തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ മാസത്തില്‍ തന്നെ നടത്തണമെന്ന് യുഡിഎഫും എല്‍ഡിഎഫും. എന്നാല്‍ മേയ് മാസത്തില്‍ തെരഞ്ഞെടുപ്പ് മതിയെന്ന നിലപാടിലാണ് ബിജെപി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ സംഘം രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചയിലാണ് നേതാക്കള്‍ നിലപാട് അറിയിച്ചത്.
വിഷു, റംസാന്‍ എന്നീ ആഘോഷങ്ങള്‍ക്ക് മുന്‍പായി തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന നിലപാടാണ് എല്‍ഡിഎഫും യുഡിഎഫും സ്വീകരിച്ചത്. സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളുടെ തീയതി കൂടി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് കണക്കിലെടുക്കണം. എന്നാല്‍ കാലവര്‍ഷത്തിന് മുന്‍പ് മേയില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടത്.
ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് മൂന്ന് മുന്നണികളും ആവശ്യപ്പെട്ടത്. പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്ര സേനയുടെ സാന്നിധ്യം രണ്ടാഴ്ച മുന്‍പ് തന്നെ ഉണ്ടാവണമെന്ന് ബിജെപി കമ്മീഷന് മുന്നില്‍ നിര്‍ദ്ദേശം വച്ചു. പോസ്റ്റല്‍ ബാലറ്റ് കഴിവതും പൂര്‍ണമായും ഒഴിവാക്കണമെന്നും ബിജെപി നിലപാടെടുത്തു.
തദ്ദേശ തെരഞ്ഞൈടുപ്പ് പ്രചാരണ വേളയില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കലാശക്കൊട്ട് ഒഴിവാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കലാശക്കൊട്ട് നിയന്ത്രണം ഒഴിവാക്കണമെന്നും പാര്‍ട്ടികള്‍ കമ്മീഷനോട് നിര്‍ദ്ദേശിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായങ്ങള്‍ തേടിയ കമ്മീഷന്‍ കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക രേഖപ്പെടുത്തി. ഏപ്രില്‍ അവസാനത്തോടെ ഫലം വരുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്‍ ആലോചിക്കുന്നതെന്നാണ് സൂചന.