InternationalNews

ബംഗ്ലാദേശിലും സാമ്പത്തിക പ്രതിസന്ധി; ഷെയ്ഖ് ഹസീനക്കെതിരെ തെരുവിലിറങ്ങി ജനം

ധാക്ക: പാക്കിസ്ഥാന് പിന്നാലെ ബംഗ്ലാദേശിലും സാമ്പത്തിക പ്രതിസന്ധി കനക്കുന്നു. വിലക്കയറ്റം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന സർക്കാരിനെതിരെ ജനം പലയിടത്തും തെരുവിലിറങ്ങി. പ്രതിപക്ഷ കക്ഷികളും ഹസീനയുടെ രാജി ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധിയിൽ വസ്ത്ര നിർമാണ മേഖല തകർന്നതാണ്  ബംഗ്ലാദേശിന് തിരിച്ചടി ആയത്.

470 കോടി ഡോളറിന്റെ സാമ്പത്തിക സഹായം കഴിഞ്ഞ ദിവസം ഐ എം എഫ് ബംഗ്ലാദേശിന് അനുവദിച്ചിട്ടുണ്ട്.  ഈ സഹായത്തിലൂടെ  താൽക്കാലികമായി എങ്കിലും പിടിച്ച നിൽക്കാം എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്ധന ഇറക്കുമതിക്ക് അടക്കം പണമില്ലാതായത് പ്രതിസന്ധി രൂക്ഷമാക്കും.

അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനിൽ അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ്. പാക് രൂപയുടെ മൂല്യവും കുത്തനെ ഇടിഞ്ഞു. പണപ്പെരുപ്പം 21-23 ശതമാനത്തിൽ ഉയർന്ന നിലയിൽ തുടരുമെന്നും നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ ക്വാർട്ടറിൽ ധനക്കമ്മി 115 ശതമാനത്തിലധികം വർധിക്കുമെന്നുമാണ് വിദ​ഗ്ധരുടെ മുന്നറിയിപ്പ്.

പാകിസ്താനിൽ വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാണ്. പല നഗരങ്ങളും വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കടക്കെണിയിൽപ്പെട്ടിരിക്കുന്ന പാകിസ്ഥാനിൽ ഊർജ്ജ മേഖലയിൽ സംഭവിക്കുന്നത് വൻ തിരിച്ചടിയാണ്. ഡീസൽ,കൽക്കരി നിലയങ്ങളിൽ നിന്നാണ് പാകിസ്ഥാന് ആവശ്യമായ വൈദ്യുതിയുടെ 90 ശതമാനവും ഉത്പാദിപ്പിക്കുന്നത്.

ഇവ രണ്ടും ഇപ്പോൾ പാകിസ്ഥാന് കിട്ടാക്കനിയാണ്. ആവശ്യമായതിന്‍റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യവുമാണ് പാകിസ്താൻ. സാമ്പത്തിക സ്ഥിതി താറുമാറായതോടെ ഇറക്കുമതിക്ക് കഴിയുന്നതുമില്ല. കരുതൽ ശേഖരവും ഏതാണ്ട് അവസാന ഘട്ടത്തിലാണ്. വൈദ്യുത പ്രതിസന്ധി രൂക്ഷമായതോടെ പലയിടത്തും വ്യാപാര കേന്ദ്രങ്ങളും മാളുകളും റസ്റ്റോറന്‍റുകളും സന്ധ്യയോടെ തന്നെ അടയ്ക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button