ഓവല്‍:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.
ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സില്‍ നേടിയ 469 റണ്‍സ് മറികടക്കാനായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണ്‍ ചെയ്തത്. ഇരുവരും ഏകദിന ശൈലിയിലാണ് ബാറ്റുവീശിയത്. 5.5 ഓവറില്‍ തന്നെ ഇരുവരും ചേര്‍ന്ന് 30 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ പാറ്റ് കമ്മിന്‍സിന്റെ ആറാം ഓവറില്‍ രോഹിത് പുറത്തായി.
മികച്ച പന്തിലൂടെ കമ്മിന്‍സ് രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. 15 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. തൊട്ടടുത്ത ഓവറില്‍ തന്നെ ഗില്ലിനെ മടക്കി സ്‌കോട് ബോളണ്ട് ഇന്ത്യയ്ക്ക് തിരിച്ചടി സമ്മാനിച്ചു. 13 റണ്‍സെടുത്ത ഗില്ലിനെ ബോളണ്ട് ക്ലീന്‍ ബൗള്‍ഡാക്കി. ഓഫ് സൈഡില്‍ വന്ന പന്ത് ഗില്‍ ലീവ് ചെയ്തു. എന്നാല്‍ ഇന്‍സ്വിങ്ങറായി മാറിയ പന്ത് വിക്കറ്റ് പിഴുതു. ഇത് വിശ്വസിക്കാനാവാതെ ഗില്‍ ക്രീസ് വിട്ടു.
പിന്നീട് ക്രീസിലൊന്നിച്ച വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 50-ല്‍ എത്തിച്ചെങ്കിലും പൂജാര വീണു. ഗില്‍ കാണിച്ച അബന്ധം പൂജാരയും തുടര്‍ന്നു. ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന്റെ പന്ത് ലീവ് ചെയ്ത പൂജാരയ്ക്ക് പിഴച്ചു. ഇന്‍സ്വിങ്ങറായി മാറിയ പന്ത് വിക്കറ്റ് പിഴുതു. 14 റണ്‍സ് മാത്രമാണ് പൂജാരയുടെ സമ്പാദ്യം. പൂജാരയ്ക്ക് പകരം അജിങ്ക്യ രഹാനെ ക്രീസിലെത്തി.
ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 469 റണ്‍സിന് പുറത്തായി. 327 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസീസിന് 142 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകള്‍ നഷ്ടമായി. ട്രാവിസ് ഹെഡിന്റെയും സ്റ്റീവ് സ്മിത്തിന്റെയും തകര്‍പ്പന്‍ സെഞ്ചുറികളാണ് ഓസ്‌ട്രേലിയയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ആദ്യ ദിനം തിളങ്ങിയില്ലെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ രണ്ടാം ദിനം ഫോമിലേക്കുയര്‍ന്നു.
327 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് വേണ്ടി സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും ചേര്‍ന്ന് ഇന്നിങ്‌സ് പുനരാരംഭിച്ചു. മുഹമ്മദ് സിറാജ് ചെയ്ത രണ്ടാം ദിനത്തിലെ ആദ്യ ഓവറിലെ രണ്ടാമത്തെയും മൂന്നാമത്തെയും പന്തുകള്‍ ബൗണ്ടറിയിലേക്ക് പായിച്ച് സ്റ്റീവ് സ്മിത്ത് സെഞ്ചുറി നേടി. താരത്തിന്റെ 31-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. പിന്നാലെ ആക്രമിച്ച് കളിച്ച ട്രാവിസ് ഹെഡ് 150 റണ്‍സിലെത്തി.
ഹെഡും സ്മിത്തും അനായാസം ബാറ്റിങ് തുടര്‍ന്നതോടെ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പരന്നു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 350 കടത്തി. എന്നാല്‍ ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് മുഹമ്മദ് സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു. അപകടകരമായി ബാറ്റിങ് നടത്തിയ ട്രാവിസ് ഹെഡിനെ പുറത്താക്കിയാണ് സിറാജ് ഓസീസിന് തിരിച്ചടി നല്‍കിയത്. സിറാജിന്റെ ഷോര്‍ട്ട് ബോളില്‍ ഷോട്ടിന് ശ്രമിച്ച ഹെഡിന്റെ ഗ്ലൗവില്‍ തട്ടിയ പന്ത് വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത് പിടിച്ചെടുത്തു. ഇതോടെ താരം പുറത്തായി. 174 പന്തുകളില്‍ നിന്ന് 25 ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെ 163 റണ്‍സെടുത്താണ് ഹെഡ് മടങ്ങിയത്. സ്മിത്തിനൊപ്പം നാലാം വിക്കറ്റില്‍ 285 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്താനും താരത്തിന് സാധിച്ചു.
പിന്നാലെ വന്ന കാമറൂണ്‍ ഗ്രീന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി തുടങ്ങിയെങ്കിലും താരത്തിന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. വെറും ആറുറണ്‍സെടുത്ത ഗ്രീനിനെ മുഹമ്മദ് ഷമി ശുഭ്മാന്‍ ഗില്ലിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ഓസ്‌ട്രേലിയ 376 ന് അഞ്ചുവിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.
ഗ്രീനിന് പകരം അലക്‌സ് ക്യാരിയാണ് ക്രീസിലെത്തിയത്. ക്യാരിയെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെ സ്മിത്തും വീണു. 268 പന്തുകളില്‍ നിന്ന് 121 റണ്‍സെടുത്ത സ്മിത്തിനെ ശാര്‍ദൂല്‍ ഠാക്കൂര്‍ ബൗള്‍ഡാക്കി. സ്മിത്തിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് പിഴുതു. 19 ബൗണ്ടറിയാണ് സ്മിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഇതോടെ ഓസീസ് 387 ന് ആറുവിക്കറ്റ് എന്ന നിലയിലായി. സ്മിത്തിന് പകരം മിച്ചല്‍ സ്റ്റാര്‍ക്ക് ക്രീസിലെത്തി.
സ്റ്റാര്‍ക്കിനും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. അനാവശ്യ റണ്ണിന് ശ്രമിച്ച താരത്തെ സബ്ബായ അക്ഷര്‍ പട്ടേല്‍ തകര്‍പ്പന്‍ ത്രോയിലൂടെ റണ്‍ ഔട്ടാക്കി. അഞ്ചുറണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ക്യാരി പതറാതെ പിടിച്ചുനിന്നു. ഒടുവില്‍ ക്യാരിയും വീണു. 48 റണ്‍സെടുത്ത താരത്തെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ വന്ന നഥാന്‍ ലിയോണിനും (9), നായകന്‍ പാറ്റ് കമ്മിന്‍സിനും (9) പിടിച്ചുനില്‍ക്കാനായില്ല. ഇതോടെ ഓസീസ് ഇന്നിങ്‌സ് അവസാനിച്ചു. സ്‌കോട് ബോളണ്ട് ഒരു റണ്ണുമായി പുറത്താവാതെ നിന്നു.
ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ് നാലുവിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് ഷമി, ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ജഡേജ ഒരു വിക്കറ്റ് വീഴ്ത്തി.