പ്രധാനമന്ത്രിയെ ‘തീവ്രവാദി’യെന്ന് വിളിച്ചു; കാട്ടുതീ പോലെ പടര്‍ന്ന വിവാദം; ഖാര്‍ഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഖാര്‍ഗെയുടെ പരാമര്‍ശങ്ങളെ ഗൗരവത്തോടെ കണ്ടാണ് കമ്മീഷന്റെ ഈ നടപടി. ഏപ്രില്‍ 23-ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടിലെ ഒരു വാര്‍ത്താ സമ്മേളനത്തില്‍, പ്രധാനമന്ത്രി മോദിയെ ഖാര്‍ഗെ ‘തീവ്രവാദി’ എന്ന് വിളിച്ചതായാണ് ആരോപണം. ഈ പരാമര്‍ശം വലിയ രാഷ്ട്രീയ കൊടുങ്കാറ്റിനാണ് വഴിവെച്ചിരിക്കുന്നത്.

തമിഴ്നാട്ടില്‍ എഐഎഡിഎംകെയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് തലേദിവസം ഖാര്‍ഗെ പറഞ്ഞത് ഇങ്ങനെയാണ്: ‘അവര്‍ക്ക് (എഐഎഡിഎംകെ) എങ്ങനെ മോദിക്കൊപ്പം ചേരാന്‍ കഴിയും? അദ്ദേഹം ഒരു ഭീകരനാണ്. അദ്ദേഹത്തിന് സമത്വത്തില്‍ വിശ്വാസമില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും നീതിയിലോ സമത്വത്തിലോ വിശ്വാസമില്ല. അങ്ങനെയുള്ളവര്‍ക്കൊപ്പമാണ് ഇവര്‍ കൈകോര്‍ക്കുന്നത്. ഇതിനര്‍ത്ഥം അവര്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നു എന്നാണ്.’

ഈ പരാമര്‍ശം ഉടന്‍ തന്നെ ബിജെപിയെ പ്രകോപിപ്പിക്കുകയും സംസ്ഥാനത്തും ദേശീയ തലത്തിലും വലിയ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഖാര്‍ഗെയ്ക്കെതിരെ നിരവധി ബിജെപി നേതാക്കളാണ് രംഗത്തെത്തിയത്.

വിവാദം കാട്ടുതീ പോലെ പടര്‍ന്നതോടെ, കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രധാനമന്ത്രി മോദി പ്രതിപക്ഷത്തെ ‘ഭയപ്പെടുത്തുന്നു’ (Terrorise) എന്ന് അര്‍ത്ഥമാക്കാനാണ് താന്‍ ആ വാക്ക് ഉപയോഗിച്ചതെന്ന വിശദീകരണവുമായി ഖാര്‍ഗെ രംഗത്തെത്തി. ഭരണകക്ഷിയായ ബിജെപിയുമായി ചേര്‍ന്ന് കേന്ദ്ര ഏജന്‍സികള്‍ ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

‘പ്രധാനമന്ത്രി മോദി എപ്പോഴും (ഞങ്ങളെ) ഭീഷണിപ്പെടുത്തുന്നു എന്നാണ് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിച്ചത്. ആദായനികുതി വകുപ്പും ഇ.ഡിയും മറ്റ് സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ കൈകളിലാണെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞു. അദ്ദേഹം ഒരു ഭീകരനാണെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അദ്ദേഹം (ഞങ്ങളെ) ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്,’ ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.

ഖാര്‍ഗെയുടെ പരാമര്‍ശത്തിന് പിന്നാലെ, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മാതൃകാ പെരുമാറ്റച്ചട്ടം ഖാര്‍ഗെയും കോണ്‍ഗ്രസ് പാര്‍ട്ടിയും ലംഘിച്ചുവെന്ന് ബിജെപി ആരോപിച്ചു. കേന്ദ്രമന്ത്രിമാരും മറ്റ് ബിജെപി നേതാക്കളും അടങ്ങുന്ന ഒരു പ്രതിനിധി സംഘം ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ഈ പരാമര്‍ശത്തിനെതിരെ പരാതി നല്‍കി.

