25.5 C
Kottayam
Saturday, May 18, 2024

താനെയിലെ ഓട്ടോക്കാരനിൽ നിന്നും മഹാനഗരത്തിലെ മുഖ്യമന്ത്രിക്കസേരയിലേക്ക്, താക്കറെ കുടുംബത്തെ അധികാരത്തിൽ നിന്നും ആട്ടിയിറക്കിയ ഏകനാഥ് ഷിൻഡെയുടെ കഥയിങ്ങനെ

Must read

മുംബൈ: ഛഗൻ ഭുജ്ബലിനെയും നാരായൺ റാണെയെയും പോലെ, ശിവസേനയിലിനിയൊരു പിളർപ്പുണ്ടാക്കുക മാത്രമല്ല ഏകനാഥ് ഷിൻഡെയുടെ നേട്ടം. അയാള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം തന്നെ നേടി എടുത്തു. താക്കറെമാർ കഴിഞ്ഞാൽ ശിവസേനയിലെ ഏറ്റവും വലിയ നേതാക്കളിലൊരാളായ ഏകനാഥ് ഷിൻഡെ ഈ പദവിയിലെത്തിയതെങ്ങനെയാണ്? താനെയിലെ ഒരു ബിയർ ബ്രൂവറിയിൽ ജോലി ചെയ്തിരുന്ന, രണ്ടറ്റം കൂട്ടിമുട്ടിക്കാനായി ഓട്ടോ ഓടിച്ചിരുന്ന ഒരു സാധാരണക്കാരനായിരുന്ന ഏകനാഥ് ഷിൻഡെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി? ആരാണീ ഏകനാഥ് ഷിൻഡെ?

താനെയിലെ ശിവസേനയുടെ പ്രമുഖനേതാക്കളിലൊരാളാണ് ഏക് നാഥ് ഷിൻഡെ. താനെ മേഖലയിൽ ശിവസേനയെ കെട്ടിപ്പടുക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചയാൾ കൂടിയാണ് ഷിൻഡെ. സേനയുടെ ജനപ്രിയനേതാക്കളിലൊരാളായ ഷിൻഡെ, 2014-ൽ മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷനേതാവായിരുന്നു. ബിജെപിയുമായി വഴിപിരിഞ്ഞ ശേഷം പ്രതിപക്ഷനേതൃപദവി വിശ്വാസത്തോടെ പാർട്ടി ഏൽപിച്ചതും ഷിൻഡെയെത്തന്നെ. പിന്നീട് എൻസിപി – കോൺഗ്രസ് – സഖ്യം മഹാവികാസ് അഘാഡി സർക്കാർ രൂപീകരിച്ചപ്പോൾ നഗരവികസന, പൊതുമരാമത്ത് വകുപ്പാണ് ഷിൻഡെയ്ക്ക് നൽകിയത്. ഷിൻഡെയുടെ മകൻ ഡോ. ശ്രീകാന്ത് ഷിൻഡെ കല്യാണിൽ നിന്നുള്ള എംപിയാണ്. 

ബാലാസാഹെബ് താക്കറെയുടെയും ഇപ്പോൾ ഉദ്ധവ് താക്കറെയുടെയും വീടായ, ശിവസൈനികരുടെ ആരാധനാകേന്ദ്രമായിപ്പോലും കണക്കാക്കപ്പെടുന്ന ‘മാതോശ്രീ’യിലെത്തി താക്കറെമാരുടെ ഒരു കൂടിക്കാഴ്ച പാർട്ടിയിലെ എംഎൽഎമാർക്ക് പോലും എളുപ്പമല്ല. പക്ഷേ ഏകനാഥ് ഷിൻഡെ അത്തരത്തിലുള്ള ഒരു നേതാവല്ല. ഏത് എംഎൽഎമാർക്കും ഏത് രാത്രിയും വിളിക്കാവുന്ന നേതാവാണ് ഷിൻഡെ. അത് തന്നെയാണ് ഷിൻഡെയെ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കുന്നത് സാധ്യമാക്കിയത് എന്ന് വ്യക്തം.

മഹാരാഷ്ട്രയിലെ സതാര സ്വദേശികളാണ് ഏകനാഥ് ഷിൻഡെയുടെ മാതാപിതാക്കൾ. ഷിൻഡെ കുഞ്ഞായിരുന്നപ്പോൾ ’70-കളിലാണ് ഈ കുടുംബം താനെയിലേക്ക് താമസം മാറ്റുന്നത്. മീൻ പിടിച്ചും, ബിയർ ബ്രൂവറിയിൽ ജോലി ചെയ്തും, താനെ നഗരത്തിൽ ഓട്ടോ ഓടിച്ചുമാണ് ഷിൻഡെ തന്‍റെ ചെറുപ്പകാലം ചെലവഴിക്കുന്നത്. ഇതിനൊപ്പം ’80-കളിൽ ശിവസേനയുടെ സജീവപ്രവർത്തകനായി ഷിൻഡെ. 

