എറണാകുളം:കോതമംഗലം കോട്ടപ്പടിയില്‍ കിണറ്റിൽവീണ കുട്ടിയാനയെ പുറത്തെത്തിച്ചു. കിണറിന്റെ ഭാഗത്തേക്ക് വഴിതെളിച്ച് ജെ.സി.ബി. ഉപയോഗിച്ച് കിണറിന്റെ വശമിടിച്ചാണ് ആനയെ പുറത്തെത്തിച്ചത്. കിണറിന് പുറത്തെത്തിച്ച ആന അടുത്തുള്ള പൈനാപ്പിള്‍ തോട്ടത്തിലേക്ക് കടന്നു. ആനയെ വനഭൂമിയിലേക്ക് തുരത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കാടിന്റെ ഭാഗത്തേക്ക് തന്നെയാണ് ആന ഓടിയത്. പടക്കങ്ങള്‍ പൊട്ടിച്ചും ബഹളംവെച്ചും ആനയെ കാട്ടിലേക്ക് ഓടിച്ചുകയറ്റാനാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തുന്നത്.
രക്ഷാദൗത്യത്തിന് മുന്നോടിയായി ആന കിണറ്റില്‍ വീണ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കോട്ടപ്പടി പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് വാര്‍ഡുകളിലായിരുന്നു 24 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ കോതമംഗലം എം.എല്‍.എ. ആന്റണി ജോണ്‍ അടക്കമുള്ള ജനപ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ചകള്‍ക്കൊടുവിലാണ് രക്ഷാദൗത്യം ആരംഭിച്ചത്. പെരുമ്പാവൂര്‍ എ.സി.പി. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റും സ്ഥലത്തുണ്ടായിരുന്നു.
ചര്‍ച്ചയുടെ ഭാഗമായി കിണറിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കാനും ആനയെ മയക്കുവെടി വെക്കാനും ധാരണയായിരുന്നു. എന്നാല്‍, പിന്നീട് മയക്കുവെടി വെക്കാനുള്ള തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ആനയെ മയക്കുവെടിവെക്കാന്‍ വാക്കാല്‍ അനുമതി നല്‍കിയിരുന്നത്. ആനയെ മടക്കുവെടിവെച്ച് മലയാറ്റൂര്‍ റിസര്‍സിന്റെ ഭാഗമായുള്ള ഏതെങ്കിലും വനമേഖലയിലേക്ക് മാറ്റാമെന്നായിരുന്നു തീരുമാനം. പിന്നീടാണ് ഇതില്‍ വ്യത്യാസം ഉണ്ടായത്.
ഏകദേശം 10 മണിക്കൂറില്‍ കൂടുതലായിരുന്നു ആന കിണറ്റില്‍ വീണിട്ട്. ചൂടുകാലമായതിനാല്‍ മയക്കുവെടി വെക്കുന്നത് ആനയുടെ ജീവന് ഭീഷണിയാകും എന്ന പ്രശ്‌നമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കാലാവസ്ഥ അനുയോജ്യമാകുന്ന ഘട്ടത്തില്‍ മയക്കുവെടി വെക്കാനായിരുന്നു വാര്‍ഡന്‍ അനുമതി നല്‍കിയത്. മയക്കുവെടിവെക്കാനാണ് തീരുമാനമെങ്കില്‍ ആനയെ കിണറിനുള്ളില്‍വെച്ചുതന്നെ വെടിവയ്‌ക്കേണ്ടിവരുമായിരുന്നു. അങ്ങനെയെങ്കില്‍ അതിനുമുമ്പ് കിണര്‍ വറ്റിക്കണം. ശേഷം ക്രെയിന്‍ ഉപയോഗിച്ചുവേണമായിരുന്നു ആനയെ പുറത്തെത്തിക്കാന്‍.
എന്നാല്‍ ക്രെയിനോ, ആനയെ കൊണ്ടുപോകാനുള്ള ലോറിയോ സ്ഥലത്ത് എത്തിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മയക്കുവെടിവയ്ക്കുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനിന്നിരുന്നു. ആന ജനവാസമേഖലയിലേക്ക് പോകാതിരിക്കാന്‍ പല വഴികളിലും തീയിടാനുള്ള സാമഗ്രികളും എത്തിച്ചിരുന്നു.
എന്നാല്‍, ആനയെ മയക്കുവെടിവെച്ച് വേറെ എങ്ങോട്ടെങ്കിലും മാറ്റണം എന്ന ആവശ്യത്തിൽ നാട്ടുകാര്‍ ഉറച്ചുനിന്നു. ഈ കുട്ടിക്കൊമ്പന്‍ ഈ പ്രദേശത്ത് സ്ഥിരമായി ഇറങ്ങി നാശനഷ്ടങ്ങള്‍ വരുത്താറുണ്ട്. ഓടിക്കാനായി വെളിച്ചം കാണിച്ചാല്‍ എതിര്‍ദിശയിലേക്ക് പോകുന്നതിനുപകരം വെളിച്ചം കാണിക്കുന്ന സ്ഥലത്തേക്ക് ഓടിയടുക്കുന്ന സ്വഭാവമാണ് ഈ കുട്ടിക്കൊമ്പനുള്ളത്. അതുകൊണ്ടുതന്നെ വളര്‍ന്നുവരുമ്പോള്‍ ആന കൂടുതല്‍ അക്രമാസക്തനും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായും മാറിയേക്കാം എന്ന ആശങ്കയും ജനങ്ങൾ ഉന്നയിച്ചിരുന്നു.
വെള്ളത്തിലായതിനാല്‍ ചൂടുമൂലമുള്ള ബുദ്ധിമുട്ടുകള്‍ ആനയ്ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍, മസ്തകത്തിനും കഴുത്തിന്റെ പിന്‍ഭാഗത്തും മുറിവേറ്റിട്ടുണ്ട്. ആനയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല എന്നാണ് വിലയിരുത്തല്‍. ഇരുപതോളം കുടുംബഗങ്ങളുടെ കുടിവെള്ള സ്രോതസാണ് ഈ കിണര്‍. അതുകൊണ്ടുതന്നെ കിണര്‍ പുനഃനിര്‍മിക്കണം എന്ന ആവശ്യമാണ് നാട്ടുകാര്‍ പ്രധാനമായും മുന്നോട്ടുവെച്ചത്. മാത്രമല്ല, കിണറിനടുത്തേക്ക് വഴിവെട്ടുന്നതിനായി സമീപത്തെ പുരയിടത്തിലെ റബ്ബര്‍ മരങ്ങള്‍ വെട്ടിമാറ്റേണ്ടിവന്നിട്ടുണ്ട്. അതിന്റെ നഷ്ടപരിഹാരവും സ്ഥലമുടമയ്ക്ക് നല്‍കാന്‍ ധാരണയായിട്ടുണ്ട്.