22.9 C
Kottayam
Sunday, November 24, 2024

ദിയമോൾക്ക് അഭിനന്ദനങ്ങൾ ;സംസ്ഥാനത്തെ ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ മേന്മയെ കുറിച്ചും എസ് എസ് എൽ സി ഫലപ്രഖ്യാപനത്തിനെതിരെയുള്ള വിമർശനങ്ങളെ കുറിച്ചുമുള്ള വിദ്യാർത്ഥിനിയുടെ കുറിപ്പ് പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി

Must read

തിരുവനന്തപുരം:എസ് എസ് എൽ സി ഫലപ്രഖ്യാപനം വന്നപ്പോഴും അതിന് ശേഷവുമുണ്ടായ ട്രോളുകൾ വേദനിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് GHSS പെരുവള്ളൂരിലെ വിദ്യാർഥിനി ദിയ, അമ്മയുടെ ഫേസ്ബുക് അക്കൗണ്ടിലൂടെ കുറിപ്പ് പോസ്റ്റ് ചെയ്തത്. മാഹാമാരിക്കാലത്തെ പഠനത്തെ കുറിച്ചും ഡിജിറ്റൽ ക്ലാസിനെ കുറിച്ചും പരീക്ഷ നടത്തിപ്പിനെ കുറിച്ചും ഫലപ്രഖ്യാപനത്തെ കുറിച്ചും ഒരു വിദ്യാർത്ഥിനിയുടെ കാഴ്ചപ്പാടിൽ ദിയ വിലയിരുത്തൽ നടത്തുന്നുണ്ട്. ഈ കുറിപ്പാണ് പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഷെയർ ചെയ്തത്.

പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് –

പ്രിയപ്പെട്ട കൂട്ടുകാരേ

എസ്എസ്എൽസി പരീക്ഷാ ഫലത്തെക്കുറിച്ചും അതിനെതിരെയുള്ള വിമർശനങ്ങളെ കുറിച്ചും GHSS പെരുവള്ളൂരിലെ വിദ്യാർഥിനി ദിയയുടെ കുറിപ്പ് കണ്ടു. പഠന പ്രവർത്തനങ്ങളിൽ കുട്ടികളെ ഉറപ്പിച്ചുനിർത്താൻ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഇടപെടലുകൾ ഏറെ സഹായകമായി എന്ന് ദിയ വിവരിച്ചിട്ടുണ്ട്. ഡിജിറ്റൽ ക്ലാസുകൾ പഠനത്തിന് എത്രത്തോളം ഗുണം ചെയ്തു എന്ന് ദിയ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

പഠിച്ച് പരീക്ഷയെഴുതി കൃത്യമായി മൂല്യനിർണയം നടത്തി ഫലം പ്രഖ്യാപിച്ചാണ് ദിയ അടക്കമുള്ള വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടിയത്. ഏതു സ്ഥാപനവും വിലമതിക്കുന്ന ഗുണനിലവാരമുള്ള സർട്ടിഫിക്കറ്റ് ആണ് നമ്മുടെ കുട്ടികളുടെ പക്കലുള്ളത്.

തുറന്നെഴുതിയതിന് ദിയക്ക് നന്ദി. ദിയ ഉന്നയിച്ച ചോദ്യങ്ങൾ വിമർശകരുടെ കണ്ണ് തുറപ്പിക്കും എന്ന് പ്രത്യാശിക്കാം. ഭാവിയിൽ കൂടുതൽ ഉയരങ്ങളിലെത്താൻ ദിയക്കും എല്ലാ കൂട്ടുകാർക്കും ആകട്ടെ.

