തിരുവനന്തപുരം: വ്യവസായി ഫാരിസ് അബൂബക്കറിന്റെ ജീവനക്കാരന്റെ വീട്ടിൽ ഇഡി പരിശോധന. പൗഡിക്കോണം സ്വദേശി സുരേഷിന്റെ വീട്ടിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഫാരിസ് അബൂബക്കറിന്റെ ബിനാമിയാണ് സുരേഷ് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് വിവരം. എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും ഒരുമിച്ചാണ് പരിശോധന നടത്തിയത്.
ഫാരിസ് അബൂബക്കറിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ രാഷ്ട്രീയ നേതാക്കൾക്കും പങ്കാളിത്തമുണ്ടെന്ന് ആദായ നികുതി വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. ഫാരിസിന്റെ സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസമാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ ആദായ നികുതി വകുപ്പിന്റെ ചെന്നൈ ഓഫീസിൽ നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
ഫാരിസ് അബൂബക്കർ നടത്തിയ 94 റിയൽ എസ്റ്റേറ്റ് ഇടപാടുകളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടന്നത്. ഈ പരിശോധനയിലാണ് രാഷ്ട്രീയ നേതാക്കളുടെ പങ്ക് പുറത്തുവന്നത്. കൊച്ചി, കൊയിലാണ്ടി, ചെന്നൈ, ബെംഗളൂരു, മുംബൈ, തൃശ്ശൂർ എന്നിവിടങ്ങളിലെ ഫാരിസിന്റെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ ഐടി വിഭാഗം ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. ഫാരിസ് ലണ്ടനിലാണ്.
ചെന്നൈ, കൊച്ചി, കോഴിക്കോട്, യൂണിറ്റുകൾ സംയുക്തമായാണ് ഇന്നലെ ഒരേസമയം റെയ്ഡ് നടത്തിയത്. വല്ലാർപാടം കണ്ടെയ്‌നർ റോഡിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് മുൻപ് തന്നെ മുളവുകാടിന് സമീപം ഫാരിസിന്റെ കമ്പനി 15 ഏക്കർ കണ്ടൽക്കാടും പൊക്കാളിപ്പാടവും നികത്തിയതിന്റെ രേഖകൾ പരിശോധനയിൽ കണ്ടെത്തിയതായാണ് വിവരം.
ഇതിന്റെ ഭാഗമായി ദേശീയപാത അതോറിറ്റിക്ക് അധിക ചിലവ് ഉണ്ടാക്കും വിധം റോഡിന്റെ ദിശയിൽ മാറ്റം വരുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ ഇടപാടിലാണ് കേരളത്തിനകത്തും പുറത്തുമുള്ള രാഷ്ട്രീയ നേതാക്കൾക്ക് ഓഹരി പങ്കാളിത്തം ഉണ്ടെന്ന ആദായ നികുതി വകുപ്പിന്റെ നിഗമനം.