തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ഉന്നയിച്ച ആവിശ്യങ്ങൾ പരിഗണിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. സ്ഥാനാർത്ഥികൾക്ക് അനുവദിച്ച ചിഹ്നങ്ങളിൽ മാറ്റമുണ്ടാകില്ല, സ്ഥാനാർത്ഥി പട്ടികയിലെ പേരുകളിലും ക്രമത്തിലും മാറ്റമുണ്ടാകില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
തിരുവനന്തപുരം കോർപറേഷനിൽ അപരന്മാരുടെ സ്ഥാനവും ചിഹ്നവും മാറ്റാൻ ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. ഈ ആവശ്യമാണ് കമ്മീഷൻ നിരാകരിച്ചത്. പഞ്ചായത്ത് രാജ് ആക്ട് നിയമ പ്രകാരമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. സ്ഥാനാർത്ഥികളുടെ പേര് അക്ഷരമാല ക്രമത്തിൽ വേണമെന്നാണ് ചട്ടം. സ്വതന്ത്ര ചിഹ്നങ്ങളെക്കുറിച്ച് നേരത്തെ പരാതി ഇല്ലായിരുന്നുവെന്നും കമ്മീഷൻ പറയുന്നു. ഇതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് ബിജെപി തീരുമാനം.