ഡല്‍ഹി: പതിനെട്ടാമത് ലോക്സഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഏഴ് ഘട്ടങ്ങളിലായിട്ടാണ് ഇത്തവണയും തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 19 ന് തുടങ്ങുന്ന വോട്ടെടുപ്പ് വിവിധ ഘട്ടങ്ങള്‍ പിന്നിട്ട് ജൂണ്‍ ഒന്നിന് അവസാനിക്കും.കേരളത്തിൽ ഏപ്രിൽ 26 നാണ് വോട്ടെടുപ്പ് ജൂൺ 4 ന് വോട്ടെണ്ണല്‍ നടക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാജ്യത്ത് പെരുമാറ്റച്ചട്ടവും നിലവില്‍ വന്ന് കഴിഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ്
ആന്ധ്രാ പ്രദേശ് വോട്ടെടുപ്പ് -മെയ് 13ന്
സിക്കിം- ഏപ്രിൽ 19
ഒറീസ- മെയ് 13
ജൂൺ 4 ന് വോട്ടെണ്ണൽ
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പിന് രാജ്യം പൂര്‍ണ സജ്ജമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലും സന്ദര്‍ശനം നടത്തി. എല്ലാ ഒരുക്കങ്ങളും നേരിട്ട് കണ്ട് വിലയിരുത്തി. തെരഞ്ഞെടുപ്പ് കാലം രാജ്യത്തിൻ്റെ അഭിമാനം എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ മുദ്രാവാക്യം. 97 കോടി വോട്ടർമാരാണ് രാജ്യത്തുളളത്. എല്ലാ വോട്ടര്‍മാരും തെരഞ്ഞെടുപ്പിൽ പങ്കാളികളാകണം.
10.5 ലക്ഷം പോളിംഗ് ബൂത്തുകളാണ് രാജ്യത്താകെ സജ്ജീകരിച്ചിട്ടുളളത്. 49.7 കോടി പുരുഷ വോട്ടർമാര്‍ക്കും 47.1 കോടി സ്ത്രീ വോട്ടർമാര്‍ക്കും ഇത്തവണ വോട്ടകാശമുണ്ട്. 48,000 പേര്‍ ട്രാൻസ്ജെൻഡര്‍മാരാണ്. യുവ വോട്ടർമാർ 19.74 കോടി പേരാണ്. കന്നി വോട്ടർമാരിൽ 85 ലക്ഷം പെൺകുട്ടികളാണ്. 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലേറെ വൈകല്യം ഉള്ളവർക്കും വോട്ട് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്താം. എത്താവുന്ന എല്ലായിടങ്ങളിലുമെത്തി വോട്ടെടുപ്പിൽ ജനങ്ങളെ പങ്കാളികളാക്കും. പേപ്പർ ഉപയോഗം പരമാവധി കുറയ്ക്കും. ഇ-വോട്ടർ ലിസ്റ്റ് പ്രയോജനപ്പെടുത്തും. പരമാവധി ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും. കൈവെസി ആപ്പിലൂടെ (Know your Candidate app) സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ലഭ്യമാക്കും. ക്രിമിനൽ കേസുകളുടെ വിവരങ്ങളടക്കം ലഭ്യമാക്കും
2019 ല്‍ എന്‍ ഡി എ മുന്നണിക്ക് 353 സീറ്റുകളായിരുന്നു ലഭിച്ചത്. ബി ജെ പി തനിച്ച് 303 സീറ്റുകളും നേടി. കോണ്‍ഗ്രസ് നയിച്ച യു പി എക്ക് 91 സീറ്റുകള്‍ ലഭിച്ചപ്പോള്‍ മറ്റുള്ളവർ 98 സീറ്റുകളും കരസ്ഥമാക്കി. കോണ്‍ഗ്രസിന് തനിച്ച് 52 സീറ്റുകളും ലഭിച്ചു. 22 സീറ്റുകളുമായി തൃണമൂല്‍ കോണ്‍ഗ്രസായിരുന്നു കക്ഷികളില്‍ മൂന്നാമത്. ഡി എം കെ 24 സീറ്റുമായും വൈ എസ് ആർ കോണ്‍ഗ്രസ് 22 സീറ്റുമായും ഇരുപതില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയ പാർട്ടികളായി മാറി.
ആകെ 543 ലോക്സഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 272 സീറ്റുകള്‍ ലഭിക്കുന്ന പാർട്ടിക്കോ മുന്നണിക്കോ അധികാരത്തില്‍ എത്താന്‍ സാധിക്കും. 80 സീറ്റുകളുള്ള ഉത്തർപ്രദേശാണ് ലോക്സഭ സീറ്റുകളുടെ കാര്യത്തില്‍ മുന്നില്‍. തൊട്ടുപിന്നിൽ 48 സീറ്റുകളുള്ള മഹാരാഷ്ട്രയാണ്. ബിഹാറില്‍ 40 സീറ്റുകളാണുള്ളത്. തമിഴ്നാട് – 39, മധ്യപ്രദേശ് – 29 കർണാടക – 28, ഗുജറാത്ത് – 26, ആന്ധ്രാ പ്രദേശ് – 25, രാജസ്ഥാന്‍ – 25, ഒഡീഷ 21, കേരളം 20 എന്നിവയാണ് ഇരുപതോ അതില്‍ കൂടുതലോ സീറ്റുകളുള്ള മറ്റ് സംസ്ഥാനങ്ങള്‍