FootballNewsSports

FIFA World Cup 2022:അര്‍ജന്റീന ഏഴാംസ്ഥാനത്ത്, ഖത്തറില്‍ വിപണിമൂല്യത്തില്‍ ഒന്നാം സ്ഥാനത്ത് ഈ ടീം

ദോഹ:ലോകകപ്പിൽ കളിക്കുന്ന 32 ടീമുകളിൽ വിപണിമൂല്യത്തിൽ ഒന്നാമതായി ഇംഗ്ലണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും മറ്റ് മുൻനിര ലീഗുകളിലും കളിക്കുന്ന താരങ്ങളുടെ സാന്നിധ്യമാണ് ടീമിന്റെ മൂല്യം കുത്തനെ ഉയർത്തി ഒന്നാംസ്ഥാനത്ത് എത്തിച്ചത്.

ലോക ഒന്നാംനമ്പർ ടീമായ ബ്രസീലാണ് വിപണിമൂല്യത്തിൽ രണ്ടാമത്. ഫ്രാൻസ് മൂന്നാമതും പോർച്ചുഗൽ നാലാമതും സ്പെയിൻ അഞ്ചാമതുമുണ്ട്. സൂപ്പർ താരം ലയണൽ മെസ്സി കളിക്കുന്ന അർജന്റീന ഏഴാം സ്ഥാനത്താണ്.

ടീമിലെ കളിക്കാരുടെ മൂല്യം, കളിക്കുന്ന ക്ലബ്ബ്, കളിമികവ്, ടീമുകളുടെ സമീപകാലത്തെ പ്രകടനം, മുൻകാലനേട്ടങ്ങൾ തുടങ്ങിയവ കണക്കിലെടുത്താണ് വിപണിമൂല്യം കണക്കാക്കുന്നത്.

ആദ്യ പത്ത് സ്ഥാനക്കാർ- തുക കോടി രൂപയിൽ

ഇംഗ്ലണ്ട് 10,632

ബ്രസീൽ 9618

ഫ്രാൻസ് 8690

പോർച്ചുഗൽ 7905

സ്പെയിൻ 7610

ജർമനി 7467

അർജന്റീന 5340

നെതർലൻഡ്സ് 4954

ബെൽജിയം 4751

യുറഗ്വായ് 3790

ഖത്തര്‍ ലോകകപ്പിന് കിക്കോഫ് ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ലോകം കാല്‍പ്പന്താവേശത്തിലേക്ക് കടക്കുമ്പോള്‍ ലോകകപ്പില്‍ കളിക്കുന്ന കളിക്കാരില്‍ ഭൂരിഭാഗവും വരുന്നത് യൂറോപ്യന്‍ ക്ലബ്ബുകളില്‍ നിന്നാണ്. ഖത്തര്‍ ലോകകപ്പില്‍ 32 ടീമുകളിലായി കളിക്കുന്ന ആകെ 831 കളിക്കാരില്‍ 608 പേരാണ് യൂറോപ്യന്‍ ക്ലബ്ബുകളില്‍ നിന്നുള്ളവര്‍. എല്ലാ ടീമുകളിലും 26 കളിക്കാര്‍ വീതമുള്ളപ്പോള്‍ ഇറാന്‍ ടീമില്‍ മാത്രം 25 കളിക്കാരെയുള്ളു.

സൗദി അറേബ്യയും ആതിഥേയരായ ഖത്തറും മാത്രമാണ് വിദേശ ലീഗുകളില്‍ കളിക്കുന്ന കളിക്കാരില്ലാത്ത രണ്ടേ രണ്ട് ടീമുകള്‍. യൂറോപ്യന്‍ ലീഗുകളില്‍ നിന്നുള്ള കളിക്കാര്‍ക്കാണ് ലോകകപ്പിലും ആധിപത്യം. രണ്ടാം സ്ഥാനത്ത് ഏഷ്യന്‍ ക്ലബ്ബുകളില്‍ നിന്നുള്ള കളിക്കാരാണ്. വടക്കേ അമേരിക്കല്‍ ക്ലബ്ബുകളാണ് മൂന്നാം സ്ഥാനത്ത്.

രാജ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിനാണ് ആധിപത്യം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ 158 കളിക്കാരാണ് ഇത്തവണ ലോകകപ്പില്‍ പന്തു തട്ടുന്നത്. 86 കളിക്കാരുമായി സ്പെയിന്‍ രണ്ടാമതും 81 കളിക്കാരുള്ള ജര്‍മനി മൂന്നാമതുമാണ്. ഫ്രഞ്ച് ലീഗില്‍ നിന്ന് മെസിയും എംബാപ്പെയും നെയ്മറും ഉള്‍പ്പെടെ 58 കളിക്കാരാണ് ലോകകപ്പില്‍ കളിക്കുന്നത്. ഹംഗറി, കൊളംബിയ രാജ്യങ്ങളില്‍ നിന്ന് ഓരോ കളിക്കാര്‍ വീതം മാത്രമാണ് ലോകകപ്പില്‍ കളിക്കുന്നവരിലുള്ളത്.