കഠിനാധ്വാനിയായ ഷിൻഡെ വളരെപ്പെട്ടെന്ന് തന്നെ താനെ ജില്ലാ ശിവസേനാനേതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. താനെ ജില്ലാ പ്രസിഡന്‍റായിരുന്ന ആനന്ദ് ദിഖെയെ തന്‍റെ രാഷ്ട്രീയഗുരുവായി കണക്കാക്കുന്ന ഷിൻഡെ, തന്‍റെ വസ്ത്രധാരണം പോലും ദിഖെയ്ക്ക് സമാനമായി മാറ്റി. 1997-ൽ താനെ മുൻസിപ്പൽ കോർപ്പറേഷനിലേക്ക് കൗൺസിലറായി വിജയിച്ചുകയറിയതാണ് ഷിൻഡെയുടെ രാഷ്ട്രീയജീവിതത്തിലെ തുടക്കം. 

വ്യക്തിപരമായി കനത്ത നഷ്ടം നേരിട്ട് രാഷ്ട്രീയത്തിൽ നിന്ന് തന്നെ ഷിൻഡെ വനവാസത്തിലേക്ക് നീങ്ങിയ വർഷമാണ് 2000. ഷിൻഡെയുടെ രണ്ട് കുട്ടികളും മുങ്ങിമരിച്ചത് ചെറിയ ആഘാതമല്ല ഷിൻഡെയിലുണ്ടാക്കിയത്. അന്ന് രാഷ്ട്രീയഗുരുവായ ദിഖെയാണ് ഷിൻഡെയെ തിരികെ രാഷ്ട്രീയത്തിലെത്തിച്ചത്. ഹ്രസ്വകാലത്തെ ആ വനവാസത്തിന് ശേഷം താനെ മുൻസിപ്പൽ കോർപ്പറേഷന്‍റെ ചെയർമാൻ പദവിയിലേക്ക് എത്തി ഏകനാഥ് ഷിൻഡെ. 

2001 ഓഗസ്റ്റിൽ ദിഖെയുടെ മരണശേഷം ശിവസേനയുടെ താനെ യൂണിറ്റിന്‍റെ മുഖമായി ഏകനാഥ് ഷിൻഡെ മാറി. 2004-ൽ ആദ്യമായി കോപ്രി-പഞ്ച്പഖാഡി സീറ്റിൽ നിന്ന് വിജയിച്ച് എംഎൽഎയായ ഷിൻഡെ, പിന്നീട് അതേ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി നാല് തവണ വിജയിച്ച് കയറി. 

മിതഭാഷിയാണ് ഏകനാഥ് ഷിൻഡെ. എന്നാൽ പാർട്ടി തലത്തിൽ വളരെ അഗ്രസീവായി ജോലി ചെയ്യുന്ന തരക്കാരനുമാണ്. ശിവസേനയോട് എല്ലാ തരത്തിലും വിധേയത്വം പുലർത്തിയിരുന്ന ഷിൻഡെയാണ് ഇപ്പോള്‍ അവരുടെ എല്ലാമായ താക്കറെ കുടുംബത്തിനെ തന്നെ അധികാരത്തില്‍ നിന്നും പിന്തള്ളി, മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി സ്ഥാനം നേടുന്നത്.  ‘തന്നെപ്പോലുള്ള ശിവസൈനികരെ ബാലാസാഹെബ് പഠിപ്പിച്ചത് ഹിന്ദുത്വ’മാണെന്ന് ഏകനാഥ് ഷിൻഡെ നേരത്തെ പറഞ്ഞത്, മുൻരാഷ്ട്രീയവൈരികളായിരുന്ന കോൺഗ്രസും എൻസിപിയുമായി ശിവസേന സഖ്യം രൂപീകരിച്ചതിൽ അന്നേ ഷിൻഡെ പക്ഷത്തിനുള്ള മുറുമുറുപ്പ് പരസ്യമാക്കി പുറത്ത് പോയ ഷിന്‍ഡേ ബിജെപിയുടെ കൈതാങ്ങില്‍ മുഖ്യമന്ത്രിയായി തിരിച്ചെത്തി. 

ബാൽ താക്കറെ ഒരിക്കലും ഒരു അധികാരപദവിയിലിരുന്നിട്ടില്ല. എന്നാൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് സ്വയം അവരോധിച്ച, ആദിത്യതാക്കറെയെന്ന മകനെ രാഷ്ട്രീയത്തിലുയർന്ന് വരാനായി എല്ലാ ശ്രമവും നടത്തുന്ന ഉദ്ധവ് താക്കറെയോട് കടുത്ത അതൃപ്തിയുണ്ട് ഷിൻഡെയ്ക്ക് എന്ന് സഖ്യസര്‍ക്കാര്‍ തുടക്കകാലത്തെയുള്ള മഹാരാഷ്ട്രീയത്തിലെ ഒരു സംസാരമാണ്. അതാണ് ഇപ്പോള്‍ ഷിന്‍ഡേയുടെ കലാപത്തിലേക്കും, പുതിയ സ്ഥാനലബ്ദിയിലേക്കും നയിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week