KeralaNews

ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ ശ്രമം, നീക്കങ്ങൾ 3 വിങ്ങുകളായി തിരിഞ്ഞ്; PFIക്കെതിരെ കുറ്റപത്രം

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഗുരുതര കണ്ടെത്തലുമായി എന്‍.ഐ.എ കുറ്റപത്രം. 51 പ്രതികള്‍ക്കെതിരെയാണ് പി.എഫ്.ഐ കേസില്‍ എന്‍.ഐ.എ കുറ്റപത്രം നല്‍കിയത്. ഇവരില്‍ 12 പേര്‍ ഒളിവിലാണ്. കൊച്ചി എന്‍.ഐ.എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ശ്രീനിവാസന്‍ കൊല ചെയ്യപ്പെട്ടത് പി.എഫ്.ഐയുടെ തീരുമാനപ്രകാരമാണെന്നും എന്‍.ഐ.എ കുറ്റപത്രത്തില്‍ വ്യക്തമാക്കി.

ദാറുള്‍ ഖദ എന്ന പേരില്‍ പി.എഫ്.ഐയ്ക്കകത്ത് കോടതിയുണ്ടാക്കി പ്രവര്‍ത്തിച്ചുവെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. ദാറുള്‍ ഖദയുടെ തീരുമാനങ്ങളാണ് പ്രവര്‍ത്തകര്‍ നടപ്പിലാക്കിയിരുന്നത്. അങ്ങനെയാണവര്‍ കൊലപാതകങ്ങള്‍ നടത്തിയിരുന്നത്.

റിപ്പോര്‍ട്ടേഴ്‌സ് വിങ്, സര്‍വീസ് വിങ്, ലീഡര്‍ഷിപ്പ് വിങ് എന്നിങ്ങനെ പ്രധാനമായും മൂന്നു വിങ്ങുകളായാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. റിപ്പോര്‍ട്ടേഴ്‌സ് വിങ് കേരളത്തിനകത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് ലക്ഷ്യം വെച്ച ആളുകളെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കും. അത് ലീഡര്‍ഷിപ്പ് വിങിന് കൈമാറും. അത് അടുത്ത വിങിന് കൈമാറും. അതിനു ശേഷമാണ് കുറ്റകൃത്യത്തിലേക്ക് കടക്കുക.

2047-ഓടെ ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് പി.എഫ്.ഐയുടെ ലക്ഷ്യം. ഇത് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ശ്രീനിവാസന്റെ കൊലപാതകം തീവ്രവാദപരമായാണ് നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. മറ്റു മതസ്ഥരെ പേടിപ്പിച്ചു നിര്‍ത്തുകയായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യമെന്നും മുപ്പതിനായിരം പേജുകളുള്ള കുറ്റപത്രത്തില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button