പരാതി ലഭിച്ചതിന് തൊട്ടുപിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിക്കുകയും കോണ്‍ഗ്രസ് നേതാവിന് നോട്ടീസ് അയക്കുകയും ചെയ്തു. പിയൂഷ് ഗോയല്‍, അമിത് മാളവ്യ, അണ്ണാമലൈ തുടങ്ങിയ ബിജെപി നേതാക്കള്‍ ഖര്‍ഗെയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചു. ‘കോണ്‍ഗ്രസ് ഇത്രയും തരംതാഴ്ന്നതില്‍ ഞങ്ങള്‍ക്ക് നാണക്കേട് തോന്നുന്നു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയെയാണ് അവര്‍ ഭീകരന്‍ എന്ന് വിളിച്ചത്. ജനങ്ങളാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഖാര്‍ഗെയുടെ പ്രസ്താവനയെ ഞാന്‍ ശക്തമായി അപലപിക്കുന്നു. പ്രധാനമന്ത്രിയെയും രാജ്യത്തെ ജനങ്ങളെയും അധിക്ഷേപിച്ചതിന് അദ്ദേഹം മാപ്പ് പറയണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു,’ പിയൂഷ് ഗോയല്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം നേരിടാന്‍ പോകുന്ന പരാജയത്തിന്റെ പ്രതിഫലനമാണ് ഖാര്‍ഗെയുടെ വാക്കുകളെന്ന് അണ്ണാമലൈ അവകാശപ്പെട്ടു.

‘വലിയ പാരമ്പര്യമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവായ ഒരു മുതിര്‍ന്ന രാഷ്ട്രീയക്കാരന്‍ ഇത്രയും മോശം ഭാഷ ഉപയോഗിക്കുകയും പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് കെടുത്തുകയും ചെയ്തത് നിര്‍ഭാഗ്യകരമാണ്. പ്രധാനമന്ത്രി മോദിയെ അദ്ദേഹം നേരിട്ട് ഭീകരന്‍ എന്ന് വിളിച്ചു. മല്ലികാര്‍ജുന്‍ ഖര്‍ഗെ പരസ്യമായി മാപ്പ് പറയുകയും ജനങ്ങളോട് ക്ഷമ ചോദിക്കുകയും വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്,’ അണ്ണാമലൈ പറഞ്ഞു.

മല്ലികാര്‍ജുന്‍ ബാര്‍ഗെക്ക് നോട്ടീസ് അയയ്ക്കാന്‍ അസാമന്യമായ തിടുക്കം കാണിച്ച തെരഞ്ഞെടുപ്പ് കമീഷന്‍, കേന്ദ്ര ഭരണകക്ഷിയുടെ അനുസരണയുള്ള ഉപകരണമായി മാറുകയാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു.

തന്റെ പ്രസ്താവന സംബന്ധിച്ച് ഖാര്‍ഗെ നടത്തിയ വിശദീകരണം പാടെ അവഗണിക്കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപ്പാട്. വനിത സംവരണബില്ലിന്റെ പരാജയത്തെ തുടര്‍ന്ന് പ്രധാനമന്ത്രി മോദി, മറ്റെല്ലാ പാര്‍ട്ടികള്‍ക്കും നേരെ അഴിച്ചുവിട്ട തരംതാണ കടന്നാക്രമണത്തെ കണ്ട ഭാവം പോലും കാണിക്കാത്ത തിരഞ്ഞടുപ്പ് കമ്മീഷനാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ താത്പര്യ പ്രകാരം ഖാര്‍ഗെക്കെതിരെ ഭീഷണി ഉയര്‍ത്തുന്നത്. ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ബിജെപിയുടെ കാര്യനിര്‍വഹണ സമിതിയായി ( എക്‌സിക്യൂട്ടീവ് കമ്മിറ്റി ) മാറുന്നത് ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറയെ തന്നെ പിടിച്ചുകുലുക്കുന്നതാണെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News