കണ്ണൂര്‍: അരീക്കോട് എംഎല്‍എ കെ. എം ഷാജി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അനുവദിക്കാന്‍ പണം വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. ഇഡി കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്.
ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനുമായി കെ.എം.ഷാജി ഉള്‍പ്പെടെ 30 പേര്‍ക്ക് നോട്ടീസ് നല്‍കി. ലീഗ് നേതൃത്വത്തിന്റെ അറിവോടെയെന്ന ആരോപണം അന്വേഷിക്കാന്‍ നേതാക്കളുടെയും മൊഴിയെടുക്കും. പണം കൈമാറിയതായി പറയുന്നവരും ചര്‍ച്ചകളില്‍ പങ്കെടുത്തവരും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്. ഹയര്‍ സെക്കന്‍ഡറി വിഭാഗം അനുവദിക്കുന്നതിനായി അഴീക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്നും 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കെ.എം. ഷാജിക്കെതിരായ ആരോപണം.
സ്‌കൂളിന് പ്ലസ്ടു വിഭാഗം അനുവദിക്കുന്നതിനായി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിക്കു പണം നല്‍കാനായിരുന്നു നിര്‍ദേശം. പിന്നീട് എംഎല്‍എ ഇടപെട്ട് പഞ്ചായത്ത് കമ്മിറ്റി സ്‌കൂള്‍ അധികൃതരുമായി ധാരണയുണ്ടാക്കിയിരുന്നു.
എന്നാല്‍ പിന്നീട് എംഎല്‍എ ഇടപെട്ട് പണം നല്‍കേണ്ടതില്ലെന്ന് നിലപാട് എടുത്തു. എന്നാല്‍ പാര്‍ട്ടി കമ്മിറ്റിയ്ക്കു പണം കിട്ടിയില്ലെന്നു വന്നതോടെ ഇവര്‍ എംഎല്‍എ തിരിമറി നടത്തിയെന്ന് ആരോപിച്ച് ലീഗ് സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കുകയും ചെയ്തു.
ഈ രേഖ പ്രകാരം പണം കൈപ്പറ്റിയെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെയാണ് പരാതിയുമായി മുന്നോട്ടു പോയതെന്നു പരാതിക്കാരന്‍ കെ. പത്മനാഭന്‍ പ്രതികരിച്ചു.