മോസ്‌കോ: റഷ്യയുടെ കിഴക്കൻ തീരത്തുണ്ടായ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ഷിവേലുച്ച് അഗ്നിപർവതം പൊട്ടിത്തെറിച്ച് 8 കിലോമീറ്റർ വരെ ഉയരത്തിൽ ഉയരത്തിൽ ചാരവും പുകയും ഉയർന്നതായി റിപ്പോർട്ട്. റഷ്യൻ സർക്കാർ മാധ്യമമായ ടാസിനെ ഉദ്ധരിച്ച് സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
സംഭവത്തിന് പിന്നാലെ അഗ്നിപർവ്വതത്തിൽ നിന്ന് ലാവ പുറത്തേക്ക് ഒഴുകിയതായാണ് സൂചന. എങ്കിലും ആളുകൾക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളൊന്നും ഇതുവരെ വന്നിട്ടില്ലെന്നാണ് ലഭ്യമായ വിവരം. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ പറയുന്നത് പ്രകാരം റഷ്യയിലെ കംചത്ക മേഖലയുടെ കിഴക്കൻ തീരത്ത് 51 കിലോമീറ്റർ (32 മൈൽ) ആഴത്തിലാണ് 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
അതിനിടെ മേഖലയിൽ സുനാമി മുന്നറിയിപ്പ് സംബന്ധിച്ച് വിരുദ്ധാഭിപ്രായങ്ങളും ഉയരുന്നുണ്ട്. ഭൂചലനത്തിന് പിന്നാലെ സുനാമി ഭീഷണിയുണ്ടെന്ന് യുഎസ് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. എന്നാൽ സുനാമി ഭീഷണിയില്ലെന്നാണ് റഷ്യയുടെ അടിയന്തര മന്ത്രാലയത്തിന്റെ കംചത്ക ബ്രാഞ്ച് അറിയിച്ചിരിക്കുന്നത്.
ഭൂകമ്പത്തിന്റെ ഫലമായി രേഖപ്പെടുത്തിയ പ്രകമ്പനങ്ങൾ റിക്‌ടർ സ്കെയിലിൽ 3.9 മുതൽ 5.0 വരെ തീവ്രത രേഖപ്പെടുത്തിയതായി അധികൃതർ കൂട്ടിച്ചേർത്തു. അതേസമയം, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പെട്രോപാവ്ലോവസ്‌ക്-കംചാറ്റ്സ്‌കിയിൽ നിന്ന് ഏകദേശം 102 കിലോമീറ്റർ കിഴക്കായാണ് സ്ഥിതി ചെയ്യുന്നത്. രണ്ട് ലക്ഷത്തിനടുത്ത് ജനസംഖ്യയുടെ തുറമുഖ നഗരമാണിത്. എന്നാൽ അഗ്നിപർവതങ്ങളാൽ ചുറ്റപ്പെട്ടതാണ് ഈ മേഖല.
ആദ്യഘട്ടത്തിൽ പ്രഭവകേന്ദ്രത്തിന് 300 മൈൽ (480 കിലോമീറ്റർ) ചുറ്റളവിലുള്ള തീരങ്ങളിൽ അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് നാഷണൽ വെതർ സർവീസിന്റെ ഹോണോലുലുവിലെ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ആദ്യം മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് ഭീഷണി അവസാനിച്ചതായി അറിയിക്കുകയായിരുന്നു.