സ്നേഹത്തോടെ

വി ശിവൻകുട്ടി

ദിയയുടെ കുറിപ്പ് ഇങ്ങനെ –

ഞാൻ ദിയ….
ഇക്കഴിഞ്ഞ SSLC ബാച്ചിലെ (2020-21) വിദ്യാർത്ഥിനി.
പരീക്ഷാഫലം വന്നപ്പോൾ എല്ലാ വിഷയത്തിനും A+ നേടിയ GHSS പെരുവള്ളൂരിലെ 61 വിദ്യാർത്ഥികളിൽ ഒരാൾ. അതിൽ വളരെ സന്തോഷമുണ്ട്. അതോടൊപ്പം നല്ല സങ്കടവും ഉള്ളിലുണ്ട്. സോഷ്യൽ മീഡിയയിലൂടെയും മറ്റും ഞങ്ങളെ കളിയാക്കി പല ട്രോളുകളും ഇറങ്ങുന്നതും അതിൽ വരുന്ന ചില മോശം കമന്റുകളും കണ്ടു. സ്കൂളിൽ പണിക്കു വന്ന ബംഗാളികൾക്കും A+ എന്നൊക്കെ ട്രോളുകൾ കണ്ടു.

ഒരു കാര്യം തുറന്നെഴുതാൻ ആഗ്രഹിക്കുന്നു .
2020 ജൂൺ 1 ന് തന്നെ ഞങ്ങളുടെ SSLC ബാച്ചിനുള്ള ക്ലാസ്സുകൾ വിക്ടേഴ്സ് ചാനൽ വഴി ആരംഭിച്ചിരുന്നു. സ്കൂളിൽ നിന്നും ഒമ്പതാം ക്ലാസ്സിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ 4 ഗ്രൂപ്പുകളായി തിരിച്ച് വാട്സ് ആപ് ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്തു. Fly high, Shine, Inspire, Ignite എന്നിവയായിരുന്നു അത്. വിക്ടേഴ്സ് ചാനലിലൂടെയുള്ള ക്ലാസുകൾക്ക് പുറമെ ഞങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകർ ഈ നാല് ഗ്രൂപ്പുകളിലൂടെ പഠനചർച്ചകൾ ദിവസവും നടത്തിക്കൊണ്ട് ഞങ്ങളുടെ പഠന നിലവാരം ഉയർത്താൻ നിഴലുപോലെ കൂടെയുണ്ടായിരുന്നു.
ഗ്രൂപ്പുകൾ ഞങ്ങൾക്ക് സംശയ നിവാരണത്തിനും
പഠനത്തിനും ഒരുപാട് സഹായിച്ചു.
[വിക്ടേഴ്സിലെ ക്ലാസുകൾ കാണുന്നതിന് ടെലിവിഷനെ ആശ്രയിച്ചു തന്നെയാണ് മുന്നോട്ട് പോയിരുന്നത്.
കറന്റില്ലാത്ത സമയങ്ങളിൽ മാത്രമേ ക്ലാസിനായി ഞാൻ മൊബൈലിനെ ആശ്രയിച്ചിരുന്നൊള്ളൂ.]
ഗ്രൂപ്പുകളിൽ തരുന്ന പഠന പ്രവർത്തനങ്ങൾ സമയനിഷ്ഠമായി ചെയ്തു തീർക്കാനും അതുമായി ബന്ധപ്പെട്ട പഠന ചർച്ചകളിൽ സജീവമായി പങ്കെടുക്കാനും ഞങ്ങളേവരും ശ്രദ്ധിച്ചിരുന്നു. ഞങ്ങളുടെ പഠനമികവിനോടൊപ്പം പോരായ്മകൾ പറഞ്ഞ് പരിഹരിച്ചു തരുവാനും എല്ലാ അദ്ധ്യാപകരും ഞങ്ങളോട് ചേർന്ന് നിന്നു.
2021 ജനുവരി 4 മുതൽ സ്കൂളിൽ പോയി അധ്യാപകരുമായി നേരിട്ട് സംവദിക്കാൻ അവസരം ലഭിച്ചു. ഓരോ ക്ലാസ്സിലും വളരെ കുറച്ച്
കുട്ടികളെ മാത്രം ഉൾപ്പെടുത്തി മണിക്കൂറുകളോളം മാസ്കും വെച്ച് സാനിറ്റൈസർ കൊണ്ട് കൈകൾ ഇടക്കിടെ അണുവിമുക്തമാക്കി കൊറോണയിൽ നിന്നും
ഒരകലം പാലിച്ചു എന്നു പറയാം. കിട്ടിയ സമയം
കൊറോണ ഭീതിയെ മനസിലടക്കി മാക്സിമം ഞങ്ങളേവരും നന്നായി വിനിയോഗിച്ചു.
പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ
ഉയർത്തി കൊണ്ടുവരാൻ എല്ലാ അദ്ധ്യാപകരും നന്നായി ശ്രമിച്ചിരുന്നു. അതിന്റെ തെളിവാണ് പരീക്ഷയെഴുതിയ 390 കുട്ടികളുടെയും മുഴുവൻ വിജയവും. ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങൾ ആണ് ഏവരേം വിജയത്തിലേക്ക് നയിച്ചത്.ആ ഭാഗങ്ങൾ നന്നായി പഠിച്ച ഏതൊരു കുട്ടിക്കും A+ എന്നത് കൈപ്പിടിയിലാണ്.

