ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പു നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും ഉപതിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളില്‍ നിന്നുമായി തിരഞ്ഞെടുപ്പു കമ്മിഷന്‍ പിടിച്ചെടുത്തത് ആയിരം കോടി രൂപയിലേറെ മൂല്യം വരുന്ന പണവും മറ്റു വസ്തുക്കളും. പണമായി മാത്രം കണ്ടെടുത്തത് 344.85 കോടി രൂപയാണ്. ബാക്കി തുക മദ്യവും ലഹരി മരുന്നിന്റെയും രൂപത്തിലാണ് ഒഴുകിയത്. തിരഞ്ഞെടുപ്പു ചെലവുകള്‍ നിരീക്ഷിക്കാന്‍ 321 നിരീക്ഷകരെയും 5 പ്രത്യേക നിരീക്ഷകരെയും ഇത്തവണ നിയോഗിച്ചിരുന്നു.
എന്നാൽ മുന്‍ വര്‍ഷങ്ങളില്‍ ഇവിടെ നടന്ന തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് റെക്കോര്‍ഡ് തുകയാണിത്. ബംഗാളില്‍ മൂന്നു ഘട്ടങ്ങള്‍ കൂടി അവശേഷിക്കെ തുക ഇനിയും കൂടിയേക്കും. കേരളത്തില്‍ നിന്ന് 22.88 കോടി രൂപയും 5.16 കോടി രൂപയുടെ മദ്യവും 4.06 കോടിയുടെ ലഹരി വസ്തുക്കളും പിടികൂടി. ഇതിന് പുറമേ 1.95 കോടി രൂപ മതിക്കുന്ന സമ്മാനങ്ങളും 50.86 കോടി രൂപയുടെ വിലപിടിപ്പുള്ള ലോഹങ്ങളും പിടികൂടി. കണക്കില്‍പ്പെടാതെ ആകെ 84.91 കോടി രൂപയുടെ വസ്തു വകകളാണ് പിടികൂടിയത്. 2016ലെ തിരഞ്ഞെടുപ്പു കാലത്ത് 26.13 കോടി രൂപയുടെ വസ്തുക്കളായിരുന്നു കേരളത്തില്‍ നിന്നു പിടികൂടിയിരുന്നത്.
അതേസമയം അസമില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മദ്യം പിടികൂടിയത്. 41.97 കോടി രൂപയുടെ മദ്യവും 34.41 കോടി രൂപയുടെ ലഹരി വസ്തുക്കളും ഇവിടെ നിന്നും പിടിച്ചെടുത്തു. ഏറ്റവും കൂടുതല്‍ ലഹരി പിടികൂടിയത് ബംഗാളില്‍ നിന്ന്. 118.83 കോടിരൂപയുടെ ലഹരിവസ്തുക്കള്‍ കണ്ടെടുത്തു. ഇവിടെ 30.11 കോടി രൂപയുടെ മദ്യവും പിടികൂടി. ഏറ്റവും കുറച്ചു മദ്യവും ലഹരിയും പുതുച്ചേരിയില്‍ നിന്ന്. 70 ലക്ഷം രൂപയുടേയും 25 ലക്ഷം രൂപയുടേതും. ഏറ്റവും കൂടുതല്‍ പണം കിട്ടിയത് തമിഴ്‌നാട്ടില്‍ നിന്നാണ്. മൊത്തം 344. 85 കോടി രൂപ കണ്ടെടുത്തപ്പോള്‍ അതില്‍ 236.69 കോടി രൂപയും പിടിച്ചെടുത്തത് തമിഴ്‌നാട്ടില്‍ നിന്നാണ്.വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കൊണ്ടുവന്ന 25.64 കോടി രൂപയുടെ സമ്മാനങ്ങളും 176.46 രൂപയുടെ സ്വര്‍ണമടക്കമുള്ള ലോഹങ്ങളും പിടികൂടി.