KeralaNews

തെങ്ങ് കയറുന്നവരുടെ തഴമ്പ് സൗന്ദര്യശാസ്ത്ര പ്രകാരം പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ല, തെങ്ങ് കയറാനും കള്ള് ചെത്താനും ആളെ കിട്ടാത്തതിന് കാരണം പറഞ്ഞ് ഇ പി ജയരാജൻ

കോഴിക്കോട്: തെങ്ങ് കയറാനും കള്ള് ചെത്താനും ആളെ കിട്ടാത്തതിൽ അഭിപ്രായം പറഞ്ഞ് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ രംഗത്ത്. തെങ്ങ് കയറുന്നവരുടെ ശരീരത്തിലുണ്ടാകുന്ന തഴമ്പ് സൗന്ദര്യശാസ്ത്ര പ്രകാരം പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ലെന്നും ഇതാണ് തെങ്ങ് കയറാനും കള്ള് ചെത്താനും ആളെ കിട്ടാത്തതിന് കാരണമെന്നും ഇ പി അഭിപ്രായപ്പെട്ടു.

തെങ്ങുകയറുന്നവരുടെ കയ്യിലെയും കാലിലെയും തഴമ്പ് സൗന്ദര്യ ശാസ്ത്ര പ്രകാരം പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് തെങ്ങില്‍ കയറാന്‍ ആളെ കിട്ടാത്തതെന്നും കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ ഇ പി ജയരാജൻ വിശദീകരിച്ചു.

 കെ പി സി സി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിലെ മൈക്ക് തകരാറിലായ വിഷയത്തില്‍ നടന്ന പൊലീസ് നടപടികളെയും ഇന്ന് ഇ പി ജയരാജൻ ന്യായീകരിച്ചു. മൈക്ക് തകരാറായത് അന്വേഷിക്കണ്ടേ, അതിൽ എന്താണ് തെറ്റെന്നായിരുന്നു എൽ ഡി എഫ് കണ്‍വീനർ ചോദിച്ചത്. മൈക്ക് വിഷയത്തിൽ വികൃതമായുള്ള പ്രചരണമാണ് നടക്കുന്നത്. വി ഐ പി സെക്യൂരിറ്റി ചട്ടപ്രകാരം ഉള്ള നടപടി മാത്രമാണ് പൊലീസ് ചെയ്തത്. ആരെയും പ്രതി ആക്കിയില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

ഉമ്മൻചാണ്ടി അനുസ്മരണത്തിലെ കെ സുധാകരന്‍റെ പരാമർശത്തിനെതിരേയും ഇ പി ജയരാജൻ വിമർശനം ഉന്നയിച്ചു. സുധാകരൻ ഉള്ളപ്പോൾ എങ്ങനെയാണ് സമാധാനത്തോടെ നടക്കുക. ഇങ്ങനെ ഉള്ളപ്പോൾ ഞങ്ങളുടെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളും. കോൺഗ്രസ് സ്വയം സൂക്ഷിച്ചാൽ അവർക്ക് നല്ലത്. ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ കോൺഗ്രസ് എന്താണ് കാട്ടിക്കൂട്ടിയത്.

കെ പി സി സി പ്രസിഡൻ്റ് എഴുതി വായിച്ചത് എന്താണ്. ആ രീതിയിൽ മറുപടി പറയാൻ ആർക്കും അറിയാഞ്ഞിട്ടല്ല. മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങുമ്പോൾ പോലും മുദ്രാവാക്യം വിളിച്ച് ബഹളം ഉണ്ടാക്കി. ഉമ്മൻചാണ്ടിയെ കളങ്കപ്പെടുത്താൻ കോൺഗ്രസ് തന്നെ ശ്രമിക്കുകയാണ്.

വി ഐ പി പ്രസംഗിക്കുമ്പോൾ അതിനുള്ള ചട്ടങ്ങൾ, നിയമങ്ങൾ ഒക്കെ ഉണ്ട്. നിസാര സംഭവം ഉണ്ടെങ്കിൽ പോലും അന്വേഷിച്ച് റിപ്പോർട്ട് നൽകണം എന്നാണ് നിയമം .പ്രശ്നമുണ്ടാക്കിയപ്പോഴും മുഖ്യമന്ത്രി പക്വതയോടെ പ്രസംഗിച്ചു. ഉന്നത നിലവാരം ഉള്ള പ്രസംഗമായിരുന്നു മുഖ്യമന്ത്രിയുടേതെന്നും ഇ പി അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button