എനിക്ക് Maths ചെറിയ പ്രശ്നമായിരുന്നു ആദ്യമൊക്കെ.പിന്നീട് ജ്യോതി ടീച്ചറുമായുള്ള നിരന്തര സംശയ നിവാരണത്തിലൂടെ ഞാനത് പരിഹരിച്ചുതുടങ്ങി .സംശയങ്ങൾ ക്ഷമയോടെ പറഞ്ഞ് തരാൻ ടീച്ചർക്ക് ഒരു മടിയും ഇല്ലായിരുന്നു. ഫിസിക്സ് പഠിപ്പിച്ചിരുന്ന സന്തോഷ് സർ മാക്സിമം ക്വസ്റ്റ്യൻസും ഞങ്ങൾക്ക് പരിചയപ്പെടുത്തി വിഷയം എളുപ്പമാക്കി തന്നു.
ഹിന്ദി കൈകാര്യം ചെയ്ത സിന്ധു ടീച്ചറും ശ്രീധരൻ പാലായി മാഷും ഒരുപാട് സഹായിച്ചു.
കെമിസ്ട്രി എടുത്തിരുന്ന രമാദേവി ടീച്ചറും നന്നായി പഠനത്തിൽ സഹായിച്ചു. ബയോളജി പഠനം എളുപ്പമാക്കിത്തന്ന പ്രിയപ്പെട്ട രശ്മി ടീച്ചറും പ്രവീൺ മാഷും….
ഇംഗ്ലീഷ് വിഷയം കൈപ്പിടിയിലൊതുക്കാൻ സഹായിച്ച പ്രിയപ്പെട്ട രേണു ടീച്ചറും, ഗിരീഷ് മാഷും, ദിവ്യ ടീച്ചറും, ഷൈനി ടീച്ചറും…
സാമൂഹ്യ ശാസ്ത്രം കൈകാര്യം ചെയ്തിരുന്ന
പ്രിയപ്പെട്ട ബാലു സർ, ബുഷ്റ ടീച്ചർ, മുനീർ സർ,
പ്രീതിടീച്ചർ…
ഇവർക്കെല്ലാമുപരി ഞങ്ങളെ നെഞ്ചോടു ചേർത്ത പ്രിയപ്പെട്ട ഞങ്ങളുടെ ക്ലാസ് അദ്ധ്യാപകൻ
“ഞങ്ങളുടെ സ്വന്തം അൻവർ മാഷ് “….
ഇവരെയൊക്കെ കൂടാതെ വേറെയും ഒരുപാട് അദ്ധ്യാപകർ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.
ഇവരോടെല്ലാം ഞങ്ങളോരോരുത്തരും എന്നും കടപ്പെട്ടിരിക്കുന്നു.
പ്രധാനാധ്യാപകനായ ശ്രീ മുഹമ്മദ്‌ കോയ സാറിനോടും ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു.
ഫിബ്രവരി ഒന്നു മുതൽ ഞാൻ PASC ൽ Night campൽ പങ്കെടുത്തിരുന്നു. അവിടത്തെ സുരേഷ് മാഷിനോട് ഈയവസരത്തിൽ നന്ദി പറയുന്നു.
എത്ര നന്ദി പറഞ്ഞാലും മതിയാവാത്തത് ഞങ്ങളുടെ രക്ഷിതാക്കളോടാണ്.

