സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി; ഈ മാസം 30 വരെ നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: വൈദ്യുതി ലഭ്യതയിൽ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിൽ നിയന്ത്രണത്തിന് സാധ്യത. ഈ മാസം 30 വരെ വൈകുന്നേരം 6-നും രാത്രി 12-നുമിടയിൽ പരിമിതമായ തോതിൽ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു.

എൽനിനോ പ്രതിഭാസം ശക്തി പ്രാപിച്ചതുതിനെത്തുടർന്ന് അന്തരീക്ഷ ഊഷ്മാവ് വർദ്ധിച്ചതിനാൽ രാജ്യത്താകെ വൈദ്യുതി ലഭ്യതയിൽ വലിയതോതിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് മൺസൂൺ എത്തിയെങ്കിലും മഴ വേണ്ടത്ര ശക്തി പ്രാപിക്കാത്തതിനാൽ അന്തരീക്ഷ താപനില കാര്യമായി കുറഞ്ഞിട്ടില്ല. ആകെ 4100 മെഗാവാട്ടിൻ്റെ ആവശ്യകതയാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും 4900 മെഗാവാട്ട് വരെ ഉയരുന്ന സ്ഥിതിയുണ്ട്. വൈദ്യുതി ഉപയോഗത്തിലും 10 ദശലക്ഷം യൂണിറ്റിൻ്റെ വർദ്ധനയുണ്ടായിട്ടുണ്ട്.

ആഭ്യന്തര ഉത്പാദനമായ 1700 മെഗാവാട്ടും കേന്ദ്ര നിലയങ്ങളിൽനിന്നുള്ള 1701 മെഗാവാട്ടും ദീർഘകാല കരാറുകളിലൂടെ ലഭ്യമാകുന്ന 612 മെഗാവാട്ടും വൈദ്യുതി പൂർണ്ണതോതിൽ ലഭിക്കുമ്പോഴും ഏതാണ്ട് 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ജൂൺ 16 മുതൽ 30 വരെ നിലനിൽക്കുകയാണ്. ഇക്കാരണങ്ങളാൽ ജൂൺ 16-ന് രാത്രി 9-നും 12-നുമിടയിൽ സംസ്ഥാനത്തെ ചില ഭാഗങ്ങളിൽ നേരിയ തോതിലുള്ള വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിട്ടുണ്ട്.

സാഹചര്യം വിലയിരുത്തുന്നതിന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ അടിയന്തിരയോഗം വിളിച്ചുചേർത്തിരുന്നു. ദൈനംദിന കരാറുകളിലൂടെ ലഭ്യമാകുന്ന പരമാവധി വൈദ്യുതി വാങ്ങിയെത്തിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി നിർദ്ദേശിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വൈദ്യുതി ലഭ്യതക്കുറവ് നിയന്ത്രണാതീതമാകുന്നപക്ഷം അവശ്യം വേണ്ട വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിന് കെ.എസ്.ഇ.ബിക്ക് യോഗം അനുമതി നല്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News