തിരുവനന്തപുരം: ലൈംഗികാതിക്രമം ആരോപിച്ച് യുവതി ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി എഴുത്തുകാരി എച്ച്മുകുട്ടി. ബസിൽ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് വീഡിയോ പകർത്തിയ യുവതിക്കെതിരെ സൈബർ ആക്രമണം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് എച്ചുമുകുട്ടിയുടെ പ്രതികരണം. സ്ത്രീകൾ പരസ്പരം സഹായിക്കുന്നത് ആൺകോയ്മയ്ക്ക് ഇഷ്ടമല്ലെന്നും, ഇത്തരം സംഭവങ്ങളിൽ വിമർശനമുയരുന്നത് ആണധികാര വ്യവസ്ഥയ്ക്ക് അനുകൂലമായ സമൂഹബോധത്തിൽ നിന്നാണെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
ഒരു സ്ത്രീയെ മറ്റൊരാൾ ഉപദ്രവിക്കുന്നത് കണ്ടപ്പോഴാണ് സഹായത്തിനായി ആ സ്ത്രീ വീഡിയോ എടുത്തതെന്ന് എച്ചുമുകുട്ടി പറയുന്നു. എന്നാൽ, ഒരു സ്ത്രീക്കുണ്ടായ ഉപദ്രവം മറ്റൊരു സ്ത്രീ തെളിവ് സഹിതം പുറത്തുകൊണ്ടുവരുന്നത് ശരിയല്ല എന്ന ആൺമേൽക്കോയ്മയുള്ള സമൂഹബോധമാണ് നിലവിലെ വിമർശനങ്ങൾക്ക് പിന്നിലെന്നും അവർ കുറിച്ചു. സ്ത്രീകൾ പരസ്പരം സഹായിക്കാതെയും, അസൂയയും അരക്ഷിതാവസ്ഥയും പരാതിയുമായി തമ്മിൽത്തല്ലിയും കഴിയുമ്പോഴാണ് ആണധികാര വ്യവസ്ഥയ്ക്ക് സുഗമമായി മുന്നോട്ട് പോകാൻ കഴിയുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.
അയാൾക്ക് ബസ്സിൽ ബഹളം വയ്ക്കാമായിരുന്നില്ലേ? ഒരു പെണ്ണ് എന്നെ വീഡിയോ എടുക്കുന്നു…കണ്ടക്ടർ ഇടപെടണം എന്ന് വിളിച്ചു കൂവാമായിരുന്നില്ലേ അയാളുടെ നിരപരാധിത്വം പോലീസിൽ പറയാമായിരുന്നില്ലേ? കേസ് കൊടുത്തു പൊരുതാമായിരുന്നില്ലേ ഫേസ്ബുക്ക് ലൈവ് എങ്കിലും ഇടാമായിരുന്നില്ലേ? ആണധികാരതിന്മയുടെ ആണധികാരവ്യവസ്ഥകൾ അത്യപൂർവമായി ഇങ്ങനെ തിരിച്ചേല്ക്കുകയും ചെയ്യുന്നുണ്ട്… ആ മനുഷ്യൻ ആത്മഹത്യ ചെയ്യാതെ സ്വന്തം ഭാഗം വിശദീകരിച്ച്, നിഷ്‌കളങ്കത തെളിയിച്ച് ജീവിച്ചിരിക്കണമായിരുന്നു… അതാണ് പ്രിവിലേജ് ഉള്ള ആണായ അയാൾ ചെയ്യേണ്ടിയിരുന്നത്.


