അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറിലെ കലുഷിതമായ പോരാട്ടത്തിന് പിന്നാലെ റഫറി ഫ്രാങ്കോയിസ് ലെറ്റെക്സിയര്‍ക്കെതിരെ ഫിഫയ്ക്ക് പരാതി നല്‍കി ഈജിപ്ത്. ഈജിപ്ത് ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹാനി അബു റിദയാണ് പരാതി നല്‍കിയതെന്നും ഒരു സ്പാനിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ പരിശോധനയ്ക്ക് ശേഷി നിഷേധിക്കപ്പെട്ട ഗോള്‍, അര്‍ജന്റീനയുടെ വിജയഗോളിലേക്കുള്ള തുടക്കമിട്ട മുഹമ്മദ് സലയെ ഫൗള്‍ ചെയ്തത് തുടങ്ങിയവ അന്വേഷിക്കണമെന്നാണ് പരാതിയിലുള്ളത്. ടൂര്‍ണമെന്റില്‍നിന്ന് ഫ്രാങ്കോയിസിനേ നീക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്ന ശേഷം 3-2 ന് പൊരുതിവീണ ഈജിപ്ത്, മത്സരത്തിലെ റഫറിയിങ്ങിനെതിരെ ഫിഫയ്ക്ക് ഔദ്യോഗികമായി പരാതി നല്‍കിയിരിക്കുകയാണ്. മാച്ച് റഫറിയായിരുന്ന ഫ്രഞ്ച് ഒഫീഷ്യല്‍ ഫ്രാന്‍സ്വാ ലെറ്റെക്‌സിയറുടെ (Francois Letexier) വിവാദപരമായ തീരുമാനങ്ങള്‍ക്കെതിരെ ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (EFA) പ്രസിഡന്റ് ഹാനി അബോ റിദയാണ് ഫിഫയെ സമീപിച്ചതെന്ന് സ്പാനിഷ് കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കളിക്കളത്തില്‍ തങ്ങള്‍ ചോര നീരാക്കി പൊരുതി നേടിയ ചരിത്ര വിജയം പക്ഷപാതപരമായി തട്ടിയെടുത്ത ഫ്രഞ്ച് റഫറിയെയും സംഘത്തെയും ഈ ലോകകപ്പിലെ ബാക്കി മത്സരങ്ങള്‍ നിയന്ത്രിക്കുന്നതില്‍ നിന്ന് അടിയന്തരമായി വിലക്കണമെന്നാണ് ഈജിപ്തിന്റെ പ്രധാന ആവശ്യം.
മത്സരത്തിലുടനീളം ഈജിപ്തിന് പ്രതികൂലമായി വന്ന മുഴുവന്‍ വിവാദ തീരുമാനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്ന് പരാതിയില്‍ ശക്തമായി ആവശ്യപ്പെടുന്നുണ്ട്. കളിയില്‍ ഈജിപ്ത് 1-0 ന് മുന്നിട്ടുനില്‍ക്കുമ്പോള്‍ താരം മുസ്തഫ സിക്കോ നേടിയ സുപ്രധാന ഗോള്‍ ‘വാര്‍’ (VAR) പരിശോധനയിലൂടെ റഫറി നിഷേധിച്ചതാണ് ഈജിപ്ഷ്യന്‍ ക്യാമ്പിനെ ആദ്യം ചൊടിപ്പിച്ചത്. ഫൗള്‍ ചൂണ്ടിക്കാണിച്ചായിരുന്നു റഫറിയുടെ ഈ നടപടി. ഇതിലും വലിയ നാടകീയത അരങ്ങേറിയത് മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ്. ഇഞ്ചുറി ടൈമില്‍ അര്‍ജന്റീനന്‍ താരം എന്‍സോ ഫെര്‍ണാണ്ടസ് വിജയഗോള്‍ നേടുന്നതിന് തൊട്ടുമുന്‍പ്, മധ്യനിര താരം അലക്‌സിസ് മാക് അലിസ്റ്റര്‍ ബോക്‌സിനുള്ളില്‍ വെച്ച് ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലായെ ഫൗള്‍ ചെയ്ത് വീഴ്ത്തിയിരുന്നു. ഈജിപ്തിന് വ്യക്തമായ പെനാല്‍റ്റി ലഭിക്കേണ്ട സാഹചര്യമായിരുന്നിട്ടും ഈ ഫൗള്‍ പരിശോധിക്കാന്‍ പോലും റഫറിയോ ‘വാര്‍’ സംഘമോ തയ്യാറായില്ല എന്നത് കടുത്ത നീതികേടായി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
തങ്ങള്‍ കൊടിയ വഞ്ചനയ്ക്ക് ഇരയായെന്നും കടുത്ത അനീതിയാണ് നേരിട്ടതെന്നുമാണ് ഈജിപ്ത് പരിശീലകന്‍ ഹൊസാം ഹസ്സന്‍ മത്സരശേഷം വികാരാധീനനായി പ്രതികരിച്ചത്. മൈതാനത്തിന് പുറത്തുനിന്നുള്ള ബാഹ്യ ഇടപെടലുകള്‍ കളിയുടെ ഫലത്തെ സ്വാധീനിച്ചെന്നും, ഫിഫയ്ക്ക് നിലവിലെ ചാമ്പ്യന്മാരെയും ലയണല്‍ മെസ്സിയെയും ടൂര്‍ണമെന്റില്‍ നിലനിര്‍ത്തേണ്ടതുണ്ടായിരുന്നു എന്നും അദ്ദേഹം തുറന്നടിച്ചു. കടുത്ത പ്രതിഷേധ സൂചകമായി ഈ ലോകകപ്പിലെ ഇനിയുള്ള ഒരു മത്സരവും താന്‍ കാണില്ലെന്നും ഹസ്സന്‍ പ്രഖ്യാപിച്ചു. മത്സരത്തിനിടെ തനിക്ക് വംശീയ അധിക്ഷേപം നേരിട്ടു എന്ന് റഫറിയെ അറിയിക്കാനായി ഹസ്സന്‍ ഫിഫയുടെ വംശീയവിരുദ്ധ ‘ക്രോസ്’ (Crossed hands) ചിഹ്നം കാണിച്ചെങ്കിലും അത് തള്ളിക്കളഞ്ഞ റഫറി ഹസ്സന് മഞ്ഞക്കാര്‍ഡ് നല്‍കിയതും വലിയ വിവാദത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്.
പരിശീലകന് പുറമെ ഈജിപ്ഷ്യന്‍ താരങ്ങളും ഫിഫയുടെ പക്ഷപാതപരമായ നിലപാടുകള്‍ക്കെതിരെ കടുത്ത ഭാഷയില്‍ രംഗത്തെത്തിയിട്ടുണ്ട്. ടൂര്‍ണമെന്റിലെ വിജയി ആരാണെന്ന് ഫിഫ മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചതാണെന്നും, ‘കപ്പെടുത്ത് അര്‍ജന്റീനയ്ക്ക് കൊടുത്തോളൂ’ എന്നുമാണ് താരം മുസ്തഫ സിക്കോ മാധ്യമങ്ങളോട് പരിഹാസപൂര്‍വ്വം പ്രതികരിച്ചത്. വിയര്‍പ്പൊഴുക്കി കളി ജയിച്ചിട്ടും സാങ്കേതികത്വത്തിന്റെയും റഫറിയിങ്ങിന്റെയും പേരില്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കപ്പെട്ടതിന്റെ കടുത്ത വേദനയിലാണ് ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ ലോകം. ഈജിപ്ത് നല്‍കിയ ഔദ്യോഗിക പരാതിയില്‍ ഫിഫ ഇനി എന്ത് നിലപാട് സ്വീകരിക്കും എന്നതിലേക്ക് ഉറ്റുനോക്കുകയാണ് കായികലോകം.


