കൊച്ചി: സ്‌കൂട്ടറിന്റെ ഇടതുവശത്തുകൂടി വന്ന് സ്‌കൂട്ടറിനെ മറികടന്ന് പെട്ടെന്ന് വലതുവശത്തേക്ക് തിരിഞ്ഞ ബൈക്കില്‍ തട്ടി വീണ് സ്‌കൂട്ടര്‍ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. ബൈക്കില്‍ തട്ടി ഇടതുവശത്തേക്കു വീണ യുവതി തൊട്ടുപിറകെ വന്ന സ്വകാര്യ ബസിടിച്ച് മരിച്ചു. പിറവം എക്‌സൈസ് കടവിന് സമീപം ചാരച്ചാട്ട് പഴിപ്പറമ്പില്‍ (സിദ്ധാര്‍ത്ഥം നടക്കാവ്, ഉദയംപേരൂര്‍) സിബിന്റെ ഭാര്യ കാവ്യ (30) ആണ് തൃപ്പൂണിത്തുറ എസ്.എന്‍. ജങ്ഷനു സമീപം അലയന്‍സ് ജങ്ഷനിലുണ്ടായ അപകടത്തില്‍ മരിച്ചത്.
കാവ്യയുടെ സ്‌കൂട്ടര്‍ തട്ടിയ ബൈക്ക് ഓടിച്ചിരുന്ന ആമ്പല്ലൂര്‍ സ്വദേശി വിഷ്ണുവിനെ തൃപ്പൂണിത്തുറ പോലീസ് കസ്റ്റഡിയിലെടുത്തു. പാലാരിവട്ടത്ത് സിനര്‍ജി ഓഷ്യാനിക് സര്‍വീസ് സെന്ററിലെ സീനിയര്‍ എക്‌സിക്യുട്ടീവായ കാവ്യ ജോലിക്കു പോകുമ്പോള്‍ വ്യാഴാഴ്ച രാവിലെ 8.45-നായിരുന്നു അപകടം.
ഇവരുടെ സ്‌കൂട്ടറിനു പിന്നാലെ വന്ന ബൈക്ക് യാത്രക്കാരന്‍ ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്ത ശേഷം യു ടേണ്‍ എടുത്തപ്പോള്‍ സ്‌കൂട്ടര്‍ ബൈക്കില്‍ തട്ടി കാവ്യ റോഡില്‍ വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കാവ്യയെ വൈറ്റിലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കരിങ്ങാച്ചിറ പരുത്തിയില്‍ കുടുംബാംഗമാണ്.
അപകടമുണ്ടായതറിഞ്ഞിട്ടും വണ്ടി നിര്‍ത്താതെ ബൈക്ക് യാത്രികന്‍ കാഞ്ഞിരമറ്റം ആമ്പല്ലൂര്‍ കൊല്ലംപറമ്പില്‍ കെ.എന്‍. വിഷ്ണു (29) സ്ഥലംവിട്ടിരുന്നു. പിന്നീട് വിഷ്ണുവിനെയും ബസ് ഡ്രൈവര്‍ കാഞ്ഞിരമറ്റം ആമ്പല്ലൂര്‍ മുതലക്കുഴിയില്‍ സുജിത്തി (38) നെയും പോലീസ് അറസ്റ്റ് ചെയ്തു.
വിഷ്ണുവിന്റെ ബൈക്കിടിച്ച് രണ്ടുവര്‍ഷം മുമ്പ് ഉദയംപേരൂര്‍ കണ്ടനാട് ഭാഗത്ത് ഒരു സൈക്കിള്‍ യാത്രികന്‍ മരിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ രണ്ടുപേരെയും വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. കാവ്യയുടെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സിദ്ധാര്‍ത്ഥ് മകനാണ്. സംസ്‌കാരം വെള്ളിയാഴ്ച 11-ന് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തില്‍.