കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. റെയിൽവേ പൊലീസ് സമർപ്പിച്ച എഫ്ഐആറിലാണ് 302 ഐപിസി സെക്ഷൻ ചേർത്തത്. മൂന്ന് പേരുടെ മരണവുമായി ബന്ധപ്പെട്ട് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. അതിനിടെ, ഷാറൂഖ് സെയ്ഫിയെ ഈ മാസം 20 വരെ റിമാൻഡ് ചെയ്തു. പ്രതി ചികിത്സയിൽ കഴിയുന്ന മെഡിക്കൽ കോളജിലെത്തിയാണ് മജിസ്ട്രേറ്റ് റിമാൻഡ് നടപടി പൂർത്തിയാക്കിയത്. ഇയാൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ.
ഇന്ന് രാവിലെ പ്രതിയെ കോടതിയിലെത്തിക്കുമെന്നായിരുന്നു സൂചനയെങ്കിലും പിന്നീട് കോഴിക്കോട് സിജെഎം ഒന്നാം കോടതി മജിസ്ട്രേറ്റ് മെഡിക്കൽ കോളജിലെത്തുകയായിരുന്നു. ഇന്നലെ മുതൽ ഇവിടെ ചികിത്സയിലാണ് ഷാറൂഖ് സെയ്ഫി. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പ്രതിക്കായി ഉടൻ കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു. സിറ്റി പൊലീസ് കമ്മീഷണറടക്കമുള്ള പൊലീസുകാർ മെഡിക്കൽ കോളജിലുണ്ടായിരുന്നു. 25-ാം വാര്‍ഡിലെ സെല്ലിലാണ് പൊലീസ് കാവലിൽ പ്രതി ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ കരൾ സംബന്ധമായ അസുഖം കണ്ടതിനെത്തുടർന്നാണ് പരിശോധനക്കെത്തിച്ച ഷാറുഖിനെ അഡ്മിറ്റ് ചെയ്തത്. ബിലിറൂബിൻ അടക്കമുള്ള പരിശോധനകളിൽ അസ്വാഭാവികമായ കൗണ്ട് ഉണ്ടായിരുന്നുവെങ്കിലും ഇന്ന് സ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. കൈയിൽ നേരിയ പൊള്ളലേറ്റ പാടുകളുണ്ട്. ശരീരമാസകലം ഉരഞ്ഞ പാടുകളുണ്ട്. ഉത് ട്രെയിനിൽ നിന്നുള്ള വീഴ്ചയിൽ പറ്റിയതാണെന്നാണ് വിലയിരുത്തൽ. മുറിവുകൾക്ക് നാല് ദിവസത്തെ പഴക്കമുണ്ട്. കണ്‍പോളകളിലെ മുറിവ് ഗൗരവമുള്ളതല്ല. സിടിസ്കാൻ, എക്സ്റേ പരിശോധനകളിലും കുഴപ്പമില്ല.
ഉമിനീരും തൊലിയും മറ്റും രാസപരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഇതിനിടെ, അതീവ സുരക്ഷയിലിരുക്കുന്ന പ്രതിയെ ഉന്നത ഉദ്യോഗസ്ഥന്റെ ഒത്താശയുടെ ഒരു മാധ്യമപ്രവർത്തകന് കാണാനും ദൃശ്യങ്ങളെടുക്കാനും അവസരം നൽകിയത് വിവാദമായിട്ടുണ്ട്. ഇയാളെ വൈദ്യപരിശോധനനടക്കുന്ന സ്ഥലത്തും സെല്ലിലും സുരക്ഷാചട്ടങ്ങൾ ലംഘിച്ച് പ്രവേശിക്കാൻ അനുവദിച്ചു. ചട്ടലംഘനത്തെക്കുറിച്ച് ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിനോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചെങ്കിലും പ്രതികരിച്ചില്ല.