മൂവാറ്റുപുഴ: തിരഞ്ഞെടുപ്പ് സമയത്ത് തനിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും വ്യാജപ്രചാരണങ്ങള്‍ക്കും മറുപടിയായി മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം. തനിക്ക് ഇപ്പോഴും ആകെ സ്വന്തമായുള്ളത് ഒരു സ്‌കൂട്ടര്‍ മാത്രമാണെന്ന് അദ്ദേഹം പറയുന്നു. താന്‍ പിന്നിട്ട വഴികള്‍ എണ്ണിപ്പറഞ്ഞാണ് അദ്ദേഹം കുപ്രചാരണങ്ങളുടെ മുന ഒടിക്കുന്നത്.
എല്‍ദോ എബ്രഹാമിന്റെ കുറിപ്പ് വായിക്കാം
അമ്മയോട് ഒപ്പം ഒരു സെല്‍ഫി..
എന്റെ സുഹൃത്തുക്കളോട് ഞാന്‍ പറയാറുള്ള ഒരു കാര്യം.ഇത് പോലെ സാധുവായ, നിഷ്‌കളങ്ക മനസുള്ള ഒരു അമ്മ വേറെ ഉണ്ടാകില്ല. 77 വയസ് പിന്നിടുമ്പോള്‍ അമ്മയ്ക്ക് ഓര്‍മ്മ നന്നേ ഇല്ല. ചോദ്യങ്ങളോട് വ്യത്യസ്ത മറുപടികള്‍..
1994ല്‍ വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തനം ആരംഭിച്ചകാലം മുതല്‍ മിക്കവാറും രാത്രി വൈകിയും പുലര്‍ച്ചെയുമാണ് വീട് എത്തുന്നത്, മഴക്കാലത്തും മഞ്ഞ് കാലത്തും നട്ടപ്പാതിരയ്ക്ക് തപ്പിപ്പിടിച്ച് ഇരുട്ടിലൂടെ പാടവരമ്പുകള്‍ കടന്ന് ക്ഷീണിതനായി ഞാന്‍ വീട് എത്തും. കൊച്ച് വീട് ,പരിമിതമായ സൗകര്യം വീട്ടിലെ മുന്‍വശത്തെ വാതിലിന് താഴെ ചാണകം മെഴുകിയ തറയില്‍ പായയില്‍ അമ്മ മകനെ കാത്ത് പാതി മയങ്ങി കിടക്കുന്നുണ്ടാകും. അന്ന് വീട്ടില്‍ ഫോണ്‍ഇല്ല, കറന്റില്ല, സ്വാഭാവികമായും കോളിംഗ് ബെല്ലും ഇല്ലല്ലൊ
വാതിലില്‍ ചൂണ്ടുവിരല്‍ കൊണ്ട് ഞാന്‍ രണ്ട് തവണ മുട്ടിയാല്‍ ഉടന്‍ അമ്മ ഉണരും. വാതില്‍ തുറക്കും…. ഇത് വര്‍ഷങ്ങളുടെ ശീലമാണ്. ഇക്കഴിഞ്ഞ ദിനം ഞാന്‍ രാത്രി 11 ന് എത്തി വാതിലില്‍ മുട്ടി അമ്മ ലൈറ്റിടാന്‍ ശ്രമിക്കുമ്പോള്‍ മൊബൈല്‍ ഫോണിലെ ടോര്‍ച്ച് ഓണ്‍ ചെയ്ത് ഞാന്‍ അടിച്ചു കൊടുത്തു.’ അമ്മേ എല്‍ദോ ആണ് എന്ന് പഴയ പോലെ ഞാന്‍ വീണ്ടും പറഞ്ഞപ്പോള്‍ മറുപടി ദാ വരുന്നു.,, വാതില്‍ തുറന്നു. ഓര്‍മ്മയുടെ പാടുകള്‍ മാഞ്ഞിട്ടില്ല… മറഞ്ഞിട്ടില്ല….അമ്മയ്ക്ക് ഇപ്പോഴും പഴയ ശീലങ്ങള്‍ ഒന്നും കൈവിട്ടിട്ടില്ല.
മകന്‍ നടന്നു നീങ്ങിയവഴിയില്‍ അപ്പനോ അമ്മയോ ഒരിക്കലും തടസം നിന്നില്ല.’ നോ ‘ എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. പഴയ എല്‍ദോ അല്ല ഇപ്പോള്‍ എന്ന് പറയുന്ന ധാരാളം ആളുകള്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തുണ്ടായി.പണം ധാരാളം, കാറുണ്ട്, സ്ഥലം വാങ്ങി, പുതിയ വീട് പണിതു, വിദേശത്ത് ബിസിനസ് ഉണ്ട്, ബിനാമി ഏര്‍പ്പാടല്ലെ !, ഭാര്യ കോടീശ്വരി അല്ലെ എന്താ കുഴപ്പം എന്ന് ചായക്കടകളില്‍, നാട്ടിന്‍ പുറങ്ങളില്‍ ഏറെ ചര്‍ച്ച നടന്നത് ഈ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു.
ബോധപൂര്‍വ്വം പറഞ്ഞവരും അറിവില്ലാതെ പറഞ്ഞവരും ഉണ്ട്. വാസ്തവത്തില്‍ ഒരു പാട് സങ്കടമായി. ആരോടും പിണക്കമോ വിരോധമോ ഇല്ല. ഞാന്‍ ചേര്‍ത്ത് പിടിച്ച എന്റെ സ്വന്തം നാട്ടില്‍ പോലും വിഷാംശം നിറഞ്ഞ കുപ്രചരണങ്ങള്‍ നടത്തുന്നതില്‍ എന്റെ സുഹൃത്തുക്കള്‍ വിജയിച്ചു. എന്നാല്‍ എന്റെ കുടുംബത്തിനറിയാം എല്‍ദോ ആ പഴയ എല്‍ദോ ആണെന്ന്.
2016ല്‍ ജനങ്ങളോട്, നാടിനോട് ,അധികൃതരോട് പറഞ്ഞ എന്റെ സമ്പാദ്യം ഒരു സ്‌കൂട്ടര്‍ മാത്രമാണ്. ഇപ്പോള്‍ ആ സ്‌കൂട്ടറിന് 5 വയസ് കൂടി എന്നതാണ് വന്ന ഒരേ ഒരു വളര്‍ച്ച.ഒപ്പം ഏറിയ ബാധ്യതകളും. ഒരായുസില്‍ ഒരു പക്ഷെ ഇനി നീട്ടി ലഭിക്കാന്‍ ഇടയുള്ള കാലം കഠിനാധ്വാനം ചെയ്താലും ബാധ്യതകള്‍ വിട്ടൊഴിയില്ല… കണ്ണില്‍ ചോര ഇല്ലാത്തവര്‍ ,മന:സാക്ഷിയുടെ ചെറുതരി അംശം ഇല്ലാത്തവര്‍ എന്തെല്ലാമാണ് നാവുകൊണ്ട് കാതുകളിലേക്ക് പകര്‍ന്ന് നല്‍കുന്നത്.! എല്‍ദോയ്ക്ക് മാറാന്‍ ആകില്ല..അമ്മയ്ക്ക് അറിയാം അമ്മയുടെ മോന്‍ മാറില്ല എന്ന്…. ആരെല്ലാം അവിശ്വസിച്ചാലും അമ്മയ്ക്ക് പഴയ എല്‍ദോ എബ്രഹാമാണ്..