24.7 C
Kottayam
Sunday, May 19, 2024

പൊന്നിയിൻ സെൽവൻ നിർമാതാവിന്റെ ഓഫീസിൽ ഇ.ഡി റെയ്ഡ്

Must read

ചെന്നൈ: തമിഴിലെ പ്രശസ്ത നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ ചെന്നൈയിലെ ഓഫീസിലും പരിസരത്തും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. പൊന്നിയിന്‍ സെല്‍വന്‍ രണ്ടു ഭാഗങ്ങള്‍ നിര്‍മിച്ചത് ലൈക്കയാണ്. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ വിജയത്തിന് പിന്നാലെയാണ് ലൈക്കയുടെ ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരെത്തിയത്. 2014-ല്‍ വിജയ് നായകനായ കത്തി എന്ന ചിത്രമാണ് ലൈക്ക നിര്‍മിച്ച ആദ്യചിത്രം. തുടര്‍ന്ന് കൊലമാവ് കോകില, 2.0, വടചെന്നൈ, കാപ്പാന്‍, ഡോണ്‍ തുടങ്ങിയ നിരവധി സിനിമകള്‍ നിര്‍മിച്ചു. കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ ഒരുക്കുന്ന ഇന്ത്യന്‍ 2 ആണ് ലൈകയുടെ അടുത്ത വമ്പന്‍ പ്രോജക്ട്.

നിര്‍മാണത്തിന് പുറമേ വമ്പന്‍ ചിത്രങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികൂടിയാണ് ലൈക്ക. നാനും റൗഡി താന്‍, വിസാരണൈ, കാലാ, ഇരുമ്പ് തിരൈ, പുഷ്പ-ദ റൈസ്, ആര്‍.ആര്‍.ആര്‍, സീതാരാമം, തുണിവ്, കബ്‌സ തുടങ്ങിയ ചിത്രങ്ങളാണ് ലൈക്ക വിതരണം ചെയ്ത പ്രധാനചിത്രങ്ങള്‍.

ഇന്ത്യന്‍ സിനിമയിലെ തന്നെ കഴിഞ്ഞ വര്‍ഷത്തെ വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു പൊന്നിയിന്‍ സെല്‍വന്‍ ആദ്യ ഭാഗം. 492 കോടി ആയിരുന്നു ചിത്രം ആഗോള ബോക്‌സോഫീസില്‍ നിന്ന് നേടിയത്. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചന്‍, തൃഷ കൃഷ്!ണന്‍, റഹ്മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാന്‍, ലാല്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങിയവരായിരുന്നു താരനിരയില്‍.

ഇക്കഴിഞ്ഞ മാസമാണ് പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലെത്തിയത്. ചിത്രം മികച്ച വിജയം നേടി പ്രദര്‍ശനം തുടരുന്ന വേളയിലാണ് നിര്‍മാണ കമ്പനിയിലെ ഇ.ഡി പരിശോധന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week