തിരുവനന്തപുരം: തനിക്കെതിരേയുള്ള ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ വിശദീകരണം. ഒളിവിലിരുന്നുകൊണ്ടാണ് കെപിസിസിക്ക് എല്‍ദോസ് വിശദീകരണം നല്‍കിയത്. കെ.പി.സി.സി ഓഫീസില്‍ വക്കീല്‍ മുഖാന്തരം കുറിപ്പ് എത്തിക്കുകയായിരുന്നു.
ഒളിവിലിരിക്കുന്നത് അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കാനാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നെ പുറത്തുവന്നാല്‍ അറസ്റ്റിനെ കുറിച്ചടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാവുമെന്നും എല്‍ദോസ് കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ജാമ്യാപേക്ഷ പരിഗണിച്ച ശേഷം പുറത്തുവരുമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും എല്‍ദോസ് പറയുന്നുണ്ട്.
എല്‍ദോസ് കുന്നപ്പിള്ളിയുടെ വിശദീകരണ കുറിപ്പ് ലഭിച്ചതായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും സ്ഥിരീകരിച്ചു. കത്ത് പരിശോധിച്ചിട്ടില്ലെന്നും കെ.പി.സി.സി ഓഫീസിലെത്തി പരിശോധിച്ച ശേഷം ഉചിതമായ നടപടിയുണ്ടാവുമെന്നും സുധാകരന്‍ പറഞ്ഞു. എം.എല്‍.എയുടെ നടപടി ഒരു തരത്തിലും ന്യായീകരിക്കാനാവില്ലന്നും സുധാകരന്‍ വ്യക്തമാക്കി.
അതേസമയം, ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പള്ളില്‍ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉച്ചയ്ക്ക് ശേഷം കോടതി വിധി പറയും. അപേക്ഷയിൽ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് കോടതി വിധി പറയുക. എംഎൽഎക്കെതിരെ ചുമത്തിയ വധശ്രമം ഉൾപ്പടെ പുതിയ വകുപ്പുകളുടെ വിശദ വിവരം പൊലീസ് കോടതിയിൽ സമർപ്പിച്ചു. ഇത് കൂടി പരിശോധിച്ച ശേഷമാകും വിധി. ഉത്തരവ് പറയുന്നതിന് മുൻപ് തന്‍റെ ഭാഗം കൂടി കേൾക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നെങ്കിലും, മുൻകൂർ ജാമ്യാപേക്ഷയ്ക്കൊപ്പം കോടതി ഇക്കാര്യം പരിഗണിക്കാനിടയില്ല. കൂടുതൽ പേർ ഉൾപ്പെട്ടതും, ഗൂഢാലോചനയും ഉൾപ്പടെ അന്വേഷിക്കാനുണ്ടെന്നും ജാമ്യം നൽകരുതെന്നുമുള്ള വാദമാണ് പ്രോസിക്യൂഷൻ ഉന്നയിച്ചിരിക്കുന്നത്. യുവതിയെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവമേൽപ്പിക്കൽ, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് നിലവിൽ എംഎൽഎയ്ക്ക് മേലുള്ളത്.