
തിരുവനന്തപുരം: ബിപോർജോയ് ചുഴലിക്കാറ്റ് വീശിയടിക്കുന്നതിന്റെ ആശങ്കയിൽ നിൽക്കുന്ന ഗുജറാത്തിൽ പ്രകൃതിയുടെ ഇരട്ട പ്രഹരം. ഗുജറാത്തിലെ കച്ച് മേഖലയിൽ ഭൂമി കുലുക്കം അനുഭവപ്പെട്ടു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് അനുഭവപ്പെട്ടത്. ജനം പരിഭ്രാന്തിയിലാണ്. സംഭവസ്ഥലത്ത് നാശനഷ്ടം സംഭവിച്ചതിനെ കുറിച്ച് ഇതുവരെ വിവരമൊന്നും പുറത്തുവന്നിട്ടില്ല.
ബിപോർജോയ് ചുഴലിക്കാറ്റിന്റെ മുൻകരുതലിന്റെ ഭാഗമായി സൗരാഷ്‌ട്ര തീരത്തും കച്ചിലും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഭുജ് വിമാനത്താവളം വെള്ളിയാഴ്ച്ച വരെ താത്കാലികമായി അടച്ചു. മൂന്ന് പ്രതിരോധാ സേനാ വിഭാഗങ്ങളുടെയും തലവന്മാരുമായി പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് സംസാരിച്ചു.
അപകട സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങൾ എല്ലാം സൈന്യത്തിന്റെയും ദുരന്ത നിവാരണ സേനയുടെയും നീരീക്ഷണത്തിലാണ്. മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപെന്ദ്ര പട്ടേലിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ഗുജറാത്തിലും മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിലും കനത്ത മഴയാണ്. പോർബന്തറിൽ മരങ്ങൾ കടപുഴകി വീണ് കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് ഇന്നും നാളെയും 70-ലധികം ട്രെയിനുകൾ റദ്ദാക്കി.