കൊച്ചി: തെരഞ്ഞെടുപ്പ് കടപ്പത്രം (ഇലക്ടറൽ ബോണ്ട്) വഴി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയതിൽ വിശദീകരണവുമായി ട്വന്‍റി ട്വന്‍റി പാർട്ടി അദ്ധ്യക്ഷനും കിറ്റെക്സ് കമ്പനി ഉടമയുമായ സാബു എം ജേക്കബ്. നിലനിൽപ്പിന് വേണ്ടിയാണ് എല്ലാ രാഷ്ട്രീയ കക്ഷികൾക്കും പണം നൽകിയതെന്നും പകരമായി എന്തെങ്കിലും ആനുകൂല്യം നേടിയെന്ന വിവരം പുറത്താൽ വന്നാൽ ട്വന്‍റി ട്വന്‍റി പാർട്ടി അവസാനിപ്പിക്കുമെന്നും സാബു എം ജേക്കബ് സാബു എം ജേക്കബ് 25 കോടി രൂപ ഇലക്ടറൽ ബോണ്ട് വഴി പാർട്ടികൾക്ക് നൽകിയത് തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകുമെന്നാണ് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജിന്‍റെ പ്രതികരണം.
സാബു എം ജേക്കബിന്‍റെ ഉടമസ്ഥതയിലുള്ള കിറ്റക്സ് കമ്പനിയാണ് 25 കോടി രൂപ പാര്‍ട്ടികൾക്ക് ഇലക്‌ടറൽ ബോണ്ട് വഴി നൽകിയത്. വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളോടുള്ള നിരന്തര കലഹം മുഖമുദ്രയാക്കിയ ട്വന്‍റി ട്വന്‍റി പാർട്ടി അദ്ധ്യക്ഷന്‍റെ കമ്പനികളുടെ പേരും പുറത്തുവന്ന പട്ടികയിലുണ്ട്.
ജനാധിപത്യ രീതിയിൽ നിയമപരമായിട്ടാണ് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സംഭാവന നൽകിയതെന്ന് സാബു എം ജേക്കബിന്റെ പ്രതികരണം. തന്നെ ബിജെപിയുടെ ബി ടീമാക്കി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും സാബു എം ജേക്കബ് പറഞ്ഞു.
ഇലക്‌ടറൽ ബോണ്ട് സംഭാവന രാഷ്ട്രീയമായി ചോദ്യം ചെയ്യുകയാണ് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജിൻ. 2023 ജൂലൈ മാസത്തിലാണ് കിറ്റക്സ് ഗാർമെന്‍റ്സും, കിറ്റക്സ് ചിൽഡ്രൻ വെയർ ലിമിറ്റഡും ഇലക്‌ടറൽ ബോണ്ട് വഴി സംഭാവന നൽകിയതായി രേഖകളിലുള്ളത്. കമ്പനി പുതിയതായി പ്ലാന്റ് സ്ഥാപിച്ച തെലങ്കാന ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് നടന്നത് അതേ വർഷം നവംബർ മാസത്തിലായിരുന്നു.
ഇലക്ട്റൽ ബോണ്ട് വഴി ഏത് രാഷ്ട്രീയകക്ഷികൾക്ക് ആരെല്ലാം പണം നൽകിയെന്ന വിവരങ്ങൾ വൈകാതെ പുറത്ത് വന്നേക്കും. ഇക്കാര്യം ചാലക്കുടിയിലും എറണാകുളത്തും ട്വന്‍റി ട്വന്റിക്കെതിരെ യുഡിഎഫും എൽഡിഎഫും സജീവ പ്രചാരണമാക്കുമോ എന്നതിലാണ് ആകാംക്ഷ.