാലെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ക്യാമ്പിലെ ഷൂട്ടിങ് പരിശീലനം അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. സംഭവസ്ഥലത്ത് നാട്ടുകാർ റോഡ് ഉപരോധിക്കുകയും ചെയ്തു.