ന്യൂഡൽഹി: സംസ്ഥാനങ്ങളിൽ പ്രത്യേക വോട്ടർ പട്ടിക തീവ്ര പുനഃപരിശോധന നടത്തുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ സെപ്റ്റംബർ 30-നകം ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും തീവ്ര വോട്ടർ പട്ടിക പുനഃപരിശോധന (Special Intensive Revision – SIR) നടപ്പാക്കുന്നതിനുള്ള മുന്നോടിയായാണ് ഈ നടപടി. വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിനുള്ള നടപടികൾ ഒക്ടോബർ-നവംബർ മാസങ്ങളിൽ തന്നെ ആരംഭിച്ചേക്കുമെന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ധർ പറഞ്ഞു.
അടുത്ത 10 മുതൽ 15 ദിവസത്തിനുള്ളിൽ പ്രത്യേക തീവ്ര പുനഃപരിശോധന നടപ്പിലാക്കാൻ തയ്യാറാകണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നത ഉദ്യോഗസ്ഥരോട് സെപ്റ്റംബർ ആദ്യവാരം ചേർന്ന യോഗത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആവശ്യപ്പെട്ടത്.
പിന്നീട്, കൂടുതൽ വ്യക്തതയ്ക്കായി, സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടുകയായിരുന്നു. അവസാനത്തെ തീവ്ര പുനഃപരിശോധനയ്ക്ക് ശേഷം ഓരോ സംസ്ഥാനങ്ങളിലെയും വോട്ടർ പട്ടികകൾ തയ്യാറാക്കി വെക്കാനാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് ഇപ്പോൾ നിർദേശം നൽകിയിരിക്കുന്നത്.
നിരവധി സംസ്ഥാനങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ അവസാനത്തെ തീവ്ര പുനഃപരിശോധന നടപ്പാക്കിയ ശേഷം പ്രസിദ്ധീകരിച്ച വോട്ടർ പട്ടികകൾ ഇതിനകം തന്നെ തങ്ങളുടെ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡൽഹിയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ, ദേശീയ തലസ്ഥാനത്ത് അവസാനമായി തീവ്ര പുനഃപരിശോധന നടന്ന 2008-ലെ വോട്ടർ പട്ടിക ലഭ്യമാണ്. ഉത്തരാഖണ്ഡിൽ അവസാനമായി തീവ്ര പുനഃപരിശോധന നടന്നത് 2006-ലാണ്. ആ വർഷത്തെ വോട്ടർ പട്ടിക ഇപ്പോൾ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലുണ്ട്.
മിക്ക സംസ്ഥാനങ്ങളിലും അവസാനമായി തീവ്ര പുനഃപരിശോധന നടന്നത് 2002-നും 2004-നും ഇടയിലാണ്. കൂടാതെ അവസാനത്തെ തീവ്ര പുനഃപരിശോധന പ്രകാരമുള്ള വോട്ടർമാരുമായി നിലവിലെ വോട്ടർമാരെ ഒത്തുനോക്കുന്ന നടപടികൾ മിക്കവാറും പൂർത്തിയാക്കിയിട്ടുണ്ട്.
ബിഹാറിന് ശേഷം രാജ്യത്തുടനീളം തീവ്ര പുനഃപരിശോധന നടപ്പിലാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. അസം, കേരളം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ 2026-ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്.
ജനനസ്ഥലം പരിശോധിച്ച് അനധികൃത വിദേശ കുടിയേറ്റക്കാരെ ഒഴിവാക്കുക എന്നതാണ് ഈ തീവ്ര പുനഃപരിശോധനയുടെ പ്രധാന ലക്ഷ്യം. ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ളവരടക്കം അനധികൃത വിദേശ കുടിയേറ്റക്കാർക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ കർശന നടപടികൾ സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കത്തിന്റെ പ്രാധാന്യം വർധിക്കുന്നത്.


