തിരുവനന്തപുരം: മഴ ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. അണക്കെട്ടുകളിൽ വെള്ളമില്ലാത്ത സ്ഥിതിയാണ്. അധിക വൈദ്യുതി പണം നൽകി വാങ്ങേണ്ടിവരും. നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. നാളെ ചേരുന്ന യോഗത്തിന് ശേഷം നിരക്കുവർധന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
എത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങണമെന്ന കാര്യം ഈ യോഗത്തിൽ തീരുമാനിക്കും. മഴ പെയ്യുകയും അണക്കെട്ടുകളിൽ വെള്ളം എത്തുകയും ചെയ്താൽ നിരക്ക് കൂട്ടേണ്ടതില്ല. മഴ ദിവസം പത്തുകോടി രൂപയുടെ അധിക വൈദ്യുതി വാങ്ങേണ്ടിവരുന്ന അവസ്ഥയാണ് നിലവിലുള്ളത്. എത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വർധനയുണ്ടാകുക. ഇക്കാര്യത്തിൽ റെഗുലേറ്ററി ബോർഡ് ആണ് തീരുമാനമെടുക്കുകയെന്ന് മന്ത്രി പറഞ്ഞു.
ഉപഭോക്താവിനെ കഴിയുന്നത്ര വിധത്തിൽ വിഷമിപ്പിക്കാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
സാഹചര്യം വിലയിരുത്തി വൈദ്യുതി റഗുലേറ്ററി കമ്മിഷൻ്റെയടക്കം തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും വൈദ്യുതി നിരക്ക് കൂട്ടണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചിരുന്നു. നാല് മാസത്തേക്ക് യൂണിറ്റിന് 9 പൈസയുടെ വർധനയാണ് വരുത്തിയത്. കഴിഞ്ഞ വർഷം പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിൽ ബോർഡിനുണ്ടായ അധിക ബാധ്യത നികത്താനായിരുന്നു ഈ വർധന.
സംസ്ഥാനത്ത് ആവശ്യസാധങ്ങളുടെ വില ഉയർന്ന തോതിൽ തുടരുന്നതിനിടെയാണ് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമൊരുങ്ങുന്നത്. നിരക്ക് വർധനയുണ്ടായാൽ വ്യാപക എതിർപ്പിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. കൂടുതൽ മഴ ലഭിക്കുന്ന ജൂൺ, ജൂലൈ മാസങ്ങളിൽ സംസ്ഥാനത്ത് മഴ വിട്ടുനിൽക്കുന്നതാണ് അണക്കെട്ടുകളിൽ ജലത്തിൻ്റെ തോത് കുറയാൻ കാരണം. വരും ദിവസങ്ങളിലും മഴ കുറഞ്ഞ് നിൽക്കാനാണ് സാധ്യത.