കോട്ടയത്ത്‌ കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക് ഇൻസ്‌പെക്ടർ പിടിയിൽ

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയത്ത് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ പിടിയില്‍. കോട്ടയം ഇലക്ട്രിക് ഇന്‍സ്‌പെക്ടറേറ്റിലെ ഇലക്ട്രിക് ഇന്‍സ്‌പെക്ടറായ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ.കെ സോമനാണ് വിജിലന്‍സിന്റെ പിടിയിലായത്. എറണാകുളം സ്വദേശിയായ കരാറുകാരനില്‍ നിന്ന് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.

നേരത്തെ 10000 രൂപ ഇതേ കരാറുകാരനില്‍ നിന്ന് സോമന്‍ വാങ്ങിയിരുന്നു. വീണ്ടും 10000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടതോടെ കരാറുകാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ ഓഫീസില്‍വെച്ച്‌ ഇയാളില്‍നിന്നും പണം വാങ്ങി പേഴ്‌സിലേക്ക് വെക്കുന്നതിനിടെയാണ് വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി സോമനെ അറസ്റ്റുചെയ്തത്. കോട്ടയം വിജിലന്‍സ് എസ്.പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സോമനെ പിടികൂടിയത്.

കൈക്കൂലി വാങ്ങുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്ന ഘട്ടത്തിലാണ് വീണ്ടുമൊരു കൈക്കൂലി കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിയിലാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News