KeralaNews

മസാലദോശയും ചമ്മന്തിയുമില്ലാത്ത ആര്‍ഭാടമില്ലാത്ത മകളുടെ മാമോദീസ: സിപിഐയ്ക്ക് ഒളിയമ്പെയ്ത് എല്‍ദോ എബ്രഹാം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച പാര്‍ട്ടി വിലയിരുത്തലിന് പരോക്ഷ മറുപടിയുമായി എല്‍ദോ എബ്രഹാം. മസാലദോശയും ചമ്മന്തിയുമില്ലാത്ത ആര്‍ഭാടമില്ലാത്ത മാമോദീസ എന്നാണ് മകളുടെ മാമോദിസ ചിത്രത്തോടൊപ്പം എല്‍ദോ ഫേസ്ബുക്കില്‍ കുറിച്ചത്. തിരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴയില്‍ എല്‍ഡിഎഫ് തോല്‍ക്കാന്‍ കാരണം എല്‍ദോയുടെ ആര്‍ഭാട വിവാഹമെന്നായിരുന്നു സിപിഐ ജില്ലാ നേതൃത്വത്തിന്റെ കണ്ടെത്തല്‍. സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് എല്‍ദോയുടെ ആര്‍ഭാടത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് വച്ചത്. എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവായിരുന്നു ഈ കണ്ടെത്തല്‍ അവതരിപ്പിച്ചത്.

എല്‍ദോ എബ്രഹാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ,

മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത…..
ആര്‍ഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ….

ഞങ്ങളുടെ മകള്‍ക്ക് കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ ലളിതമായ മാമ്മോദിസ ചടങ്ങ്. എലൈന്‍ എല്‍സ എല്‍ദോ എന്ന പേരും നാമകരണം ചെയ്തു. 2021 മെയ് 24 നാണ് മോള്‍ അതിഥിയായി ഞങ്ങളുടെ കൂട്ടിന് കടന്ന് വന്നത്. എലൈന്‍ എന്നാല്‍ ‘സൂര്യനെപ്പോലെ പ്രകാശിക്കുന്നവള്‍’ ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു ഇവള്‍ വേഗതയില്‍ ഓടി എല്ലായിടത്തും പ്രകാശം പരത്തും. നന്മയുടെ വിത്തുപാകും. പുതു തലമുറയ്ക്ക് പ്രചോദനമാകും.

പാവപ്പെട്ടവര്‍ക്കൊപ്പം എക്കാലവും ഉണ്ടാകും. ശരിയുടെ പക്ഷത്ത് ചേരും. തിന്മകള്‍ക്കെതിരെ പടവാള്‍ ഉയര്‍ത്തും. നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പതാകവാഹകയാകും. എന്റെയും ഭാര്യ ഡോക്ടര്‍ ആഗിയുടെയും ബന്ധുക്കള്‍ മാത്രം ചടങ്ങിന്റെ ഭാഗമായി. ജലത്താല്‍ ശുദ്ധീകരിച്ച ഞങ്ങളുടെ മകളെ എലൈന്‍ എന്ന് എല്ലാവരും വിളിക്കും. സന്തോഷമാണ് മനസു നിറയെ ഞങ്ങളുടെ കുഞ്ഞുമോള്‍… മാലാഖ…. പ്രതീക്ഷയുടെ പൊന്‍കിരണമാണ്. ചടങ്ങില്‍ സംബന്ധിച്ച കുടുംബാംഗങ്ങള്‍ക്ക് ഹൃദയത്തോട് ചേര്‍ത്ത് നന്ദി…..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button