ഈ കൊറോണക്കാലം ഞങ്ങളുടെ അദ്ധ്യയനം നഷ്ടപ്പെടുത്തുമെന്ന ആശങ്കയിലും ഡിജിറ്റൽ പഠനം വഴി ഞങ്ങൾ ഒരു പാട് ആരോഗ്യ പ്രശ്നങ്ങളിൽ പോലും പിടിച്ചു നിന്ന് വിജയം കൈപ്പിടിയിലൊതുക്കിയതിനു പിന്നിൽ ഒരുപാട് പേരുടെ കഷ്ടപ്പാടുണ്ട്. അതിനെ മറികടക്കാൻ ഞങ്ങൾ കുട്ടികൾക്ക് കഴിഞ്ഞത് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ പ്രോത്സാഹനവും സ്നേഹവും മൂലമാണ്.ഇത് പോലെ തന്നെയാണ് ഓരോ വിദ്യാലയത്തിലെ വിജയത്തിന് പിന്നിലും ഉണ്ടായിരിക്കുന്ന സത്യങ്ങൾ. ഞങ്ങളെയും വിദ്യാലയത്തെയും, A+ നെയും പുറമെ നിന്ന് നോക്കി കാണാതെ ഞങ്ങളിലേക്കിറങ്ങി വന്നാൽ നിങ്ങൾക്കും മനസിലാവും നേടിയതെന്തും (അത് ഏത് ഗ്രേഡ് ആയാലും) ഞങ്ങൾക്ക് അർഹതപ്പെട്ടതാണെന്ന്. അഭിനന്ദിച്ചില്ലെങ്കിലും
അപമാനിക്കരുത്.
ഞങ്ങളുടെ വീട്ടിൽ ഡിഗ്രിക്ക് പഠിക്കുന്ന ചേച്ചിയും ഞാനും അനിയത്തിയും ഈയൊരൊറ്റ
ഫോൺ ആണ് പഠനത്തിന് ഉപയോഗിക്കുന്നത്.
ഗ്രൂപ്പിൽ വന്നിരുന്ന വർക്കുകൾ ചേച്ചിയോ അമ്മയോ പേപ്പറിൽ പകർത്തി എനിക്ക് തരും. (കാരണം അന്ന് എന്റെ കണ്ണ് പണിമുടക്കിന്റെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയിരുന്നു.)
എന്റെ പoനത്തിൽ അമ്മയും ചേച്ചിയുമായിരുന്നു ഇരു നേത്രങ്ങൾ.
ഡിജിറ്റൽ പഠനം മാറി ക്ലാസിൽ പോവാൻ തുടങ്ങിയ ശേഷമാണ് അല്പം ആശ്വാസം തോന്നിയത്. ഒരിക്കലും A+ നായി എന്നെ വീട്ടിൽ നിന്ന് പ്രഷർ ചെലുത്തിയിട്ടില്ല. മാമന്റെ ഭാര്യയായ രേഷ്മ അമ്മായി എനിക്ക് മാനസികമായി തന്ന സപ്പോട്ട് കുറച്ചൊന്നുമല്ല. ചെറിയമ്മയായ ജിബി ചേച്ചി തന്ന സ്നേഹ പ്രോത്സാഹനങ്ങൾ ചെറുതല്ല. പരീക്ഷയെഴുതിയ എന്നേക്കാൾ എന്റെ വിജയത്തെക്കുറിച്ച് അടിവരയിട്ടവരാണിവർ.