തിരുവനന്തപുരം: തനിക്ക് വിലക്കേർപ്പെടുത്തിയ ഇൻഡിഗോയെ പൂർണമായി ബഹിഷ്കരിച്ചെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഇൻഡിഗോയിൽ ഇനി യാത്ര ചെയ്യില്ലെന്ന് തീരുമാനിച്ച ഇപി ജയരാജൻ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് ട്രെയിനിൽ യാത്ര തിരിച്ചു. ഒരു കാര്യം ശരിയായ രീതിയിൽ പരിശോധിക്കാതെ ഇത്തരത്തിൽ ഉത്തരവ് പുറപ്പെടുവിക്കുന്ന നിലവാരത്തിലേക്ക് ഇൻഡിഗോ തരം താഴ്ന്നുപോയെന്ന് ഇപി ജയരാജൻ വിമർശിച്ചു.
തനിക്ക് മൂന്നാഴ്ചത്തേക്കാണ് വിലക്കേർപ്പെടുത്തിയത് എന്നാൽ ഇൻഡിഗോയെ പൂർണമായി ബഹിഷ്കരിച്ചെന്നും മനോരമ ന്യൂസിനോട് ഇപി ജയരാജൻ പ്രതികരിച്ചു. വിമാനത്തിന് ചെലവ് കൂടുതലാണെന്നും ട്രെയിൻ ആദായമാണെന്നും ജയരാജൻ പറഞ്ഞു.
ചിലപ്പോൾ കമ്പനി തകർന്നു പോകുമെന്നും ഇൻഡിഗോ പൂട്ടണമെന്ന് ആളുകൾ തീരുമാനിക്കട്ടെയെന്നും ജയരാജൻ പറഞ്ഞു. എല്ലാവരും യാത്രയ്ക്കായി ട്രെയിൻ തെരഞ്ഞെടുക്കണമെന്ന് അഭ്യർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തും മൂന്നാഴ്ച യാത്രചെയ്യുന്നതിനാണ് ഇ.പി. ജയരാജന് വിലക്ക്.
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ വിമാനത്തിലെ അച്ചടക്ക ലംഘനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്കും ഇൻഡിഗോ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഇപി ജയരാജന് 3 ആഴ്ചയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് 2 ആഴ്ചയുമാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്.