തൃശൂർ: എഐ ക്യാമറാ പദ്ധതിയിലെ തട്ടിപ്പുകൾ മനസിലാക്കി ആദ്യം തന്നെ പിന്മാറിയ ലൈറ്റ് മാസ്റ്റർ ലൈറ്റിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ ജെയിംസ് പാലമുറ്റം അടക്കമുള്ളവർ ഭീഷണി നേരിടുന്നതായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.
ജെയിംസ് പാലമുറ്റം തന്നെ വന്നു കണ്ടിരുന്നു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മാഫിയ സംഘം പല വ്യവസായികളെയും ഭീഷണിപ്പെടുത്തുകയാണ്. ഇക്കാര്യങ്ങൾ മനസിലാക്കി ദേശീയ ഏജൻസികൾ ഇടപെടണമെന്നും ശോഭ തൃശൂരിൽ പറഞ്ഞു.
എ ഐ ക്യാമറയിൽ വലിയ ഗൂഡാലോചന നടത്തി. പിണറായിയുടെ വീട്ടിലേക്ക് കോടികൾ കൊണ്ടുപോകാനുള്ള ശ്രമമാണ് നടന്നത്. രാജ്യത്തോടുള്ള ഉത്തരവാദിത്തം ഇഡി ഉൾപ്പടെയുള്ളവർ നിറവേറ്റണം.
ജനങ്ങൾക്ക് വേണ്ടി ദേശീയ ഏജൻസി പ്രവർത്തിക്കണം. വീണയ്ക്കും വിവേകിനും വിവേകിന്റെ അമ്മായപ്പനും പിണറായിയുടെ ഭാര്യക്കും മാത്രം കേരളത്തിൽ ജീവിച്ചാൽ പോരാ എന്നും ശോഭ സുരേന്ദ്രൻ രൂക്ഷഭാഷയിൽ വിമർശിച്ചു.
എന്നെ ഊര് വിലക്കാൻ നട്ടല്ലുള്ള ഒരു രാഷ്ട്രീയക്കാരനും കേരളത്തിലില്ല. ഒരു ഗതിയില്ലാതെ ജീവിതം തുടങ്ങി ഇവിടെ വരെയെത്തിയെങ്കിൽ ഒരു ഊരുവിലക്കും ബാധിക്കില്ല. എനിക്കെതിരെ പരാതി കൊടുക്കാൻ ഫ്ലൈറ്റ് ടിക്കറ്റെടുത്ത് പോകേണ്ട കാര്യമുണ്ടോ സുരേന്ദ്രന്? മെയിലയച്ചാൽ പോരേ? ബിജെപി പ്രവർത്തനം സുതാര്യമാകണം എന്ന മോദിയുടെ ആശിർവാദത്തോടെയാണ് പോകുന്നത്. ശോഭ സുരേന്ദ്രൻ മാധ്യങ്ങളോട് പ്രതികരിച്ചു.