റിസൽട്ട് വരുംമുമ്പേ കേക്കിന് വരെ ഓർഡർ ചെയ്തിരുന്നതാണെന്റെ ജിബി ചേച്ചി. 14 ന് റിസൽട്ട് വരുന്നെന്നറിഞ്ഞശേഷം ചെറിയൊരു പേടി മനസിനെ പിടികൂടിയിരുന്നു. രാത്രിയിൽ അച്ഛനും അമ്മക്കും മദ്ധ്യത്തിലായ് ആയിരുന്നു ആ രണ്ട് ദിവസവും ഉറക്കം. തലേന്ന് ഉറക്കം വന്നില്ലെന്ന് തന്നെ പറയാം.എല്ലാവരും സമാധാനിപ്പിക്കുന്നുണ്ടെങ്കിലും മനസ് തിരയൊടുങ്ങാത്ത കടൽ പോലെ ആയിരുന്നു. റിസൽട്ട് നോക്കുന്ന നേരത്താവട്ടെ invalid register number എന്നൂടി കാണിച്ചതോടെ അറ്റാക്ക് വരുമെന്ന അവസ്ഥയായി. സൈറ്റ് തിരക്കായതോണ്ടാവും അങ്ങനെയെന്ന് പലരും പറഞ്ഞെങ്കിലും സമാധാനമില്ലായിരുന്നു.
ഒടുവിൽ റിസൽട്ട് വന്നപ്പോ തുറന്ന വായ അടക്കാൻ പോലും മറന്നു .അടുത്തു നിന്ന ചേച്ചിയെ കുറെ അടിച്ചു, പിച്ചിപ്പറിച്ചു.അമ്മക്കരികിൽ വന്നപ്പോ അമ്മയെന്നെ നെഞ്ചിലൊതുക്കി മുഴുവൻ വാത്സല്യവും അനുഗ്രഹവും എന്റെ മൂർദ്ധാവിൽ ഉമ്മയാൽ പെയ്തിറക്കി. ചിറകുമുളച്ചു വരുന്ന ഒരു കുഞ്ഞിക്കുരുവിയായ് ഞാൻ അമ്മയിലലിയുകയായിരുന്നു.അച്ഛന്റെ സന്തോഷം കണ്ണുനീരിൻ തിളക്കമായിരുന്നു.
നെറ്റിയിൽ അതേ വാത്സല്യത്തോടെ ഒരുമ്മ കിട്ടി. എനിക്ക് കിട്ടിയ നിറഞ്ഞ ആ രണ്ട് സമ്മാനങ്ങളും ആശീർവാദവും മാത്രം മതി മുന്നോട്ടുള്ള കാൽവെയ്പ്പിന്.

