മദ്യലഹരിയില്‍ നടുറോഡിലിരുന്ന് ബിരിയാണി കഴിച്ചവരില്‍ ഒരാള്‍ പിടിയില്‍
മധുര: മദ്യലഹരിയില്‍ ഗതാഗതം തടസപ്പെടുത്തി നടുറോഡിലിരുന്ന് ബിരിയാണി കഴിച്ച രണ്ടുപേരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സുഹൃത്തിനായി പോലീസ് തെരച്ചില്‍ തുടരുന്നു. കാഴ്ചക്കാരില്‍ ഒരാള്‍ എടുത്ത ഇവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പോലീസ് വിഷയത്തില്‍ ഇടപെട്ടത്.
കഴിഞ്ഞ സെപ്റ്റംബര്‍ 20 ന് തേനി ജില്ലയിലെ ദേവദനപട്ടി ബൈസ്പാസിലാണ് സംഭവം. വാഴയിലയില്‍ പൊതിഞ്ഞുകൊണ്ടുവന്ന ബിരിയാണി ഇരുവരും റോഡിന് നടുവിലിരുന്ന് കഴിക്കുകയായിരുന്നു. ഇതിനിടെ അതുവഴി വന്ന യാത്രക്കാര്‍ ഇരുവരോടും വശത്തേക്ക് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും ചെവിക്കൊണ്ടില്ല. പിന്നീട് യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയ ഇവരുടെ വീഡിയോ വാട്‌സ്ആപ്പില്‍ വൈറലാകുകയും ദേവദനപട്ടി അണ്ണാനഗര്‍ കോളനിയിലെ പെരുമാള്‍ (55), സുരേഷ് എന്നിവരാണ് ഇവരെന്നും പോലീസ് തിരിച്ചറിയുകയുമായിരുന്നു. പെരുമാളിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.