ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലും കർണാടക, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടർപട്ടികയിൽ വ്യാപക ക്രമേക്കേടുകൾ നടന്നതായുള്ള ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ ആരോപണങ്ങളിൽ മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. പരാതികൾ വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കുകയോ അല്ലാത്തപക്ഷം രാജ്യത്തോട് മാപ്പ് അപേക്ഷിക്കുകയോ ചെയ്യണമെന്ന് രാഹുൽ ഗാന്ധിയോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.
\
കർണാടകയിലെയും മഹാരാഷ്ട്രയിലെയും ചീഫ് ഇലക്ഷൻ ഓഫീസർമാർ ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം ഉൾപ്പെട്ട കത്ത് രാഹുലിന് അയക്കുകയും ആവശ്യമായ നടപടികൾ ആരംഭിക്കുന്നതിനായി ഇത് ഒപ്പിട്ട് നൽകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
‘
രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങൾ സത്യമാണെന്ന് വിശ്വസിക്കുന്നുവെങ്കിൽ സത്യവാങ്മൂലം നൽകുന്നതിന് അദ്ദേഹത്തിന് പ്രശ്നമുണ്ടാകാനിടയില്ല. അല്ലാത്തപക്ഷം അദ്ദേഹം തന്റെ വിശകലനങ്ങളിലും നിഗമനങ്ങളിലും അസംബന്ധമായ ആരോപണങ്ങളിലും വിശ്വസിക്കുന്നില്ല എന്നാണ്. അങ്ങനെയെങ്കിൽ അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണം. അദ്ദേഹത്തിന് മുന്നിൽ രണ്ട് വഴികളാണുള്ളത്. ഒന്നുകിൽ സത്യവാങ്മൂലത്തിൽ ഒപ്പിടുക, അല്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ അസംബന്ധമായ ആരോപണങ്ങൾ ഉന്നയിച്ചതിന് രാജ്യത്തോട് മാപ്പ് പറയുക’, തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ പറഞ്ഞു.
രാഹുൽ ഗാന്ധി ഇതുവരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതികളൊന്നും നൽകിയിട്ടില്ല. കമ്മിഷൻ എന്ത് മറുപടി നൽകിയാലും ഓരോ തവണയും അദ്ദേഹം അത് തള്ളിപ്പറയുകയാണ്. ഡിസംബർ 24-ന് അദ്ദേഹം മഹാരാഷ്ട്ര വിഷയം ഉന്നയിച്ചു. പിന്നീട് എഐസിസിയിൽ നിന്ന് ഒരു അഭിഭാഷകൻ കമ്മിഷന് ഈ വിഷയത്തിൽ കത്തെഴുതി. ഡിസംബർ 24-ലെ കമ്മിഷന്റെ മറുപടി വെബ്സൈറ്റിലുണ്ട്. എന്നാൽ കമ്മിഷൻ ഒരിക്കലും മറുപടി നൽകിയിട്ടില്ലെന്നാണ് രാഹുൽ ഗാന്ധി പറയുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വിമർശിച്ചു.
രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ അദ്ദേഹത്തിന് കത്തെഴുതിയിട്ടുണ്ട്. നടപടി ആരംഭിക്കുന്നതിനായി, 1960-ലെ രജിസ്‌ട്രേഷൻ ഓഫ് ഇലക്‌ടേഴ്‌സ് റൂൾസിലെ റൂൾ 20(3)(ബി) പ്രകാരം ഒപ്പിട്ട സത്യവാങ്മൂലത്തോടൊപ്പം വോട്ടർമാരുടെ വ്യക്തമായ പേരുകൾ ഓഫീസർമാർ ആവശ്യപ്പെട്ടു.
കോൺഗ്രസ് പാർട്ടിയുടെ 40 അംഗസംഘം നടത്തിയ അന്വേഷണത്തിലും വിശകലനത്തിലും വോട്ടർ പട്ടികയിലെ ഇരട്ടിപ്പുകൾ, വോട്ടർമാരുടെ വ്യാജ വിലാസങ്ങൾ, വ്യാജ ചിത്രങ്ങൾ, സംശയാസ്പദമായ ഫോം 6 അപേക്ഷകൾ എന്നിവ കണ്ടെത്തിയതായി രാഹുൽഗാന്ധി അവകാശപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും അതുകൊണ്ടാണ് അവർ മെഷീൻ റീഡബിൾ ഡാറ്റ നൽകാത്തതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.