യൂറോപ്യന്‍ ക്ലബ്ബുകളില്‍ തന്നെ ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിനാണ് കളിക്കാരില്‍ ആധിപത്യം. ബയേണിന്‍റെ 17 കളിക്കാരാണ് വിവിധ രാജ്യങ്ങള്‍ക്കായി ഇത്തവണ ഖത്തറില്‍ ബൂട്ടുകെട്ടുക. രണ്ടാം സ്ഥാനത്തുള്ളത് ഖത്തര്‍ ക്ലബ്ബായ അല്‍ സാദ് അണ്. സ്പാനിഷ് ലീഗിലെ ബാഴ്സലോണയുടെ 16 കളിക്കാരും പ്രീമിയര്‍ ലീഗില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ 14 കളിക്കാരും ഇത്തവണ ലോകകപ്പിനുണ്ട്. 13 കളിക്കാരാണ് റയലില്‍ നിന്ന് ലോകകപ്പിനെത്തുന്നത്. 11 കളിക്കാര്‍ പിഎസ്‌ജിയില്‍ നിന്ന് ലോകകപ്പില്‍ കളിക്കുന്നു.

20 വര്‍ഷത്തിനുശേഷം ഏഷ്യയില്‍ വിരുന്നെത്തുന്ന ടൂര്‍ണമെന്‍റിലെ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം 3.30 മുതലാണ് തുടങ്ങുക. 3.30, 6.30, 9.30, 12.30 എന്നീ സമയങ്ങളിലാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ നടക്കുന്നത്. നാല് മത്സരങ്ങളുള്ള ദിവസങ്ങളിലെ നാലാം മത്സരമാണ് രാത്രി 12.30ന് തുടങ്ങുക.

പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഉറക്കമൊഴിച്ചിരുന്ന് ഇന്ത്യക്കാര്‍ക്ക് കളി കാണേണ്ടിവരില്ല. എന്നാല്‍ 3.30ന് തുടങ്ങുന്ന മത്സരങ്ങള്‍ ജോലി സമയമായതിനാല്‍ പലര്‍ക്കും നഷ്ടമാകുകയും ചെയ്യും. ലോകകപ്പ് സംപ്രേഷണത്തിലും ഉണ്ട് ഇത്തവണ ഒട്ടേറെ പുതുമകള്‍. മത്സരത്തിന്‍റെ സംപ്രേഷണാവകാശം 195 രാജ്യങ്ങളിലും റെക്കോര്‍ഡ് തുകക്കാണ് ഫിഫ വിറ്റത്.

ലോകകപ്പ് ഇന്ത്യയില്‍ കാണാന്‍

ഇന്ത്യയില്‍ സോണി സോപ്ര്‍ട്സ് പോലുള്ള പതിവ് ചാനലുകളില്‍ നിന്ന് വ്യത്യസ്തമായി പുതിയൊരു ചാനലിലാണ് ആരാധകര്‍ ഇത്തവണ ലോകകപ്പ് മത്സരങ്ങള്‍ കാണേണ്ടത്. വയാകോം 18ന് കീഴിലുള്ള സ്പോര്‍ട്സ് 18 ചാനലാണ് ഇന്ത്യയില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുക. ടെലിവിഷനില്‍ മത്സരങ്ങള്‍ കാണാന്‍ കഴിയാത്തവര്‍ക്ക് ജിയോ സിനിമയിലൂടെ മത്സരങ്ങള്‍ സൗജന്യമായി കാണാനാകും.

യുകെയില്‍

ബിബിസിയാണ് യുകെയില്‍ ഫിഫ ലോകകപ്പ് സംപ്രേഷണം ചെയ്യുക. ഐടിവി ഒഫീഷ്യല്‍ വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും മത്സരങ്ങളുടെ ലൈവ് സ്ട്രീം കാണാനാകും.

യുഎസ്എയില്‍

ഫോക്സ് സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കും ടെലിമുണ്ടോയുമാണ് അമേരിക്കയില്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുക. ഫോക്സ് സ്പോര്‍ട്സ് ഒഫീഷ്യല്‍ വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗ് കാണാനാകും. fuboTV, Sling TV, Hulu + Live TV, AT&T TV Now, or YouTube TV എന്നിവയിലും ലൈവ് ഫീഡ് ലഭ്യമാകും.

മിഡില്‍ ഈസ്റ്റില്‍

അല്‍ജസീറയാണ് മിഡില്‍ ഈസ്റ്റില്‍ ലോകകപ്പ് സംപ്രേഷണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. കേബിള്‍ ടിവി, സാറ്റ്ലൈറ്റ്, ടെറെസ്റ്റിയല്‍, മൊബൈല്‍, ബ്രോഡ്ഡ്ബാന്‍ഡ് സംവിധാനങ്ങളിലെല്ലാം 23 രാജ്യങ്ങളില്‍ മത്സരങ്ങള്‍ അല്‍ജസീറ സംപ്രേഷണം ചെയ്യും.

യൂറോപ്പില്‍

യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിംഗ് യൂണിയനാണ് യൂറോപ്പില്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുക. 37 രാജ്യങ്ങളില്‍ യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിംഗ് യൂണിയന്‍ മത്സരം സംപ്രേഷണം ചെയ്യും.

ദക്ഷിണാഫ്രിക്കയില്‍

സൂപ്പര്‍സ്പോര്‍ട്ട് ആണ് ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പിലെ 64 മത്സരങ്ങളും സംപ്രേഷണം ചെയ്യുക.

ചൈനയില്‍

സിസിടിവിയാണ് ചൈനയില്‍ മത്സരങ്ങളുടെ സംപ്രേഷണവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button