ഞങ്ങളെ ട്രോളുന്നവരോടും പുച്ഛിക്കുന്നവരോടും എല്ലാ ആദരവും നിലനിർത്തിക്കൊണ്ട് ഒന്ന് ചോദിക്കാനാഗ്രഹിക്കുന്നു…

“ഞങ്ങൾ ചെയ്ത തെറ്റെന്താണ്?
പരിമിതികൾക്കുള്ളിൽ നിന്നും ഞങ്ങൾക്ക് ലഭിച്ച കുറഞ്ഞ സമയത്തെ മാക്സിമം ഉപയോഗിച്ചതോ? അതോ കൊറോണക്കാലത്തെ അതിജീവിച്ച് ഒരദ്ധ്യായനം നഷ്ടപ്പെടുത്താതിരുന്നതാണോ ഞങ്ങൾ ചെയ്ത തെറ്റ് ? അതുമല്ലെങ്കിൽ ഞങ്ങളുടെ കൂട്ടത്തോൽവി നിങ്ങളാഗ്രഹിച്ചിരുന്നോ?
നിങ്ങളുടെ വീട്ടിലെ ഒരു കുട്ടിയെങ്കിലും ഈ പരീക്ഷയെ അറിഞ്ഞിരുന്നെങ്കിൽ / അഭിമുഖീകരിച്ചിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെ പറയുമായിരുന്നോ? ഒരിക്കലും പറയില്ല എന്നറിയാം കാരണം മാസ്ക് തുടർച്ചയായി ഉപയോഗിക്കുമ്പോൾ നിങ്ങൾ മുതിർന്നവർക്ക് അനുഭവപ്പെടുന്ന അതേ പ്രയാസങ്ങൾ തന്നെയാണ് ഞങ്ങൾക്കും ഉണ്ടായത്.താടിക്ക് വെച്ച് അലങ്കാരമായി കൊണ്ടു നടക്കുന്നവർക്ക് ഒരു പക്ഷേ അതിന്റെ ബുദ്ധിമുട്ട് അറിഞ്ഞ് കൊള്ളണമെന്നില്ല.

ഒരാഗ്രഹം മനസ്സിലുണ്ട്. മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രൻ മാഷിനെ കണ്ട് നന്ദി പറയാൻ. സീറോ അക്കാദമിക് വർഷമാക്കാതെ ഞങ്ങളുടെ അധ്യയനം മുന്നോട്ട് കൊണ്ട്പോവാൻ പിന്തുണ തന്നതിന്.ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാൻ പൊതു പരീക്ഷക്കായി ഞങ്ങൾക്ക് അവസരം തന്നതിന്…
മുൻ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർക്കും,
മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാറിനോടും
ഞങ്ങൾക്കൊപ്പം നിന്നതിന് നന്ദി പറയുന്നു…
സ്നേഹത്തോടെ ….
ദിയ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി എആര്‍ റഹ്മാൻ; 24 മണിക്കൂറിനകം വീഡിയോകൾ  നീക്കണമെന്ന് ആവശ്യം

ചെന്നൈ: യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി പ്രശസ്ത സംഗീതജ്ഞൻ എആര്‍ റഹ്മാൻ. തന്റെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന് പറഞ്ഞു വീഡിയോകൾ അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുകൾക്ക് എതിരെയാണ് എആര്‍ റഹ്മാൻ നിയമ...

ഒരു ചായയ്ക്ക് 2,124 രൂപ; മുംബൈ താജ് ഹോട്ടലില്‍ നിന്നും ചായ കുടിച്ച അനുഭവം പങ്കുവെച്ച് യുവാവ്

മുംബൈ: ഇന്ത്യയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ മുംബൈയിലെ താജ്മഹല്‍ പാലസില്‍ നിന്ന് ചായകുടിച്ച അനുഭവം പങ്കുവെക്കുന്ന വീഡിയോ വൈറലാകുന്നു. ഇത്രയും വലിയ ആഡംബര ഹോട്ടലില്‍ നിന്ന് ഒരു കപ്പ് ചായ കുടിക്കാനുള്ള തന്റെ...

സഞ്ജുവിന്റെ വെടിക്കെട്ട്; സയ്യീദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം

ഹൈദരാബാദ്: സയ്യീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. സർവീസസിനെതിരെ മൂന്ന് വിക്കറ്റിന്റെ വിജയമാണ് കേരളം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സർവീസസ് 20 ഓവറിൽ ഒമ്പത്...

കോഴിക്കോട് ടെമ്പോ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു, പതിനഞ്ചിലേറെ പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിലെ മേലെ കൂമ്പാറയില്‍ ടെമ്പോ ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞ് പതിനഞ്ചിലധികം തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍പെട്ടവരില്‍ രണ്ട്...

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല, എന്ത് വിലകൊടുത്തും താമസക്കാരുടെ അവകാശം സംരക്ഷിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്. ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.