തൃപ്പൂണിത്തുറ: ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പ് ബിജെപി നോക്കികാണുന്നത് വളരെയധികം പ്രാധാന്യത്തോടെയാണ്. അതിനാല്‍ തന്നെ മത്സരരംഗത്തേക്ക് പ്രമുഖരെ എത്തിക്കാനാണ് ബിജെപി ശ്രമം. അതേസമയം തൃപ്പുണിത്തുറ പിടിച്ചെടുക്കാനായി മെട്രോമാന്‍ ഇ ശ്രീധരനെ മത്സരിപ്പിക്കാനൊരുങ്ങുകയാണ് ബിജെപി. മെട്രോയും പാലാരിവട്ടം പാലവും ഉള്‍പ്പെടെ കൊച്ചിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ നേട്ടമാകുന്ന വിലയിരുത്തലിലാണ് ശ്രീധരനെ തൃപ്പൂണിത്തുറയില്‍ പരിഗണിക്കുന്നത്.
ശ്രീധരനെ തൃപ്പൂണിത്തുറയില്‍ പരിഗണിക്കുന്നതില്‍ കേന്ദ്ര നേതൃത്വത്തിന് താത്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തൃശൂരില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം ചര്‍ച്ചയായി. പ്രമുഖരെ ഉള്‍പ്പെടെ അണിനിരത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി തീരുമാനം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെ കോന്നിയില്‍ പരിഗണിച്ചേക്കും. കഴക്കൂട്ടത് കേന്ദ്രമന്ത്രി വി മുരളീധരനെയും വട്ടിയൂര്‍ക്കാവില്‍ അല്ലെങ്കില്‍ തിരുവനന്തപുരത്ത് സുരേഷ് ഗോപിയെയോ വിവി രാജേഷിനെയോ പരിഗണിക്കും. അതേസമയം നേമത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാനായി ആലോചനയുമുണ്ട്.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ദേശീയ നേതൃത്വത്തിന്റെതാവും അന്തിമ തീരുമാനം. കോഴിക്കോട് എംടി രമേശ്, കൊടുങ്ങല്ലൂര്‍ ടിപി സെന്‍കുമാര്‍, കാട്ടക്കട പികെ കൃഷ്ണദാസ് എന്നിവരെയും പരിഗണിക്കുമെന്നാണ് സൂചന. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മാര്‍ച്ച് പത്തിനകം അന്തിമ സ്ഥാനാര്‍ഥി പട്ടിക ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.